ശരീരത്തിലെ ഒരവയവത്തില്‍നിന്ന് ത്വക്കിന്റെ പുറത്തേക്കോ, ആന്തരാവയവങ്ങള്‍ തമ്മിലോ, വ്രണം നിമിത്തമോ, മറ്റു കാരണങ്ങളാലോ ഉണ്ടാകുന്ന അസാധാരണമായ ദ്വാരത്തെയാണ് 'ഫിസ്റ്റുല' എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. ഇത് പലതരത്തില്‍ ഉണ്ടാകാം. ശരീരത്തില്‍ ഏതുഭാഗത്തും ഇതു സംഭവിക്കാം. ഇതില്‍ സാധാരണമായത് കഴുത്തിന് മുന്നിലെ തൈറോയ്ഡ് ഗ്രന്ഥിയില്‍നിന്ന് കഴുത്തിന്റെ മുന്‍ഭാഗത്തേക്കോ പാര്‍ശ്വഭാഗത്തേക്കോ ഉണ്ടാകുന്ന ത്വക്കിലെ ദ്വാരമാണ്.
പലപ്പോഴും ഫിസ്റ്റുല, ചില രോഗങ്ങള്‍ നിമിത്തമായും മുറിവോ ക്ഷതമോ മൂലമായും സംഭവിക്കാം. ഉദാഹരണത്തിന്, ഗര്‍ഭാശയവും മൂത്രാശയവുമായോ കുടലും മൂത്രാശയവും തമ്മിലോ ഫിസ്റ്റുല വഴി ബന്ധമുണ്ടാകാം. ശസ്ത്രക്രിയയിലെ നടപടിക്രമങ്ങളുടെ പിഴവുമൂലവും ഇങ്ങനെ സംഭവിക്കാം. വന്‍കുടലില്‍നിന്ന് മലം ഇത്തരം മാര്‍ഗത്തിലൂടെ മൂത്രാശയത്തിലെത്തി മൂത്രവുമായി കലര്‍ന്ന് മലഗന്ധത്തോടെയും നിറവ്യത്യാസത്തിലും മൂത്രം പുറത്തുവരാം. മൂത്രം, ഗര്‍ഭാശയത്തിലെത്തി യോനിയിലൂടെ പുറത്തുവരാം. ആമാശയത്തിന്റെയോ കുടലുകളുടെയോ ഭിത്തികളുടെ ദൗര്‍ബല്യം നിമിത്തം സഞ്ചിപോലെ തൂങ്ങിക്കിടന്ന് അണുബാധ ഉണ്ടായി വ്രണം രൂപപ്പെടുകയും അത് അടുത്ത് സ്ഥിതിചെയ്യുന്ന ഗര്‍ഭാശയം, മൂത്രാശയം തുടങ്ങിയ മറ്റവയവങ്ങളുമായി ദ്വാരരൂപേണ പരസ്പരം ബന്ധപ്പെടുന്ന അവസ്ഥയും ഉണ്ടാകും.
വളരെ സാധാരണയായി കാണപ്പെടുന്ന മറ്റൊരുതരം ഫിസ്റ്റുലയാണ് 'ഫിസ്റ്റുല ഓഫ് ഏനസ്'. ഗുദഭാഗത്തിന്റെ ഭിത്തിയിലെ ക്ഷതംനിമിത്തമോ പേശീദൗര്‍ബല്യത്താലോ വ്രണം മൂലമോ പേശി തുളച്ച് മലദ്വാരത്തിന് സമീപത്തായി പുറത്തേക്ക് ദ്വാരം ഉണ്ടാകുന്നു. ഈ ദ്വാരത്തിലൂടെ പുറത്തേക്ക് മലസ്രവണം സംഭവിക്കാം. ചിലപ്പോള്‍ ക്ഷയരോഗാണുബാധ നിമിത്തവും ഇങ്ങനെ സംഭവിക്കാം. ഏറെ വ്യാപകമായി കാണപ്പെടുന്ന ഫിസ്റ്റുല ഗുദഭാഗത്തുണ്ടാകുന്നതാണ്. 'ഭഗന്ദരം' എന്ന് ആയുര്‍വേദത്തില്‍ വിവരിക്കുന്ന ഈ രോഗത്തിന് 'ഭഗസ്ഥാനത്തെ പിളര്‍ക്കുന്നത്' എന്ന അര്‍ഥത്തിലാണ് ഈ പേര് നല്‍കിയിട്ടുള്ളത്. മലദ്വാരത്തിന്റെ പരിസരത്ത് വേദനയും കുത്തിനോവോടും കൂടി കുരു ഉണ്ടായി പഴുത്ത് പൊട്ടുന്നു.
നല്ല ചൊറിച്ചിലും പുകച്ചിലും ഉണ്ടായിരിക്കും. ക്രമേണ ഉണങ്ങിയതായി തോന്നുമെങ്കിലും ഉള്ളിലേക്ക് പഴുപ്പ് ബാധിച്ച് ഒരു ട്യൂബ് രൂപത്തിലായി മലാശയവുമായി ബന്ധം ഉണ്ടാകുന്നു. ഇടയ്ക്കിടെ മലദ്വാരപരിസരത്തുള്ള കുരു വീര്‍ത്ത് പഴുപ്പുണ്ടാകുകയും ചെയ്യുന്നു. യഥാസമയം വിദഗ്ധ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ രോഗം മൂര്‍ച്ഛിച്ച് ഈ വ്രണദ്വാരത്തിലൂടെ മലസ്രവണം ഉണ്ടാകാം. സൈക്കിള്‍, ഓട്ടോറിക്ഷ, മോട്ടോര്‍ സൈക്കിള്‍ തുടങ്ങിയവയില്‍ സ്ഥിരമായി ഇരുന്ന് യാത്രചെയ്യുന്നതും ദുര്‍ഘടവഴിയിലൂടെയുള്ള തുടര്‍ച്ചയായ വാഹനയാത്രകളും നിമിത്തം മലദ്വാരത്തിന് ചുറ്റുമുള്ള പേശികള്‍ക്ക് ബലക്ഷയവും ക്ഷതവും ഉണ്ടാകാം. കൂടാതെ വീഴ്ചയിലൂടെയും അപകടങ്ങള്‍ നിമിത്തവും ഗുദഭാഗത്തേല്‍ക്കുന്ന ക്ഷതങ്ങളും ഭഗന്ദരത്തിന് കാരണമാകാം.
കവിളിലും വായിലും സ്ഥിതിചെയ്യുന്ന ഉമിനീര്‍ഗ്രന്ഥികള്‍ അവയുടെ സ്രവം ഒരു കുഴലിലൂടെ പുറത്തേക്ക് സ്രവിപ്പിക്കുന്നു. ഈ ബഹിര്‍ഗമനദ്വാരങ്ങള്‍ എന്തെങ്കിലും കാരണങ്ങളാല്‍ അടഞ്ഞുപോയാല്‍, ഉമിനീരിന് വായിലേക്ക് സ്രവിക്കാനാകാതെ പകരം കവിളിലേക്കോ താടിയെല്ലിന്റെ താഴെഭാഗത്തേക്കോ ദ്വാരമുണ്ടായി ത്വക്കിലൂടെ പുറത്തുവരാം. ഇതും ഒരുതരം ഫിസ്റ്റുലയാണ്. മൂര്‍ച്ചയുള്ള വസ്തുക്കള്‍കൊണ്ട് പരിക്കുണ്ടായാല്‍ ധമനികളും സിരകളും തമ്മില്‍ ബന്ധിക്കാനുള്ള സാഹചര്യം ഉണ്ടായേക്കാം. ധമനികളില്‍ ശുദ്ധരക്തവും സിരകളില്‍ അശുദ്ധരക്തവുമാണുള്ളത്. ഇവതമ്മില്‍ യോജിക്കാനിടവന്നാല്‍ കൂടുതല്‍ മര്‍ദശക്തിയുള്ള ധമനീരക്തം സിരകളിലേക്കൊഴുകും, സിരകള്‍ അസാധാരണമായി വികസിക്കുകയും ചെയ്യും. ഇതിനെ 'ആര്‍ട്ടീരിയോ വീനസ് ഫിസ്റ്റുല' എന്നു പറയുന്നു.
മലദ്വാരത്തിനടുത്തുണ്ടാകുന്ന ഫിസ്റ്റുലയില്‍ വ്രണത്തിന്റെ ആഴത്തിനനുസരിച്ച് 'ലോ ഏനല്‍' എന്നും 'ഹൈ ഏനല്‍' എന്നും രണ്ടുതരമുണ്ട്. ഫിസ്റ്റുലക്ടമി എന്ന ശസ്ത്രക്രിയയാണ് അലോപ്പതിയില്‍ നിര്‍ദേശിച്ചിരിക്കുന്നത്. മലാശയത്തിന് താഴെയുണ്ടാകുന്ന പഴുപ്പുകള്‍ക്ക് മാത്രമേ സാധാരണയായി ഫിസ്റ്റുലക്ടമി ചെയ്യാന്‍ കഴിയൂ. മുകള്‍ഭാഗത്തുണ്ടാകുന്ന പഴുപ്പിന് പല ഘട്ടങ്ങളിലായി ഓപ്പറേഷന്‍ നടത്തേണ്ടിവരും. പൂര്‍ണശമനം ഉറപ്പില്ലതാനും.
ആയുര്‍വേദത്തില്‍ ഭഗന്ദരത്തിന് ഏറ്റവും ഫലപ്രദമായ ചികിത്സയായി വിധിച്ചിട്ടുള്ളതാണ് 'ക്ഷാരസൂത്ര'പ്രയോഗം. പ്രത്യേകരീതിയില്‍ തയ്യാര്‍ ചെയ്യുന്ന നൂലാണ് (ക്ഷാരസൂത്രം) ഇതിലുപയോഗപ്പെടുത്തുന്നത്. വളരെ എളുപ്പം ചെയ്യാവുന്ന ഒരു ചികിത്സാരീതി എന്നനിലയിലും താരതമ്യേന വേദന കുറവായിരിക്കും എന്നതിനാലും വളരെ കുറവായേ രക്തനഷ്ടം സംഭവിക്കുന്നുള്ളൂ എന്നതുകൊണ്ടും ക്ഷാരസൂത്രപ്രയോഗം പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
ക്ഷാരസൂത്രം ചെയ്തുകഴിഞ്ഞാല്‍ പെട്ടെന്നുതന്നെ വ്രണം ഉണങ്ങുന്നു. വ്രണം ഉണങ്ങിക്കഴിഞ്ഞാല്‍ കനംകുറഞ്ഞ മുറിപ്പാടേ ഉണ്ടാകുന്നുള്ളൂ. രോഗം വീണ്ടും ഉണ്ടാവുകയുമില്ല. ഫിസ്റ്റുലക്ടമി ചെയ്ത് വീണ്ടും രോഗം വന്നവര്‍ക്കും വളരെ പഴക്കംചെന്ന ഭഗന്ദരം ഉള്ളവര്‍ക്കും ക്ഷാരസൂത്രത്തിന് വിധേയനാകാം. പ്രാരംഭഘട്ടത്തിലാണെങ്കില്‍ കൂടുതല്‍ വ്യാപിക്കാതെതന്നെ പൂര്‍ണശമനം വരുത്താം. വിരുദ്ധാഹാരങ്ങളും ഫാസ്റ്റ് ഫുഡും എരിവും മസാലയും കൂടുതലുള്ളതും അതിശീതങ്ങളുമായ ഭക്ഷ്യവസ്തുക്കളും വര്‍ജിക്കുകയും പച്ചക്കറികള്‍ ധാരാളമായുപയോഗപ്പെടുത്തുകയും വേണം
No comments:
Post a Comment