കൂടുതല്‍ സുന്ദരികളാകാന്‍
നിങ്ങളെ കൂടുതല്‍ സുന്ദരികളാക്കാന്‍ ആയുര്‍വേദം നിര്‍ദ്ദേശിക്കുന്ന വഴികള്‍...
നിത്യവുമുള്ള എണ്ണതേപ്പ് തൊലിയില്‍ ചുളിവുകള്‍ ഉണ്ടാവാതിരിക്കാന്‍ സഹായിക്കും. എണ്ണ തേച്ചുള്ള വ്യായാമം ചര്‍മത്തിന് മാര്‍ദവവും തിളക്കവും രോമകൂപങ്ങള്‍ക്ക് വികാസവും ഉണ്ടാക്കും. ശരിയായ ആഹാരം, ഉറക്കം, വ്യായാമം, ശുചിത്വം ഇവയും ചര്‍മസൗന്ദര്യത്തിന് അത്യാവശ്യമാണ്.
ഏലാദി തൈലം, ബലാശ്വഗന്ധാദിതൈലം, ധാന്വന്തരം കുഴമ്പ്, സഹചരാദി കുഴമ്പ്, സഹചരാദി തൈലം (വലുത്) മുതലായവ ശരീരത്തില്‍ തേക്കാന്‍ ഉപയോഗിക്കാം. നീലിഭൃംഗാദി തൈലം, നീലിഭൃംഗാദി കേരതൈലം, ചെമ്പരത്യാദി കേരം, പാമാന്തകതൈലം, കയ്യന്യാദി തൈലം, കയ്യന്യാദി കേരതൈലം, കുന്തളകാന്തി മുതലായ എണ്ണകള്‍ മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. കുളിക്കുമ്പോള്‍ ദേഹം കഴുകുന്നതിന് ചൂടുവെള്ളമാണ് നല്ലത്. ഇത് ത്വക്കിലേക്കുള്ള രക്തസഞ്ചാരം കൂട്ടും. തലകഴുകാന്‍ ചൂടുവെള്ളം ഉപയോഗിക്കുന്നത് നല്ലതല്ല. കണ്ണുകള്‍ക്കും തലമുടിക്കും ദോഷമുണ്ടാകാം. കുളിക്കുമ്പോള്‍ മെഴുക്കിളക്കാന്‍ ചെറുപയറ് പൊടി, നെല്ലിക്കാപ്പൊടി മുതലായവ ഉപയോഗിക്കാം. തലയില്‍ സോപ്പ്, ഷാംപൂ ഇവയുടെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്.
സൗന്ദര്യസംരക്ഷണത്തില്‍ മുഖസൗന്ദര്യത്തിന് കൂടുതല്‍ പ്രാധാന്യമുണ്ട്. മഞ്ഞള്‍ മുഖസൗന്ദര്യം കൂട്ടുന്നതിനുള്ള ഒരൗഷധമാണ്. പച്ചമഞ്ഞള്‍ നേര്‍മയായി അരച്ച് മുഖത്ത് ലേപനം ചെയ്യുന്നത് മുഖകാന്തി കൂട്ടുന്നതിനും മുഖക്കുരു കുറയ്ക്കുന്നതിനും നല്ലതാണ്. അമൃത്, കറുക, മഞ്ഞള്‍, എള്ള്, കടുക്കത്തോട് ഇവ സമം പാലില്‍ വേവിച്ച് വറ്റിച്ചരച്ച് മുഖത്ത് ലേപനം ചെയ്താലും മുഖക്കുരു ഇല്ലാതാവും. മുഖത്തിന്റെ നിറവും കാന്തിയും വര്‍ധിക്കും. മഞ്ഞള്‍ അരച്ച് അല്പം ഉപ്പും ചേര്‍ത്ത് മുഖത്ത് പുരട്ടിയാല്‍ മുഖത്തെ അനാവശ്യരോമങ്ങള്‍ ഇല്ലാതാവും. ഇത് കുറേനാള്‍ തുടര്‍ച്ചയായി ഉപയോഗിക്കണം. ഏലാദിചൂര്‍ണം, നിംബാഹരിദ്രാദി ചൂര്‍ണം ഇവ പാലില്‍ ചേര്‍ത്ത് ലേപനം ചെയ്യുന്നത് മുഖത്തിന്റെ നിറം കൂട്ടും. നാല്പാമരാദിതൈലം, കുങ്കുമാദി തൈലം ഇവയും മുഖത്തിന്റെ കാന്തികൂട്ടാന്‍ ഉപയോഗിക്കാവുന്നതാണ്. നീര്‍മാതളത്തൊലി പാലിലരച്ച് മുഖത്ത് ലേപനം ചെയ്യുന്നത് കരിമുഖം ഇല്ലാതാക്കും. കുങ്കുമാദി തൈലം മുഖകാന്തി വര്‍ധിപ്പിക്കുന്ന മറ്റൊരു ഔഷധമാണ്.
വായ്‌നാറ്റവും ഒരു സൗന്ദര്യപ്രശ്‌നമാണ്. ദഹനപരമായ തകരാറുകള്‍ കൊണ്ടും വായില്‍ കൂടി ശ്വസിക്കുന്നതുകൊണ്ടും വായ്‌നാറ്റമുണ്ടാവും. ദന്തസംരക്ഷണത്തിനായി ദശനകാന്തി, ഹഠാദി മുതലായ ചൂര്‍ണങ്ങള്‍ പല്ലുതേക്കുന്നതിനും വലിയ അരിമേദസ്‌തൈലം കവിള്‍കൊള്ളുന്നതിനും (വായില്‍ നിറച്ച് പിടിച്ച് തുപ്പുക) പല്ലുകളിലും മോണകളിലും തേക്കുന്നതിനും ഉപയോഗിക്കാം.കണ്‍പുരികങ്ങളില്‍ ആവണക്കെണ്ണ പുരട്ടുന്നത് പുരികങ്ങളുടെ ഭംഗി വര്‍ധിപ്പിക്കും. കൂടുതല്‍ ഉറക്കമൊഴിക്കുക, തുടര്‍ച്ചയായി വായിക്കുക, തുന്നുക, കംപ്യൂട്ടര്‍ ഉപയോഗിക്കുക മുതലായവ കണ്ണുകള്‍ക്ക് താഴെ കറുത്ത പാടുകള്‍ ഉണ്ടാകുന്നതിന് കാരണമാകും. നേത്രാമൃതം, ഇളനീര്‍കുഴമ്പ്, കര്‍പ്പൂരാദി കുഴമ്പ്, കാചയാപനം, നയനാമൃതം മുതലായ മരുന്നുകള്‍ നേത്രഭംഗി കൂട്ടുന്നതിനും കാഴ്ച വര്‍ധിപ്പിക്കുന്നതിനും നല്ലതാണ്.
പ്രസവാനന്തരം ശരീരം പൂര്‍വസ്ഥിതിയിലെത്താന്‍ പ്രത്യേക പരിചരണം വേണം - ഗര്‍ഭരക്ഷാകഷായം, മഹാധാന്വന്തരം, സാസിമാദിഘൃതം, ഫലസര്‍പ്പിസ്, ക്ഷീരബല, ധാന്വന്തരംകുഴമ്പ്, കര്‍പ്പൂരാദിതൈലം മുതലായ മരുന്നുകള്‍ ഗര്‍ഭകാലത്തും ധാന്വന്തരം കഷായം, മഹാധാന്വന്തരം ഗുളിക, പുളിലേഹം, ദശമൂലാരിഷ്ടം, ജീരകാദ്യാരിഷ്ടം, അജാശ്വഗന്ധാദിലേഹം, വിദാര്യാദിലേഹം, ധാന്വന്തരം കുഴമ്പ് മുതലായ മരുന്നുകള്‍ പ്രസവശേഷവും വിദഗ്‌ധോപദേശത്തോടെ ഉപയോഗിക്കാം. പ്രസവശേഷം അടിവയറ്റില്‍ തുണി മടക്കിക്കെട്ടി മലര്‍ന്നു കിടക്കണം. ചെറിയ ഉള്ളി, ജീരകം, ഇഞ്ചി, നെയ്യ് ഇവ ഉള്‍പ്പെടുത്തി ദഹനക്കേടു വരാത്തവിധത്തില്‍ ആഹാരം ശീലിക്കണം. മുലപ്പാലു കുറവുണ്ടെങ്കില്‍ സ്തന്യജനനരസായനം കുടിക്കാം. ആഹാരത്തില്‍ മുരിങ്ങയില, പാല്‍, ഉള്ളി ഇവ ഉള്‍പ്പെടുത്താം. പ്രസവശേഷം മാംസം, മത്സ്യം, നെയ്യ്, എണ്ണ ഇവ കുറച്ച് ആഹാരത്തില്‍ പച്ചക്കറികളും പഴങ്ങളും കൂടുതലായി ഉള്‍പ്പെടുത്തണം.
ഡോ.പി.നിര്‍മലാദേവി (കോട്ടക്കല്‍ ആര്യവൈദ്യശാല)
ചര്‍മം ചെറുപ്പമായിരിക്കും എന്നെന്നും...സ്ത്രീ സൗന്ദര്യത്തിന് ആയുര്‍വേദം നിര്‍ദ്ദേശിക്കുന്ന വഴികള്‍. കോട്ടക്കല്‍ പി.എസ്.വാര്യര്‍ ആയുര്‍വേദ കോളേജിലെ പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. എം.പി. ഈശ്വര ശര്‍മ എഴുതുന്നു
മുഖം മനസ്സിന്റെ കണ്ണാടിയാണെന്ന് പറയാറില്ലേ? മനസ്സിലെ വിഷമങ്ങളും സന്തോഷങ്ങളും മുഖത്ത് തെളിയുമെന്ന് സാരം.നല്ല ആരോഗ്യമുള്ള ശരീരവും മനസ്സുമുണ്ടെങ്കില്‍ ചര്‍മത്തിലും ആ ദീപ്തി തെളിയും. മനസ്സ്, ആഹാരം, പ്രവൃത്തി ഇവ മൂന്നും ശുദ്ധീകരിച്ചാല്‍ ചര്‍മത്തില്‍ അതൊക്കെ അപ്പാടെ തെളിയുമെന്ന് ആയുര്‍വേദം.
മധുരം, പുളി, എരിവ് എന്നിവ മിതമായി കഴിക്കാന്‍ ശ്രദ്ധിക്കണം. എരിവ് അധികം കഴിക്കുന്നത് ദേഹം കറുക്കുന്നതിനും മലബന്ധത്തിനും ത്വക്ക് വരണ്ടുണങ്ങുന്നതിനും കാരണമാകും. കഴുത്ത്, മുഖം, കൈവിരലുകള്‍ എന്നിവിടങ്ങളില്‍ കറുത്തനിറമുണ്ടാകാന്‍ കൊഴുപ്പ് കാരണമാകും. അതിനാല്‍ എണ്ണയില്‍ വറുത്ത ആഹാരം, കൊഴുപ്പുള്ള ഭക്ഷണം എന്നിവ ഒഴിവാക്കണം. മോര് ഉപയോഗിക്കാം. തൈര് ഉപേക്ഷിക്കണം. ശരീരഭാരം കുറയ്ക്കാനായി ഭക്ഷണം ക്രമാതീതമായി കുറച്ചാലും ചര്‍മത്തിനാണ് പ്രശ്‌നം. ചര്‍മം ചുളിയും. ഭക്ഷണം കൂടിയാല്‍ ചര്‍മം തൂങ്ങിപ്പോകും. ഇലക്കറികള്‍, പാല്‍, പഴവര്‍ഗങ്ങള്‍, പഴച്ചാറുകള്‍ എന്നിവ കഴിക്കുന്നത് രക്തവര്‍ധനവിന് മാത്രമല്ല ചര്‍മം മിനുസമുള്ളതാകാനും സഹായിക്കും. വരണ്ട ചര്‍മമുള്ളവര്‍ പാല്‍, വെണ്ണ, നെയ്യ് എന്നിവ മിതമായ അളവില്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. കുടിക്കുന്നതിനും കുളിക്കുന്നതിനുമുള്ള വെള്ളം നല്ലതല്ലെങ്കില്‍ ചര്‍മം ചൊറിഞ്ഞു പൊട്ടാന്‍ കാരണമാകും. ഉറക്കക്കുറവ്, അമിതമായ ഉത്കണ്ഠ എന്നിവയൊക്കെ മുഖചര്‍മം വരണ്ടതാക്കും.
വെളിച്ചെണ്ണയുടെ ഗുണംനല്ല ഉറക്കം, ആഹാരം, ചിന്തകള്‍ എന്നിവയൊക്കെ ചര്‍മസൗന്ദര്യം നിലനിര്‍ത്താന്‍ സഹായിക്കും. അതിനാല്‍ എണ്ണതേച്ചുകുളി ഇതിനെല്ലാം നല്ലതാണ്.
ദിവസവും എണ്ണ തേച്ചുകുളിച്ചാല്‍ ജര ഉണ്ടാകില്ല. ക്ഷീണം, വാതം എന്നീ രോഗങ്ങളെ അകറ്റുകയും ചെയ്യും. കണ്ണിന് നല്ല കാഴ്ചശക്തി ഉണ്ടാകും. ശരീരത്തിന് പുഷ്ടിയും ഉറക്കവും ആയുസ്സും ഉണ്ടാകും.
വെളിച്ചെണ്ണ, തേങ്ങാപ്പാല്‍, വെന്ത വെളിച്ചെണ്ണ എന്നിവ തേച്ചുകുളിക്കാന്‍ ഉപയോഗിക്കാം. തേങ്ങാപ്പാല്‍ പിഴിഞ്ഞിട്ട് അതില്‍ പച്ചമഞ്ഞള്‍ ചതച്ചതിന്റെ നീര് ചേര്‍ത്ത് ദേഹത്തും മുഖത്തും പുരട്ടുന്നത് നിറം കിട്ടാന്‍ സഹായിക്കും. വെളിച്ചെണ്ണയില്‍ പച്ചമഞ്ഞളും പച്ചോറ്റിയുടെ തൊലിയും ചേര്‍ത്ത് കാച്ചിയത് ദേഹത്ത് പുരട്ടാന്‍ നല്ലതാണ്.
നിറം കൂടുതല്‍ കിട്ടാന്‍ വെളിച്ചെണ്ണയില്‍ താന്നിക്ക ചേര്‍ത്ത് മൂപ്പിച്ചു ദേഹത്ത് പുരട്ടാം. ഏലാദി വെളിച്ചെണ്ണ, ദിനേശവല്യാദി വെളിച്ചെണ്ണ എന്നിവയും ശരീരത്തിന് നിറം നല്‍കാന്‍ സഹായകമാണ്.
ഇവ ശരീരത്തിലും മുഖത്തും പുരട്ടി അര മണിക്കൂറിനുശേഷം കടലമാവ്, ചെറുപയര്‍പൊടി, ചെമ്പരത്തിത്താളി എന്നിവ ഉപയോഗിച്ചു കഴുകിക്കളയാം. എണ്ണയ്ക്കു പുറമേ ലേപനങ്ങളും ചര്‍മത്തിന്റെ നിറം വര്‍ധിപ്പിക്കാന്‍ സഹായിക്കും.
* തേങ്ങാപ്പാലിലോ പാലിലോ പച്ചമഞ്ഞള്‍ അരച്ചു മുഖത്തിടുക.* ആര്യവേപ്പിന്റെ തളിരിലയും പച്ചമഞ്ഞളും ചേര്‍ത്ത് അരച്ചത് മുഖത്ത് പുരട്ടാം.* ചെമ്പരത്തിയുടെ ഇലയും പാടത്താളിയുടെ ഇലയും അരച്ചു മുഖത്തിടുന്നത് മുഖത്തെ അഴുക്ക് നീക്കം ചെയ്യും.* ഇളനീരില്‍ പച്ചമഞ്ഞള്‍ അരച്ചു മുഖത്ത് പുരട്ടാം.* താന്നിക്ക, മരമഞ്ഞള്‍ത്തൊലി, മുരിങ്ങത്തൊലി, ചന്ദനത്തിന്റെ തൊലി എന്നിവ അരച്ചു മുഖത്തിടാം.* കഴുത്തിലെ കറുപ്പ് നീക്കാന്‍ കക്കിരിയും നാരങ്ങാനീരും ചേര്‍ത്തു അരച്ചിടുക.
ഇവയ്ക്കു പുറമേ വിപണിയില്‍ ലഭിക്കുന്ന ആയുര്‍വേദ ലേപനങ്ങളും ചര്‍മസൗന്ദര്യം ഉറപ്പുതരുന്നു. കുങ്കുമാദി തൈലം, കുങ്കുമാദി ലേപം എന്നിവ മുഖത്ത് പുരട്ടി അരമണിക്കൂറിനുശേഷം കഴുകിക്കളയാം. കൂടുതല്‍ കറുത്തവര്‍ തൈലം ഉപയോഗിക്കുന്നതാണ് നല്ലത്.
ഭംഗിയുള്ള ചുണ്ടുകള്‍
ചുണ്ടിന്റെ നിറം വര്‍ധിപ്പിക്കാന്‍ പൂവരശ്ശിന്റെ തളിരിലയും കുങ്കുമപ്പൂവും അരച്ചിടുക. എരുമപ്പാലില്‍നിന്ന് തയ്യാറാക്കുന്ന വെണ്ണയില്‍ വേണം ഈ കൂട്ട് തയ്യാറാക്കാന്‍. മുഖത്തെ രോമവളര്‍ച്ചയാണ് പലരെയും സങ്കടത്തിലാക്കുന്ന മറ്റൊരു പ്രശ്‌നം. ടീനേജുകാരികളില്‍ മാത്രമല്ല ആര്‍ത്തവം നിലച്ച സ്ത്രീകളിലും ഈ പ്രശ്‌നമുണ്ടാകാം. പേരയിലയും പച്ചമഞ്ഞളും അരച്ച് മുഖത്തിടുന്നത് രോമം കൊഴിഞ്ഞു പോകാന്‍ സഹായിക്കും. ആര്യവേപ്പിന്റെ തളിരിലയും പച്ചമഞ്ഞളും ചേര്‍ത്ത് അരച്ചിടുന്നതും ഗുണം ചെയ്യും. പാലിലോ പാല്‍പ്പാടയിലോ കസ്തൂരിമഞ്ഞള്‍ കുഴച്ചുപുരട്ടുന്നത് രോമം കൊഴിഞ്ഞു പോകുന്നതിന് സഹായിക്കും.
ഹോര്‍മോണിന്റെ വ്യതിയാനം കൊണ്ടുള്ള രോമവളര്‍ച്ചയാണെങ്കില്‍ മരുന്ന് കഴിക്കേണ്ടത് ആവശ്യമാണ്.
മുഖക്കുരു തടയാംകൗമാരക്കാരിലാണ് മുഖക്കുരുവിന്റെ പ്രശ്‌നം കൂടുതല്‍. മാനസിക സംഘര്‍ഷവും മുഖക്കുരു കൂട്ടും. ആര്‍ത്തവസമയത്തും മുഖക്കുരു വര്‍ധിക്കും. കൊഴുപ്പ് കൂടുതല്‍ അടിഞ്ഞ് കറുത്ത കുരുക്കള്‍ പോലെയും വരും.
കൊഴുപ്പ് കൂടിയ ആഹാരം മുഖക്കുരുവിന് വഴിയിടും. അതിനാല്‍ ആഹാരത്തിലും ശ്രദ്ധ വേണം. ഏലാദിചൂര്‍ണം മോരില്‍ കുഴച്ചുതേച്ച് അര മണിക്കൂറിനുശേഷം കഴുകിക്കളയാം. ദിവസവും ഏലാദി വെളിച്ചെണ്ണ തേച്ചുകുളിക്കുന്നതും നന്ന്. കരിന്തുളസിയും പച്ചമഞ്ഞളും ആര്യവേപ്പിന്റെ ഇലയും മോരില്‍ അരച്ചുതേക്കുന്നതും ഗുണം ചെയ്യും.
മുഖക്കുരു വന്ന പാട് നീക്കം ചെയ്യാനും മഞ്ഞളും ആര്യവേപ്പിലയും ചേര്‍ത്ത് അരച്ചിടുന്നത് നല്ലതാണ്.
മഴക്കാലത്തും വിയര്‍പ്പ് പ്രശ്‌നമാകുന്നവരുണ്ട്. രണ്ടുനേരവും എണ്ണ തേച്ചുകുളി ഇക്കൂട്ടര്‍ക്ക് നിര്‍ബന്ധമാണ്. കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കണം, അടിവസ്ത്രങ്ങള്‍, സോക്‌സ് എന്നിവ എന്നും മാറ്റണം.
* ഏലാദിചൂര്‍ണം മോരില്‍ കലക്കി ദേഹത്ത് പുരട്ടുന്നത് വിയര്‍പ്പ് കുറയ്ക്കും.* രാമച്ചം, ചന്ദനം എന്നിവ ചേര്‍ത്തരച്ചു ദേഹത്തു പുരട്ടുന്നതും നല്ലതാണ്.* രാമച്ചമിട്ട് തിളപ്പിച്ചതോ രാമച്ചമിട്ട് വെച്ചതോ ആയ വെള്ളത്തില്‍ കുളിക്കുന്നത് ചര്‍മത്തിന് യുവത്വവും കുളിര്‍മയും നല്‍കും. ശരീരത്തിന് സുഗന്ധം കിട്ടാനും ഇതു നല്ലതാണ്.* നിംബാദി ചൂര്‍ണം മോരില്‍ ചാലിച്ച് ദേഹത്ത് പുരട്ടുന്നതും നല്ലതാണ്.* അസഹനീയമായ വിയര്‍പ്പുള്ളവര്‍ ഖദിരാദിഷ്ടം, ഉശിരാസവം എന്നിവ ഉള്ളിലേക്ക് സേവിക്കണം.
വൃത്തിയാണ് പ്രധാനംമൊരിയുടെ പ്രശ്‌നമുള്ളവര്‍ കുളികഴിഞ്ഞശേഷം ഏലാദി വെളിച്ചെണ്ണ, ദിനേശവല്യാദി വെളിച്ചെണ്ണ എന്നിവ ദേഹത്ത് തേച്ചുപിടിപ്പിക്കുക. കാല്‍ വിണ്ടുകീറുന്നവര്‍ ഉപ്പും മഞ്ഞളുമിട്ട് തിളപ്പിച്ച വെള്ളത്തില്‍ കാല്‍ കഴുകി വൃത്തിയായി തുടയ്ക്കണം. വെണ്ണ പുരട്ടുന്നതും നന്ന്. വിപണിയില്‍ ലഭ്യമായ മഹാതിക്തഘൃതം, ഗുല്‍ഗുലുതിക്തഘൃതം, ശതതൗദഘൃതം, ജീവന്ത്യാദിയമകം എന്നിവയൊക്കെ കാലില്‍ പുരട്ടാം.കുഴിനഖത്തിന് കാരണമാകുന്നത് വൃത്തിയില്ലായ്മയാണ്. നഖത്തിനു ചുറ്റുമുള്ള ഭാഗം എപ്പോഴും കഴുകി അഴുക്ക് നീക്കം ചെയ്താല്‍ കുഴിനഖം ഉണ്ടാകില്ല. ഉപ്പും മഞ്ഞളും ആര്യവേപ്പിലയും ഇട്ട് തിളപ്പിച്ച വെള്ളത്തില്‍കാല്‍ മുക്കിവെച്ചാല്‍ കുഴിനഖത്തിന് ആശ്വാസം കിട്ടും.കൊതുക് പോലെയുള്ള ജീവികള്‍ കടിച്ചുണ്ടാകുന്ന പാടുകള്‍ പലപ്പോഴും ചൊറിയാകുന്നത് പതിവാണ്. ചന്ദനം, രാമച്ചം, ആര്യവേപ്പില, പച്ചമഞ്ഞള്‍ എന്നിവ അരച്ചുതേക്കുന്നത് ഇത്തരം പാടുകള്‍ മായ്ക്കും. വ്രണം പഴുത്തിരിക്കുന്ന അവസ്ഥയില്‍ ലേപനം ഒഴിവാക്കണം.ആര്‍ത്തവസമയത്തും അല്ലാതെയും യോനീഭാഗത്ത് ചൊറിച്ചില്‍ ഉണ്ടാകുന്നത് പൂര്‍ണമായും ഭേദമാക്കാന്‍ ഉള്ളിലേക്ക് മരുന്ന് കഴിക്കണം. ഒപ്പം ശതതൗദഘൃതം പുരട്ടാം. ഗോപവത് മജാദികേരം പുരട്ടുന്നതും നല്ലതാണ്. ആര്യവേപ്പ്, മഞ്ഞള്‍ എന്നിവയിട്ടു തിളപ്പിച്ച വെള്ളം ഉപയോഗിച്ചുവേണം വൃത്തിയാക്കാന്‍.
പ്രമേഹരോഗികളുടെ കാല്‍പ്പാദചര്‍മത്തിന് പ്രത്യേക സംരക്ഷണം ആവശ്യമാണ്. ദിവസവും നാല്‍പ്പാമരം തിളപ്പിച്ച് തയ്യാറാക്കിയ കഷായം ഉപയോഗിച്ചു കഴുകുക. ശേഷം ഈ കഷായത്തില്‍ 20 മിനുട്ട് കാല്‍ മുക്കി വെക്കണം. ശേഷം വൃത്തിയായി തുടച്ചശേഷം നാല്‍പ്പാമരാദി വെളിച്ചെണ്ണ, ജീവന്ത്യാദിയമകം എന്നിവ പുരട്ടാം. തുല്യ അളവില്‍ വേപ്പെണ്ണയും വെളിച്ചെണ്ണയും ചേര്‍ത്ത് കാലില്‍ പുരട്ടി അരമണിക്കൂറിനുശേഷം കഴുകിക്കളയാം. കുറുന്തോട്ടി, നാല്‍പ്പാമരം, മുരിങ്ങത്തൊലി എന്നിവയിട്ടു തിളപ്പിച്ച വെള്ളത്തില്‍ കാല്‍പ്പാദം മുക്കിവെക്കുന്നതും പ്രമേഹരോഗികളുടെ കാല്‍പ്പാദചര്‍മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.
പുക കൊള്ളിക്കാം; താരന്‍ പോകുംദിവസവും യാത്ര ചെയ്യുന്നവര്‍, കൊഴുപ്പുകൂടിയ ആഹാരം കഴിക്കുന്നവര്‍, മുടി വൃത്തിയായി സൂക്ഷിക്കാത്തവര്‍ എന്നിവരില്‍ താരന്റെ ശല്യം കൂടിയിരിക്കും. ആഴ്ചയില്‍ ഒരിക്കല്‍ ആര്യവേപ്പിലയിട്ട് തിളപ്പിച്ച വെള്ളത്തില്‍ തല കഴുകുന്നത് താരന്‍ അകറ്റും. ആര്യവേപ്പില അരച്ചു തലയില്‍ തേക്കുന്നത് ഗുണം ചെയ്യും. കുളി കഴിഞ്ഞു തല തോര്‍ത്തിയ ശേഷം ഗുല്‍ഗുലു, വയമ്പ്, കായം എന്നിവയുടെ പുക തലയോട്ടിയില്‍ കൊള്ളിക്കുക. ശേഷം ധൂര്‍ധൂരപത്രാദി തൈലമോ സാമന്തകതൈലമോ തലയില്‍ പുരട്ടുക.
തലമുടി വളരാന്‍ ഏറെ ഉചിതം നീലിഭൃംഗാദി തൈലമാണ്. വെളിച്ചെണ്ണയില്‍ നെല്ലിക്ക, താന്നിക്ക, കഞ്ഞുണ്ണി, മൈലാഞ്ചി, ചെമ്പരത്തിയില, കുറുന്തോട്ടിയില, തെച്ചിപ്പൂവ് എന്നിവ കാച്ചി തേക്കുന്നത് മുടി വളരാന്‍ സഹായിക്കും. എണ്ണ കാച്ചുമ്പോള്‍ പുളിയുടെ ഇലയുടെ ഞരമ്പ് ഒപ്പം ഇടുക. ഞരമ്പ് വേഗം ഒടിച്ച് എടുക്കാവുന്ന സമയമാണ് എണ്ണ മൂപ്പിച്ചതിന്റെ പാകം.
രണ്ട് കപ്പ് പശുവിന്‍പാലും നാല് കപ്പ് വെള്ളവും ഒരു കപ്പ് എണ്ണയും കുറുക്കി എണ്ണയുടെ അളവിലാക്കുക. ഈ എണ്ണയും മുടി വളരാന്‍ സഹായിക്കും.
No comments:
Post a Comment