- strock in ayurveda
മനുഷ്യശരീരത്തിലെ ഇതര ഭാഗങ്ങളെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന മസ്തിഷ്‌കത്തിനുണ്ടാകുന്ന കര്‍മ്മക്ഷയമാണ് പക്ഷാഘാതത്തിന് കാരണം. തലച്ചോറിലെ മര്‍മ്മപ്രധാന ഭാഗങ്ങളിലേക്കുള്ള രക്തസഞ്ചാരത്തിന്റെ കുറവ് തലച്ചോറിലെ രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന പൊട്ടല്‍ നിമിത്തമുണ്ടാകുന്ന രക്തസ്രാവം ഇവയാണ് 'സ്‌ട്രോക്കി'ന്റെ പ്രധാന കാരണങ്ങള്‍. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, ഹൃദയസംബന്ധിയായ ചില രോഗങ്ങള്‍ എന്നിവയെല്ലാം പക്ഷാഘാതത്തിലേക്ക് നയിക്കാം. അടിയന്തിര വൈദ്യസഹായം ലഭ്യമാക്കിയില്ലെങ്കില്‍ തലച്ചോറിലെ പ്രധാന ഭാഗങ്ങള്‍ക്ക് സ്ഥായിയായ നാശം സംഭവിക്കുകവഴി ജ്ഞാനേന്ദ്രിയങ്ങളുടെയും കര്‍മ്മേന്ദ്രിയങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നശിച്ചേക്കാം.ശരീരത്തിന്റെ ഒരു വശത്തിനോ കൈകാലുകള്‍ക്കോ ഉണ്ടാകുന്ന തളര്‍ച്ച, സംസാരിക്കുവാന്‍ കഴിയാതെയാവുക, സ്പര്‍ശനശക്തിക്കുണ്ടാകുന്ന തകരാറുകള്‍, മാനസിക-ബൗദ്ധിക പ്രവര്‍ത്തനങ്ങളിലെ വൈഷമ്യങ്ങള്‍ എന്നിവയെല്ലാം പക്ഷാഘാത രോഗിയില്‍ കാണാറുണ്ട്. തലച്ചോറിലെ ഏതു ഭാഗത്തെയാണ് രോഗം ബാധിക്കുകയെന്നതിന്റെ അടിസ്ഥാനത്തില്‍ രോഗലക്ഷണങ്ങളും വ്യത്യാസപ്പെടാം. ത്രിദോഷ സിദ്ധാന്തത്തിലധിഷഠിതമായ ആയുര്‍വേദശാസ്ത്രമനുസരിച്ച് വാതദോഷ പ്രധാനമാണ് പക്ഷാഘാതം. ധാതുക്ഷയം കൊണ്ടോ വാതദോഷത്തിനുണ്ടാകുന്ന ആവരണം കൊണ്ടോ പക്ഷാഘാതം ഉണ്ടാകാം. ശരീരത്തിന്റെ ചലനങ്ങളെ നിയന്ത്രിക്കുന്ന വാതദോഷത്തിന്റെ സ്വാഭാവിക കര്‍മ്മങ്ങള്‍ക്കുണ്ടാകുന്ന പ്രവര്‍ത്തനമാന്ദ്യമാണ് പക്ഷാഘാതത്തിന്റെ സാമാന്യ സ്വഭാവം. രോഗകാരണം, രോഗസ്വഭാവം, രോഗ പുരോഗമനം, എന്നിവയുടെ അടിസ്ഥാനത്തില്‍ ആയുര്‍വേദ ചികിത്സയിലും വ്യത്യാസങ്ങള്‍ വരുത്തേണ്ടതുണ്ട്. അടിയന്തിര ചികിത്സയ്ക്ക് വിധേയരായശേഷം പുനരുജ്ജീവന ചികിത്സയ്ക്കുവേണ്ടി ആയുര്‍വേദ ചികിത്സ തേടുന്നവരാണ് അധികം പക്ഷാഘാത രോഗികളും.
പഞ്ചകര്‍മ്മ ചികിത്സ
സ്‌നേഹന-സ്വേദന കര്‍മ്മങ്ങള്‍ക്കുശേഷം നല്‍കുന്ന ശോധന ചികിത്സയ്ക്ക് പക്ഷാഘാതത്തില്‍ പ്രത്യേക പ്രാധാന്യമുണ്ട്. ആഭ്യന്തരമായി കൊടുക്കുന്ന ഘൃത-തൈലാദി കല്‍പ്പനകള്‍ക്കുശേഷം രോഗിയെ നന്നായി വിയര്‍പ്പിച്ച് വിരേചനം പോലുള്ള ചികിത്സകള്‍ നല്‍കണം. വസ്തി ചികിത്സയും പക്ഷാഘാതത്തിലെ പ്രത്യേക സന്ദര്‍ഭങ്ങളില്‍ പ്രയോഗിക്കാറുണ്ട്. നാസാദ്വാരത്തിലൂടെയുള്ള ഔഷധപ്രയോഗമായ നസ്യചികിത്സയ്ക്കും പ്രത്യേക പ്രാധാന്യമുണ്ട്. ചുരുക്കത്തില്‍ വിധിപ്രകാരം പ്രയോഗിക്കുന്ന പഞ്ചകര്‍മ്മ ചികിത്സകള്‍, ശരീരത്തിലെ രക്തസംവഹന വ്യവസ്ഥയെ സാധാരണ ഗതിയിലാക്കുന്നു. അനുബന്ധ ചികിത്സകളായി ശരീരത്തില്‍ ബാഹ്യമായുള്ള സ്‌നേഹപ്രയോഗം നടത്തുന്നതും സാധാരണമാണ്. വാതഹരങ്ങളായ തൈലങ്ങള്‍ ചൂടാക്കിയശേഷം നടത്തുന്ന അഭ്യംഗം, കായസേകം (പിഴിച്ചില്‍), ധാര എന്നിവയും പക്ഷാഘാതചികിത്സയില്‍ ഫലപ്രദമാണ്. തളര്‍ന്നുപോയ കൈകാലുകളെ ഉദ്ദീപിപ്പിക്കുന്നതിനും മാംസപേശികള്‍ക്കുബലം കൊടുക്കുന്നതിനും നാഡീകോശങ്ങളെ പ്രവര്‍ത്തനക്ഷമമാക്കുന്നതിനും മേല്‍പ്പറഞ്ഞ ചികിത്സകള്‍ക്ക് കാര്യമായ പങ്കുണ്ട്. ശയ്യാവലംബിയായി മാറുന്ന രോഗികള്‍ക്ക് ചലനരാഹിത്യംകൊണ്ട് സംഭവിക്കുന്ന മാംസപേശികളുടെ ശോഷണത്തിനിടവരുത്താതെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകം തയാറാക്കുന്ന ഞവരക്കിഴി, ഇലക്കിഴി, പൊടിക്കിഴി തുടങ്ങിയ സ്വേദന ചികിത്സകള്‍, സ്തബ്ധമായിത്തീരുന്ന ശരീരഭാഗങ്ങള്‍ക്കും സന്ധികള്‍ക്കും അയവും മാര്‍ദ്ദവവും വരുത്തുന്നു.
ജീവിതശൈലി രോഗങ്ങളുള്ളവര്‍
പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവയുള്ള പക്ഷാഘാത രോഗികളില്‍, ഔഷധചൂര്‍ണങ്ങള്‍ കൊണ്ട് ചെയ്യുന്ന 'ഉദ്വര്‍ത്തനം' എന്ന തിരുമ്മല്‍ ചികിത്സ മുഖ്യമാണ്. മേദസിന്റെ അളവിനെ കുറയ്ക്കുവാനും ശരീരഭാഗങ്ങള്‍ക്ക് ലഘുത്വം ഉണ്ടാക്കാനും ഉദ്വര്‍ത്തന ചികിത്സയ്ക്ക് സാധിക്കും. തലച്ചോറിന് പ്രത്യേക പ്രാധാന്യം നല്‍കി ചെയ്യുന്ന ശിരോവസ്തി, ശിരോപിചു, ശിരോധാര എന്നിവയും പക്ഷാഘാത ചികിത്സയില്‍ ഒഴിച്ചുകൂടാനാവാത്തതാണ്. നാഡീകോശങ്ങളുടെ ഉദ്ദീപനവും മാംസപേശികളുടെ ബലം നിലനിര്‍ത്തലും, രക്തസഞ്ചാരം സാധാരണ ഗതിയിലാക്കുന്നതിനും സഹായിക്കുന്നവയാണ് ആയുര്‍വേദത്തിലെ പക്ഷാഘാത ചികിത്സ. ശ്രദ്ധാപൂര്‍ണമുള്ള ചികിത്സയും പരിചരണവും ലഭിച്ചാല്‍ പക്ഷാഘാത രോഗിക്ക് സാവധാനത്തില്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനാകും. നിയന്ത്രിതമായ വ്യായാമങ്ങള്‍, പഞ്ചകര്‍മ്മ ചികിത്സ, മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാനുള്ള പരിചരണങ്ങള്‍ ഇവ മൂന്നും പക്ഷാഘാത പുനരുജ്ജീവന ചികിത്സയില്‍ ഒഴിച്ചുകൂടാനാവാത്തതാണ്. ആയുര്‍വേദമനുശാസിക്കുന്ന പഞ്ചകര്‍മ്മ ചികിത്സകള്‍ക്കൊപ്പം ആഭ്യന്തരമായ ഔഷധ പ്രയോഗങ്ങളും പരമപ്രധാനമാണ്. കഷായ കല്പനകള്‍, രസൗഷധികള്‍, രസായനങ്ങള്‍ എന്നിവയുടെ ഉപയോഗം വൈദ്യനിര്‍ദ്ദേശാനുസരണം പാലിക്കേണ്ടതുണ്ട്. അനുബന്ധ വ്യാധികളായ പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നിവയ്ക്കുള്ള ചികിത്സയും സംയോജിപ്പിച്ച് വേണം പക്ഷാഘാതത്തെ ചികിത്സിക്കുവാന്‍. ഒരു നിമിഷ നേരം കൊണ്ട് ശരീരം തളര്‍ന്ന്, ശയ്യാവലംബികളായി മാറുന്നവര്‍ നമ്മുടെയിടയില്‍ ധാരാളമാണ്. ചലിപ്പിക്കുവാനാവാത്ത കൈകാലുകളും മരവിച്ചുതുടങ്ങുന്ന മനസുമായി കഴിയാന്‍ വിധിക്കപ്പെട്ടവര്‍ക്ക് ഒരു താങ്ങാണ് പുനരുജ്ജീവന ചികിത്സ. ആയുര്‍വേദമനുശാസിക്കുന്ന സ്‌നേഹ-സ്വേദ-ശോധന ചികിത്സകള്‍ക്കൊപ്പം ഒരിത്തിരി സ്‌നേഹവും പരിചരണവും നമുക്ക് കൊടുക്കാന്‍ ശ്രമിക്കാം. അതേ... അവരും നടന്നുതുടങ്ങട്ടെ... ജീവിതത്തിലേക്ക്...
(പരിയാരം ഗവ. ആയുര്‍വേദ കോളജില്‍ അസോസിയേറ്റ് പ്രൊഫസറാണ് ലേഖകന്‍)
No comments:
Post a Comment