ഉപ്പൂറ്റിവേദനയെ പേടിക്കണം
എല്ലുകള്‍ക്കുണ്ടാകുന്ന തേയ്‌മാനവും ബലക്ഷയവുമാണ് ശരീരം ഒടിഞ്ഞു നുറുങ്ങുന്ന വേദനയ്‌ക്ക് പലപ്പോഴും കാരണമാകുന്നത്. ആയുര്‍വേദത്തില്‍ വേദനകള്‍ക്ക് ശാശ്വതപരിഹാരമുണ്ട്. ആയുര്‍വ്വേദ വിദഗ്‌ദ്ധനായ ഡോ. റാം മോഹന്‍ ശരീരവേദനയെ സംബന്ധിക്കുന്ന ചോദ്യങ്ങള്‍ക്ക് കന്യകയിലൂടെ മറുപടി കൊടുക്കുന്നു. ഈ ലക്കത്തില്‍ ഉപ്പൂറ്റിവേദനയാണ്
കഴിഞ്ഞ മൂന്നുമാസമായി രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ നടക്കാന്‍ കഴിയുന്നില്ല. ഉപ്പൂറ്റിക്ക് അധികഠിനമായ വേദനയാണ്. കുറച്ച് നടന്ന് കഴിഞ്ഞാല്‍ അല്‌പം ആശ്വാസമുണ്ട്. അലോപ്പതി മരുന്നുകള്‍ കഴിക്കുന്നുണ്ട്. താത്‌ക്കാലിക ആശ്വാസം ലഭിക്കുന്നതല്ലാതെ മാറുന്നില്ല. കാല് ചൂടുവെള്ളത്തിലും തണുത്തവെള്ളത്തിലും മാറിമാറി വയ്‌ക്കാന്‍ പറഞ്ഞു. അതിന് ചില റിസ്‌കുകള്‍ ഉണ്ട് എന്നാണ് ഡോക്‌ടര്‍ പറയുന്നത.് ആയുര്‍വേദത്തില്‍ എന്ത് ചികിത്സയാണ് ഇതിനുള്ളത്?ഓമനജേക്കബ്, പരുമല
വാതകണ്ടകം എന്ന് ആയുര്‍വേദത്തില്‍ പറയുന്ന രോഗമാണിത്. അവസ്‌ഥയറിഞ്ഞ് ശരിയായി ചികിത്സിച്ചാല്‍ ആയുര്‍വേദം ഇതിന് തികച്ചും ഫലപ്രദമാണ്. ഏതാണ്ട് 4000 വര്‍ഷം മുമ്പ് നമ്മുടെ ആചാര്യന്മാര്‍ തിരിച്ചറിഞ്ഞ ഒരു രോഗമാണിത്. പാദത്തിന്റെ അടിയില്‍ വരുന്ന കാല്‍ക്കേനിയം എന്ന അസ്‌ഥിയില്‍ മുള്ളുപോലെ താഴേയ്‌ക്ക് വളര്‍ച്ച ഉണ്ടാകുന്നതാണിത്. വേദന അധികമായി വരുന്ന രോഗങ്ങളെല്ലാം ആയുര്‍വേദത്തില്‍ വാതമായിട്ടാണ് വ്യവഹരിക്കപ്പെടുക. മുള്ളുകൊണ്ട് ഉണ്ടാകുന്ന വാതമാണ് വാതകണ്ടകം.ഉപ്പൂറ്റിയുടെ കട്ടിത്തൊലിക്കും അസ്‌ഥിക്കും ഇടയിലുള്ള സ്‌ഥലത്തിന് ഫേഷ്യ എന്നും പറയും. ഉപ്പൂറ്റിയിലുള്ള പ്ലാന്റര്‍ ഫേഷ്യക്ക് നീരുവയ്‌ക്കുന്നതാണ് വേദനയുടെ പ്രധാന കാരണം എന്നാണ് ആധുനിക വൈദ്യശാസ്‌ത്രനിഗമനം. ഈ ഫേഷ്യയുടെ പൊട്ടലും അപചയവും വേദന ഉണ്ടാക്കും. വേദനയുള്ള എല്ലാവര്‍ക്കും മുള്ളുപോലെയുള്ള വളര്‍ച്ച ഉണ്ടാകണം എന്നില്ല. അങ്ങനെ വളര്‍ച്ച ഉണ്ടായാല്‍ അതിനെ കാല്‍ക്കേനിയല്‍ സ്‌പര്‍ എന്നാണ് ആധുനികവൈദ്യശാസ്‌ത്രം വിശേഷിപ്പിക്കുന്നത്. വേദനയുള്ള ഏതാണ്ട് 50% രോഗികളിലും കാല്‍ക്കേനിയല്‍ സ്‌പര്‍ കാണാറുണ്ട്, അതുകൊണ്ടാണോ വേദനയുണ്ടാകുന്നത് അതോ മുന്‍പ്‌തന്നെയുണ്ടായ ഫേഷ്യയുടെ നീരാണോ വേദനയ്‌ക്ക് കാരണമെന്ന് തിരിച്ചറിയാന്‍ പ്രയാസമാണ്. സ്‌ത്രീകളില്‍ പുരുഷന്മാരെ അപേക്ഷിച്ച് ഇത് കൂടുതലായി കാണാറുണ്ട്.
കാരണങ്ങള്‍
അമിതശരീരഭാരമാണ് ഇതിന്റെ പ്രധാന കാരണം.ചേര്‍ച്ചയില്ലാത്തതും പാദം വല്ലാതെ വലിയുന്നതുമായ ചെരുപ്പുകള്‍ ഉപയോഗിക്കുന്നതും കാരണമാകാം.ചെരുപ്പ് സ്‌ഥിരമായി ഉപയോഗിക്കുന്നവര്‍ അത് ഇല്ലാതെ നടന്നാലും വേദന തുടങ്ങാം. വല്ലാതെ നിന്ന് ഭാരമുയര്‍ത്തുക, തിരിയുക മുതലായവയില്‍ ഫേഷ്യയില്‍ ചെറിയ പൊട്ടലുകള്‍ രൂപപ്പെടുകയും അത് നീണ്ടുനില്‍ക്കുന്ന വേദനയായി രൂപപ്പെടുകയും ചെയ്യാം.
രോഗനിര്‍ണ്ണയം
മിക്കപ്പോഴും ഉപ്പൂറ്റിയുടെ പരിശോധനകൊണ്ട് തന്നെ രോഗം ഉറപ്പാക്കാന്‍ കഴിയും. ഉപ്പൂറ്റിയുടെ അടിയിലോ വശത്തോ അമര്‍ത്തിനോക്കിയാല്‍ തോന്നുന്ന അധികഠിനമായ വേദനയുണ്ടെങ്കില്‍ വാതകണ്ടകം ഉറപ്പിക്കാം. രാവിലെ എഴുന്നേറ്റു നടക്കുമ്പോഴുള്ള ശക്‌തമായ വേദന, വിശ്രമം എടുത്തശേഷം നടക്കുമ്പോള്‍ വലുതായി തുടങ്ങുകയും നടന്നുകൊണ്ടിരിക്കുമ്പോള്‍ കുറഞ്ഞ് വരികയും ചെയ്യുന്ന വേദന ഇതിന്റെ സാധാരണ സ്വഭാവമാണ്.
പരിശോധനകള്‍, ചികിത്സകള്‍
എക്‌സ്റേ എടുത്തുനോക്കിയാല്‍ ചില കേസുകളില്‍ മുള്ള് കാണാനാകും. അള്‍ട്രാസൗണ്ട് സ്‌കാന്‍ ഉപയോഗിച്ച് ഫേഷ്യയുടെ ഘനം അളക്കാന്‍ കഴിയും. ഇത് 5 മില്ലീമീറ്ററില്‍ കൂടുതലുണ്ടെങ്കില്‍ ഫേഷ്യയ്‌ക്ക് നീരുണ്ടെന്ന് ഉറപ്പിക്കാം. ഇതിലേതെങ്കിലും ഉണ്ടെങ്കിലോ പരിശോധനയില്‍ വേദന ഉണ്ടെങ്കിലോ രോഗം ഉറപ്പിക്കാം. രക്‌തപരിശോധനയില്‍ അസാധാരണമായി ഒന്നും കാണാറില്ല.
ആധുനിക വൈദ്യശാസ്‌ത്രത്തില്‍ ആദ്യം ചെയ്യുന്നത് ഒപ്പം നീരു കുറയാനുള്ള ഔഷധങ്ങളും ഉപയോഗിക്കും. ഫേഷ്യയിലേക്ക് രക്‌തചംക്രമണം തീരെ കുറവായതിനാല്‍ നീരു കുറയാനുള്ള ഔഷധങ്ങള്‍ അവിടെ എത്തി ഫലം ചെയ്യാനുള്ള പരിമിതികളുണ്ട്. ഇതുകൊണ്ട് തന്നെ രോഗം നീണ്ട് നില്‍ക്കും.തൊലിക്കകത്തേക്ക് സ്‌റ്റീറോയിഡ് ഔഷധങ്ങള്‍ കുത്തിവയ്‌ക്കുകയാണ് മറ്റൊരു മാര്‍ഗം. 50% ആള്‍ക്കാരില്‍പോലും ഇത് ഫലപ്രദമായി കാണുന്നില്ല. പ്രമേഹം ഉണ്ടാകുക, ഉള്ള പ്രമേഹം കൂടുക, ഭാവിയില്‍ ഫേഷ്യയുടെ ഘനം കുറയുക, പൊട്ടിപ്പോകാനുള്ള സാധ്യത കൂടുക മുതലായവ പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ട് ഇതു ചെയ്യാതിരിക്കുന്നതാണ് നല്ലത്.
ആയുര്‍വേദ ചികിത്സകള്‍
ആയുര്‍വേദത്തില്‍ ഫലപ്രദമായ ചികിത്സകള്‍ ഇതിനുണ്ട്. നാലുതരം ചികിത്സയാണ് ഇതിന് അവസ്‌ഥാനുസരണം വിധിക്കുന്നത്.1. ബഹിപരിമാര്‍ജ്‌ജനം.2. അന്തപരിമാര്‍ജ്‌ജനം3. പഞ്ചകര്‍മ്മശോധനം4. അനുശസ്‌ത്രക്രിയകള്‍
ബാഹ്യമായി ഉപയോഗിക്കുന്ന ഔഷധങ്ങളുടെ ഒരുനിരതന്നെ ആയുര്‍വേദത്തിലുണ്ട്. ഇവയെ പൊതുവില്‍ ബഹിപരിമാര്‍ജ്‌ജന ചികിത്സ എന്നാണ് പറയുന്നത്. ധാന്യങ്ങള്‍ ചൂടാക്കിയുള്ള കിഴി (യവം, ലന്തക്കുരു, മുതിര മുതലായവ) മഞ്ഞള്‍ ചൂടാക്കി കിഴിയിടുക, മണല്‍ ചൂടാക്കി പിടിക്കുക, ജഡാമയാദിപോലുള്ള ഔഷധങ്ങള്‍കൊണ്ട് പൂച്ചിടുക, കാരസ്‌കരം പോലെയുള്ളവ തിളപ്പിച്ച് ധാരയിടുക മുതലായവ ഇവയില്‍ ചിലതാണ്.
വിവിധ വ്യായാമങ്ങളും ഇവിടെ ഉപയോഗപ്പെടുത്താം. പാദം മുകളിലേക്ക് പരമാവധി വലിച്ച് പിടിക്കുക. തറയില്‍ കാലമര്‍ത്തുക. ചൂടുവെള്ളത്തിലും തണുത്തവെള്ളത്തിലും മാറിമാറി ചവിട്ടി കാലുയര്‍ത്തുക മുതലായവ ചെയ്യാറുണ്ട്. ഫിസിയോതെറാപ്പിയില്‍ ഉപയോഗിക്കുന്ന അള്‍ട്രാസൗണ്ട് പോലെയുള്ളവയും ഈ ഗണത്തില്‍ പെടുത്താവുന്നതാണ്.അകത്തേക്ക് ഉപയോഗിക്കുന്ന ഔഷധങ്ങള്‍കൊണ്ടുള്ള ചികിത്സയ്‌ക്കുള്ള സാമാന്യനാമമാണ് അന്തപരിമാര്‍ജ്‌ജനം. എന്താണ് ലക്ഷണം, രോഗിയുടെ ബലം, ശരീരസ്‌ഥിതി മുതലായവ ഇതിനായി കണക്കിലെടുക്കേണ്ടതുണ്ട്. ഉപ്പൂറ്റിയില്‍ നീരാണ് പ്രധാനമെങ്കില്‍ രാസ്‌നേരണ്ടാദി, അമൃതോത്തരം, രാസ്‌നാപാസപ്‌തകം മുതലായവ ഉപയോഗിക്കണം. ഫേഷ്യയുടെ ചതവോ മുറിവോ സംശയിക്കുന്നെങ്കില്‍ മുസ്‌താദി മര്‍മ്മ കഷായം, ഗുല്‍ഗുലുതിക്‌തകം ഇവയാണ് നല്ലത്. ഫേഷ്യയുടെ അപചയമാണെങ്കില്‍ മഹാരാസ്‌നാദി ഇന്ദുകാന്തം തുടങ്ങിയവയൊക്കെ പരിഗണിക്കാറുണ്ട്. ഒരു ചികിത്സകന്റെ മേല്‍നോട്ടത്തില്‍ ഇത തിരഞ്ഞെടുക്കുകയും ഉപയോഗിക്കുകയുമാണ് വേണ്ടത്.
ഏതാണ്ട് രണ്ടുമാസം ഇവ ഉപയോഗിച്ചതുകൊണ്ട് പ്രയോജനം ഉണ്ടായിട്ടില്ലെങ്കില്‍ പഞ്ചകര്‍മ്മപരിശോധന ചികിത്സ ചെയ്യേണ്ടതായി വരും. പ്രാപ്‌തനായ ഒരു വൈദ്യന്റെ നിര്‍ദേശവും സാമീപ്യവും ഉണ്ടെങ്കിലേ ഇത് ചെയ്യാവൂ കേരളത്തിലെ നല്ല ആയുര്‍വേദ ആശുപത്രികളിലെല്ലാം ഇത് ചെയ്യാനാകും.
പ്ലാന്റാര്‍ ഫേഷൈറ്റിസില്‍ വളരെ ഒരു പക്ഷേ ഏറ്റവും കൂടുതല്‍ പ്രയോജനപ്രദമായ ക്രിയയാണ് ദാഹകര്‍മ്മം. പഞ്ചലോഹനിര്‍മ്മിതമായ ശലാക ഉപയോഗിച്ച് ഉപ്പൂറ്റി അല്‍പ്പമായി പൊള്ളിക്കുകയാണ് ഇതില്‍ ചെയ്യുന്നത്. പരിചയമുള്ളവര്‍ നന്നായി ചെയ്‌താല്‍ ഏതാണ്ട് 48 മണിക്കൂറുകൊണ്ട് വേദന കുറയാറുണ്ട്. ചില കേസുകളില്‍ ആവര്‍ത്തനം വേണ്ടിവരും. ഓമന ജേക്കബ് ഒരു നല്ല ആയുര്‍വേദ ഡോക്‌ടറെ കണ്ട് രോഗനിര്‍ണയവും ചികിത്സയും ചെയ്‌താല്‍ തീര്‍ച്ചയായും ഫലമുണ്ടാകും. ചികിത്സയുടെ വിശദാംശങ്ങള്‍ എന്നെയും കൂടി അറിയിച്ചാല്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാം.
No comments:
Post a Comment