ചെവിയിലെ അസ്വസ്ഥതകള്‍ക്ക് ആയുര്‍വേദം
ചെവിയ്ക്കുണ്ടാകുന്ന ചെറിയ പലപ്രശ്‌നങ്ങള്‍ക്കും ആയുര്‍വേദത്തില്‍ ചികില്‍സയുണ്ട്. വീട്ടിലിരുന്ന് തന്നെ ഇവയില്‍ പല ചികില്‍സകളും നമുക്ക് ചെയ്യുകയും ആവാം. എന്നാല്‍ തലചുറ്റല്‍ , കേള്‍വിക്കുറവ്, ചെവിമൂളല്‍ പോലുള്ളവ ഒരുമിച്ചുണ്ടാവുന്നത് കൂടുതല്‍ ഗൗരവമര്‍ഹിക്കുന്നതാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ സ്വയം ചികില്‍സ ചെയ്യാതെ വൈദ്യസഹായം തേടുക. ശിശുക്കളില്‍ ഉണ്ടാകുന്ന ചെറിയ പ്രശ്‌നങ്ങള്‍ പോലും പിന്നീട് ഗുരുതരമായ കേള്‍വിക്കുറവിനും മറ്റും കാരണമായേക്കാം. അതിനാല്‍ ശിശുക്കള്‍ക്കുണ്ടാകുന്ന കര്‍ണരോഗങ്ങള്‍ സ്വയം ചികില്‍സ ഒഴിവാക്കുന്നതാണ് നല്ലത്.
ചെവിയ്ക്കുണ്ടാകുന്ന ചെറിയ ചില പ്രശ്‌നങ്ങള്‍ക്ക് ആയുര്‍വേദത്തിലുള്ള പ്രതിവിധികള്‍ പറയാം. ചെവിക്കുണ്ടാകുന്ന നീര്‍ക്കെട്ടാണ് കൂടുതലായി കണ്ടുവരുന്ന രോഗം. ഇത് മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കാവുന്ന രോഗമാണ്. പ്രത്യേക ഔഷധ എണ്ണകളാണ് ഇതിന് പരിഹാരമായി ആയുര്‍വേദം നിര്‍ദേശിക്കുന്നത്. ഇവ പുരട്ടുന്നതിലൂടെ നീര്‍ക്കെട്ടിനുള്ള സാധ്യതതന്നെ ഇല്ലാതാക്കാം. വൈദ്യന്റെ നിര്‍ദേശപ്രകാരം വേണം ഇത്തരം എണ്ണകള്‍ പുരട്ടാന്‍. രോഗിയുടെ പ്രകൃതത്തിന് ഇണങ്ങാത്ത തരത്തിലുള്ള എണ്ണ ഉപയോഗിക്കുന്നത് വിപരീതഫലം ചെയ്യും.
വായുവിന്റെ പ്രധാനസ്ഥാനങ്ങളിലൊന്നാണ് ചെവി. വായുവിന് ശമനമുണ്ടാകാന്‍ ചെവിയില്‍ എണ്ണവീഴ്ത്തി ശീലിക്കേണ്ടതാണ്. രോഗാവസ്ഥയില്‍ വൈദ്യനിര്‍ദേശപ്രകാരവും അല്ലാത്ത അവസരങ്ങളില്‍ കുളിക്കുന്നതിനുമുമ്പും ചെവിയില്‍ എണ്ണ വീഴ്ത്തി ശീലിക്കാം. സഹിക്കാവുന്ന ചൂടോടെ എണ്ണ ഓരോ ചെവിയിലും നിറയ്ക്കുകയും 10-15 മിനിട്ട് അതേപടി വയ്ക്കുകയുമാണ് വേണ്ടത്. പിന്നീട് ചെവിയില്‍ നിന്ന് ഒരു തിരികൊണ്ട് തുടച്ച് എണ്ണ എടുത്തുകളയണം.
പുകകൊള്ളിക്കലാണ് അടുത്ത ആയുര്‍വേദ ചികില്‍സാ ക്രമം. കുരുമുളകുപൊടി കനലില്‍ വിതറിയുണ്ടാക്കിയ പുക ഒരു ചോര്‍പ്പിലൂടെ ചെവിയിലെത്തിച്ചാല്‍ ചെവിവേദനയും ചെവിയിലെ ദുര്‍ഗന്ധവും ശമിക്കും. ഗുല്‍ഗുലു, കുന്തിരിക്കം, തുളസിയില തുടങ്ങിയവ നെയ്യ് ചേര്‍ത്തോ വേപ്പെണ്ണ ചേര്‍ത്തോ പുകച്ചും ചെവിയില്‍ കൊള്ളിക്കാവുന്നതാണ്. കേള്‍വിക്കുറവിനും ചെവിയിലെ മൂളല്‍ അകറ്റുന്നതിനും എള്ള,് ചെറുപയര്‍, കായം, ഏലത്തരി ഇവ കടുകെണ്ണയില്‍ കുഴച്ച് പുകയ്ക്കുന്നതും കൊള്ളാം.
ചെവിയ്ക്കകത്ത് കുരു ഉണ്ടാകുന്നത് പലപ്പോഴും വേദനയും അസ്വസ്ഥതകളും സൃഷ്ടിക്കും. എരുക്കിന്‍ ഇലയില്‍ എണ്ണ പുരട്ടി വാട്ടി പിഴിഞ്ഞ നീര്‍ ചെവിക്കുള്ളില്‍ ഒഴിക്കുന്നത് വളരെ നല്ലതാണ്. എരുക്കില നീരും ഉള്ളിയും മഞ്ഞളിന്‍നീരും കൂട്ടി ചൂടോടെ വീഴ്ത്തിയാലും കുരുവും അതിന്റെ വേദനയും ശമിക്കും. കൂവളത്തില നീരില്‍ കൂവളത്തിന്‍ വേര് അരച്ച് പാലും ചേര്‍ത്ത് എണ്ണ കാച്ചി തേച്ചാല്‍ മിക്ക കേള്‍വിക്കുറവും ശമിക്കും. ചെവി അടഞ്ഞാല്‍ ചെറുനാരങ്ങയില്‍ ഇന്ദുപ്പ് നിറച്ച് ചുട്ട് എടുത്ത് പിഴിഞ്ഞ നീര് ചെവിയില്‍ ഒഴിക്കുക. ഇത് ചെവിവേദനയ്ക്കും ചെവി പഴുപ്പിനും വളരെ നല്ലതാണ്.
നമ്മുടെ അശ്രദ്ധ പലപ്പോഴും ചെവിയ്ക്ക് ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനിടയുണ്ട്. ചെവിക്കുള്ളില്‍ മൂര്‍ച്ചയേറിയ വസ്തുക്കള്‍ ഇടുന്നത് അപകടം വരുത്താം. മഞ്ഞ്, തണുത്ത കാറ്റ്, ചാറ്റല്‍ മഴ എന്നിവ ചെവിയെ ബാധിക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുക
കാതുകളുടെ പരിചരണം പഞ്ചേന്ദ്രിയങ്ങളിലൊന്നായ ചെവിക്ക് പ്രത്യേകം പരിപാലനം ആവശ്യമാണ്. അശ്രദ്ധയും നിസ്സംഗതയും അണുബാധപോലെയുള്ള രോഗങ്ങള്‍ക്ക് കാരണമാകുമ്പോള്‍ അമിത പരിചരണവും ശ്രദ്ധയും ആപല്‍ക്കരമാണ്. ചെവികളിലുള്ള മുറിവുകളും പോറലുകളും ശ്രദ്ധിക്കുക. നിസ്സാരമെങ്കില്‍ പോലും അവ അണുബാധയ്ക്കും രോഗങ്ങള്‍ക്കും ഇടയാക്കും. ഇത് ചെവി ചുക്കിച്ചുളിഞ്ഞ് ആകൃതി നഷ്ടപ്പെടാന്‍ കാരണമാകുന്നു. ചെവിയില്‍ മുറിവേല്‍പ്പിക്കുകയോ തിരുമുകയോ ചെയ്യാന്‍ പാടില്ല. ചെവിക്കായം രോഗാവസ്ഥയല്ല ചെവിക്കായം ഒരു രോഗാവസ്ഥയാണെന്ന തെറ്റിദ്ധാരണ നിലനില്‍ക്കുന്നുണ്ട്. ചെവിയുടെ അകത്തുള്ള ഗ്രന്ഥികള്‍ ഉത്പാദിപ്പിക്കുന്ന സ്രവമാണിത്. ഇത് കര്‍ണപുടത്തെ പൊടിപടലങ്ങള്‍, പ്രാണികള്‍, മാലിന്യങ്ങള്‍ എന്നിവയില്‍ നിന്ന് സംരക്ഷിക്കുന്നു. ചെവിക്കായം വാസ്തവത്തില്‍ ചെവിയുടെ സംരക്ഷകനാണ് എന്നര്‍ത്ഥം. ബഡ്സിന്‍റെ ഉപയോഗം ചെവിക്കായത്തിന്‍റെ സ്വാഭാവിക പ്രവര്‍ത്തനത്തെ തകരാറിലാക്കുന്നു. സാവധാനം വെളിയിലോട്ട് തള്ളപ്പെടേണ്ട പൊടിപടലങ്ങളും മറ്റു വസ്തുക്കളും നിരന്തരം അകത്തേയ്ക്ക് കുത്തി നിറയ്ക്കപ്പെടുകയാണ് ചെയ്യുന്നത്. ചെവിയടപ്പ്, അസഹ്യമായ വേദന, ചെവി മുഴക്കം, ചൊറിച്ചില്‍ എന്നിവയുണ്ടായാല്‍ മാത്രമേ ചെവിക്കായം നീക്കം ചെയ്യേണ്ടതുള്ളൂ. കുളിച്ചു കഴിഞ്ഞാല്‍ ചെവികളില്‍ വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്. പരുത്തിത്തുണികൊണ്ട് മുഴുവനായി നനവ് ഒപ്പിയെടുക്കാം. മുങ്ങിക്കുളിക്കുമ്പോള്‍ ഇത് പ്രത്യേകിച്ചും ശ്രദ്ധിക്കണം. നനവ് തങ്ങി നിന്നാല്‍ അത് പൂപ്പല്‍ ബാധകള്‍ക്ക് കാരണമാകുന്നു. ഒരുപാടുപേര്‍ മുങ്ങിക്കുളിക്കുന്ന കുളങ്ങളിലെ കുളി പൂപ്പല്‍ രോഗങ്ങളെ വിളിച്ചു വരുത്തുന്നു.ബഡ്സ്, പെന്‍സില്‍, സേഫ്റ്റി പിന്‍, ചെവിതോണ്ടി എന്നിവ ചെവിയിലിട്ട് തിരിക്കുന്നവര്‍ക്ക് ചെവികളുടെ നാളികളിലുണ്ടാവുന്ന എക്സ്റ്റേണല്‍ ഓട്ടൈറ്റിസ് എന്ന അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ട്. ബഡ്സിന്‍റെ ഉപയോഗം തികച്ചും അനാവശ്യമാണ്. ചെവിയുടെ അകത്ത് മരുന്ന് പുരട്ടാനോ അല്ലെങ്കില്‍ കുളി കഴിഞ്ഞയുടനെ വെള്ളം ഒപ്പിയെടുക്കാനോ ഇത് ഉപയോഗിക്കുന്നതില്‍ തെറ്റില്ല. അലക്‌ഷ്യമായ ഉപയോഗം അപകടം ക്ഷണിച്ചു വരുത്തുന്നു.
No comments:
Post a Comment