ആയുര്‍വേദത്തില്‍
നാസാരോഗങ്ങളെയും അവയുടെ ചികിത്സയെയും സംബന്ധിക്കുന്ന പഠനങ്ങള്‍ ശാലാക്യതന്ത്രത്തിന്റെ ഭാഗമായാണ് ആയുര്‍വേദത്തില്‍ കണക്കാക്കുന്നത്. പ്രാചീനവൈദ്യഗ്രന്ഥമായ സുശ്രുതസംഹിതയിലാണ് ക്രമീകൃതമായ രീതിയില്‍ നാസാരോഗങ്ങളെപ്പറ്റിയുള്ള വിവരണം ആദ്യമായി കാണാന്‍ കഴിയുക.
മിക്കരോഗങ്ങളും തദ്സമാനമായ ആധുനികരോഗങ്ങളുടെ വിവരണങ്ങളുമായി മിക്കവാറും ഒത്തുപോകുന്നവയാണ്. ഔഷധപ്രയോഗം, ശസ്ത്രക്രിയ എന്നീ രണ്ടു ചികിത്സാരീതികളും യുക്ത്യനുസരണം ഈ പ്രകരണത്തില്‍ വിധിക്കപ്പെടുന്നുണ്ട്.
മൊത്തം 31 നാസാരോഗങ്ങളാണ് സുശ്രുതസംഹിതയില്‍ കാണുന്നത്. പില്ക്കാല ഗ്രന്ഥങ്ങളില്‍ ചില രോഗങ്ങള്‍ ഒഴിവാക്കുകയും ചിലവ കൂട്ടിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. അഷ്ടാംഗസംഗ്രഹം, അഷ്ടാംഗഹൃദയം, ശാര്‍ങ്ഗധരസംഹിത എന്നിവയില്‍ 18-ഉം യോഗരത്നാകരം, ഭാവപ്രകാശം എന്നിവയില്‍ 34-ഉം നാസാരോഗങ്ങളാണുള്ളത്. ചരകസംഹിതയിലാകട്ടെ നിശ്ചിതസംഖ്യ സൂചിപ്പിക്കുന്നില്ല. എന്നാല്‍ 11-ഓളം രോഗങ്ങളും അവയുടെ ചികിത്സയും പറഞ്ഞുപോകുന്നുണ്ട്. സുശ്രുതമതപ്രധാനമായ വിവരണമാണ് ഇവിടെ നല്കുന്നത്. ഈ പ്രകരണത്തില്‍ പറയുന്ന മിക്ക വ്യാധികളും ആധുനികമതവുമായി താരതമ്യം ചെയ്ത് മനസ്സിലാക്കാന്‍ കഴിയുന്നവയാണ്. ഇവ കൂടാതെ ഇവിടെ പരാമര്‍ശിക്കപ്പെടുന്ന ചില അവസ്ഥകള്‍ ഇന്നത്തെ രീതിയനുസരിച്ച് രോഗലക്ഷണങ്ങള്‍ മാത്രമാണ്.
പ്രതിശ്യായം (Acute rhinitis)
മൂക്കില്‍ നിന്നും സ്രാവം, മൂക്കു വീര്‍ത്തിരിക്കല്‍, മൂക്കടപ്പ്, നാസാദ്വാരം മുതല്‍ അണ്ണാക്കുവരെ വേദന, പുകച്ചില്‍, ഒച്ചയടപ്പ് എന്നിവ പ്രതിശ്യായം അഥവാ പീനസത്തിന്റെ ലക്ഷണങ്ങളാണ്. പ്രകടമാകുന്ന ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ വാതികം, പൈത്തികം, കഫജം, സന്നിപാതജം, രക്തജം എന്ന് അഞ്ച് ഉപവിഭാഗങ്ങളായി ഈ രോഗത്തെ തിരിച്ചിട്ടുണ്ട്. പീനസം ചികിത്സിക്കാതിരുന്നാല്‍, ദുഷ്ടപീനസം (Secondary infection/Sinus infection) ആയിത്തീരും. ശ്വാസംമുട്ടല്‍, ചുമ, ഉരോഭാഗത്തു വേദന, ജ്വരം, വായ്ക്കകത്തു ദുര്‍ഗന്ധം, മൂക്കില്‍ നിന്നും കട്ടപിടിച്ച കഫം രക്തത്തിന്റെ അംശം കലര്‍ന്നോ അല്ലാതെയോ ഒഴുകുക എന്നിവ ദുഷ്ടപീനസത്തിന്റെ ലക്ഷണങ്ങളാണ്.
അപീനസം (Atrophic rhinitis)
പ്രതിശ്യായ (പീനസ) രോഗത്തിന്റെ ലക്ഷണങ്ങളുമായി അപീനസലക്ഷണങ്ങള്‍ക്കു സാമ്യമുണ്ട്. പുക കയറിയാലെന്നവണ്ണം മൂക്കടപ്പുണ്ടാകും, വീര്‍ത്തിരിക്കുകയും ചെയ്യും. മൂക്ക് നനഞ്ഞൊലിച്ചു കൊണ്ടിരിക്കുകയോ ഉണങ്ങിയിരിക്കുകയോ ചെയ്യും. മണവും രുചിയും അറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നു. പീനസത്തെക്കാള്‍ നീണ്ടുനില്ക്കുന്ന അവസ്ഥയാണ് ഇത്.
നാസാപാകം (Boil/abscess inside nasal cavity)
നാസാദ്വാരത്തില്‍ പിഡകകള്‍ പ്രത്യക്ഷപ്പെടും. ഇവിടം പഴുത്ത് സ്രവമോ ചലമോ ഉണ്ടാകുകയും ചെയ്യുന്നു.
ക്ഷവഥു (Allergic rhinitis)
ശക്തമായ തുമ്മലാണ് ഈ രോഗത്തിന്റെ മുഖ്യലക്ഷണം. പൊടിപടലങ്ങള്‍, പുല്ലിന്റെ അംശം, തീക്ഷ്ണമായ വസ്തുക്കള്‍ തുടങ്ങിയവ നാസാദ്വാരത്തില്‍ പ്രവേശിക്കുക എന്നതാണ് രോഗകാരണം.
പൂതിനസ്യം (Severe nasopharyngeal infection)
മൂക്കില്‍ നിന്ന് അണ്ണാക്കിന്റെ അടിയിലും കണ്ഠത്തിലും വരെ രോഗദുഷ്ടിയുണ്ടായി മൂക്കിലൂടെയും വായിലൂടെയും ദുര്‍ഗന്ധത്തോടെ വായുവും കഫവും പുറത്തു പോകുന്നു. പനി, കഫത്തിന് മഞ്ഞയും ചുവപ്പും നിറം എന്നിവ ഉണ്ടാകുമെന്ന് ചിലര്‍ പറയുന്നുണ്ട്.
പൂയരക്തം (Epistaxis)
നെറ്റി, നാസികാമൂലം എന്നിവിടങ്ങളില്‍ ക്ഷതം സംഭവിച്ചിട്ടോ, നിജരോഗങ്ങള്‍ കാരണമായോ രക്തം കലര്‍ന്ന സ്രവം മൂക്കിന്‍ദ്വാരത്തിലൂടെ ഒഴുകുന്നു. ശക്തമായ തലവേദന ഇതോടൊപ്പം ഉണ്ടാകാം.
നാസാര്‍ബുദം (Nasal Neoplasm)
നാസാദ്വാരത്തില്‍ വളര്‍ന്നുവരുന്ന മാംസാങ്കുരങ്ങളാണ് അര്‍ബുദം. മൊത്തം ഏഴു തരമായി ആയുര്‍വേദഗ്രന്ഥങ്ങളില്‍ പറയുന്നു. ഇവയില്‍ ചിലവ ചികിത്സിച്ചു മാറ്റാന്‍ കഴിയുന്നവയല്ല എന്ന് വിശദീകരിക്കുന്നുണ്ട്.
നാസാര്‍ശസ് (Nasal polyp)
മലദ്വാരത്തില്‍ ഉണ്ടാകുന്ന അര്‍ശസ്സിനെപ്പോലെ നാസാദ്വാരത്തിലുണ്ടാകുന്ന മാംസാങ്കരങ്ങള്‍ ആണ് നാസാര്‍ശസ്. ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ നാലു വിധം.
നാസാശോഷം
മൂക്കിനുള്ളിലുള്ള ശ്ളേഷ്മകകഫം വരണ്ടുപോയി ശ്വാസോച്ഛ്വാസം ബുദ്ധിമുട്ടാകുന്ന രോഗാവസ്ഥ.
ദീപ്തം
മൂക്കിനുള്ളില്‍ ശക്തമായ പുകച്ചില്‍ തോന്നുന്ന അവസ്ഥ. ശ്വാസത്തിന് നല്ല ചൂടുണ്ടാകും.
ഭ്രംശഥു
ശിരസ്സില്‍ കെട്ടിനില്ക്കുന്ന കൊഴുത്ത കഫം മൂക്കിന്‍ ദ്വാരത്തിലൂടെ പുറത്തുവരുന്ന അവസ്ഥ.
നാസാപരിസ്രാവം
മൂക്കൊലിപ്പ്-തെളിഞ്ഞതും വെള്ളം പോലെയുള്ളതുമായ സ്രവം മൂക്കിന്‍ ദ്വാരത്തിലൂടെ ഒഴുകുന്നു.
നാസാനാഹം
മൂക്കടപ്പ്, മൂക്കിന്‍ദ്വാരങ്ങള്‍ അടഞ്ഞതുപോലെ ആയിരിക്കുന്നതിനാല്‍ ശ്വാസോച്ഛ്വാസത്തിനു തടസ്സം നേരിടുന്നു.
നാസാഗതരക്തപിത്തം
മൂക്കിന്‍ദ്വാരത്തിലൂടെ രക്തം പോകുന്ന അവസ്ഥ. രക്തപിത്തം ഒരു സ്വതന്ത്രരോഗമായിട്ടാണ് ആയുര്‍വേദത്തില്‍ പറയപ്പെടുന്നത്. പ്രത്യേക ഒരധ്യായമായി ഇതിനെ വിവരിക്കുന്നതിനാലോ, പൂയരക്തം എന്നൊരവസ്ഥ പറയപ്പെടുന്നതിനാലോ ആകണം അഷ്ടാംഗഹൃദയത്തില്‍ നാസാരോഗങ്ങളില്‍ നിന്നും ഇതിനെ ഒഴിവാക്കിയിരിക്കുന്നു.
നാസാശോഥം
നാസികയിലുണ്ടാകുന്ന നീര്‍ക്കെട്ട്. നാലുവിധം എന്ന് സുശ്രൂതത്തില്‍ പറയുന്നുണ്ട്. നാസാരോഗങ്ങളില്‍പ്പെടത്തക്ക പ്രാധാന്യം ഇല്ലാത്താതിനാലാവണം വാഗ്ഭടന്‍ ഈ അവസ്ഥയെ ഒഴിവാക്കിയിരിക്കുന്നു.
ചികിത്സ
ഔഷധപ്രയോഗം, ശസ്ത്രക്രിയ, ക്ഷാരകര്‍മം, അഗ്നികര്‍മം എന്നീ ചതുര്‍വിധ ഔഷധപ്രയോഗങ്ങളില്‍ സ്നേഹനം, വിയര്‍പ്പിക്കല്‍, വമനം, നസ്യം, ധൂമപാനം, കവിള്‍കൊള്ളല്‍ മുതലായവയാണ് കൂടുതലായി നിര്‍ദേശിക്കപ്പെടുന്നത്. അര്‍ബുദം, അര്‍ശസ് എന്നീ അവസ്ഥകളിലാണ് ശസ്ത്രാദി ഇതരക്രിയകള്‍ പ്രാധാന്യമര്‍ഹിക്കുന്നത്.
No comments:
Post a Comment