കരളിന്റെ ആരോഗ്യത്തിന് ചില വഴികള്‍ Posted by: Veena
സിഗരറ്റും മദ്യവും ഒഴിവാക്കുന്നതോടെ രോഗങ്ങളില്‍ നിന്ന് മോചനവും മികച്ച ശാരീരികാരോഗ്യവും കൈവരുമെന്നാണ് ബഹുഭൂരിപക്ഷം പേരുടെയും ചിന്ത. കരളിൻറെ ആരോഗ്യം മികച്ച ശാരീരികാരോഗ്യത്തില്‍ പ്രധാനമാണ്. രോഗ ലക്ഷണങ്ങള്‍ പ്രകടമാകും മുമ്പേ ആരും കരളിൻറെ ആരോഗ്യം സംബന്ധിച്ച് കരുതല്‍ എടുക്കാറില്ല എന്നതാണ് വസ്തുത. പ്രശ്നമുള്ള കരളിൻറെ ആദ്യ ലക്ഷണം അടിവയറിൻറെ വലതുഭാഗത്തായുള്ള വിങ്ങലാണ്. ഭക്ഷണം കഴിക്കുന്നതിനൊപ്പം വ്യായാമം ചെയ്തിട്ടും അടിവയറിൻറെ ഭാഗത്ത് ഭാരം വര്‍ധിക്കുന്നുണ്ടെങ്കില്‍ നിര്‍ബന്ധമായും ഡോക്ടറെ കാണേണ്ടതുണ്ട്. കരളിൻറെ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ പറയുന്ന കാര്യങ്ങള്‍ ഒന്ന് വായിക്കൂ;
കൊഴുപ്പ് നിറഞ്ഞ ഭക്ഷണങ്ങള്‍ കൊഴുപ്പ് നിറഞ്ഞ ഭക്ഷണങ്ങളും ജങ്ക് ഫുഡ്സും നിങ്ങളുടെ കരളിന് ഒട്ടും നല്ലതല്ല. ശരീരത്തിലെ കൊഴുപ്പിൻറെ അധികരിച്ച അളവ് കരളി ൻറെ സാധാരണ പ്രവര്‍ത്തനത്തെ ഒരു വിധത്തില്‍ അല്ലെങ്കിൽ മറ്റൊരു വിധത്തില്‍ ബാധിക്കും.
അമിത മദ്യപാനം മദ്യപാനം കരളിന് ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ അറിയാത്തവര്‍ ആരുമുണ്ടാകില്ല. ആരോഗ്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നവര്‍ ദിവസം മൂന്നോ നാലോ പെഗില്‍ കൂടുതല്‍ കഴിക്കരുത്. ഇതിന് സാധിക്കാത്തവര്‍ഡോക്ടറുടെ സഹായം തേടണം.
പുകവലി ദൂഷ്യവശങ്ങള്‍ എത്ര കേട്ടാലും ഈ ശീലത്തെ അത്ര പെട്ടന്നൊന്നും മാറ്റാന്‍ കഴിയില്ല. പുകവലിയോടുള്ള അഭിനിവേശം എളുപ്പത്തിലാകും മുളപൊട്ടുക. ഇത് നിങ്ങളുടെ ശാരീരികാവയവങ്ങളുടെ നാശത്തിനാകും വഴിയൊരുക്കുക.
മടി ടി.വിക്ക് മുന്നില്‍ കുത്തിയിരിക്കുന്നവര്‍ രോഗങ്ങള്‍ വിളിച്ചുവരുത്തുകയാണ് ചെയ്യുക. തൊട്ടടുത്ത മാര്‍ക്കറ്റിലേക്ക് നടന്നുപോകാതെ കാറോ സ്കൂട്ടറോ എടുത്ത് പോകുന്നവരില്‍ കരള്‍ രോഗം വരാന്‍ സാധ്യത കൂടുതലാണ്.
ഭാരം കുറക്കാനുള്ള ഭക്ഷണരീതികള്‍ ഭാരം കുറക്കാനുള്ള പ്രത്യേക ഭക്ഷണ രീതികള്‍ ഫലം കണ്ടില്ലെങ്കിൽ അത് കരളിനെ ബാധിച്ചതായി മനസിലാക്കുക. കരളില്‍ അനാവശ്യ സമ്മര്‍ദമുണ്ടാക്കി പ്രവര്‍ത്തനം താളം തെറ്റിക്കുകയാണ് ചെയ്യുക.
എന്താണ് പരിഹാരം കരള്‍ രോഗത്തില്‍ നിന്നുള്ള പൂര്‍ണമായ പരിഹാരം ഒരിക്കലും നമ്മുടെ കൈകളില്‍ അല്ല. ആരോഗ്യകരമായ ഭക്ഷണവും ജീവിത രീതിയും പിന്തുടര്‍ന്നാല്‍ ഒരളവുവരെ കരളിനെ സംരക്ഷിക്കാം. ഹെപ്പറ്റൈറ്റിസിനെതിരെ സമയത്തിനുള്ള വാക്സിനേഷന്‍,പതിവായുള്ള രക്ത പരിശോധന, കോഡ് ലിവര്‍ ഓയില്‍ കഴിക്കല്‍, സുരക്ഷിതമായ സെക്സ് എന്നിവ പിന്തുടര്‍ന്നാല്‍ കരള്‍രോഗത്തില്‍ നിന്നുള്ള സംരക്ഷണം നല്ല ഒരു ശതമാനം ഉറപ്പാ
ആയൂര്‍വേദത്തില്‍ അഷ്ടാംഗഹൃദയത്തിലും ചരകസംഹിതയിലും മഞ്ഞപ്പിത്ത ഓഷധമായി വിവരിച്ചിട്ടുള്ള സസ്യാമാണ് ചിറ്റമൃത്. കരള്‍ സംരക്ഷണത്തില്‍ ചിറ്റമൃതിനുള്ള സാധ്യതകള്‍ അടുത്തകാലം വരെ ആധുനിക വൈദ്യശാസ്ത്രം തിരിച്ചറിഞ്ഞിരുന്നില്ല.
കയ്പ്രസമുള്ള ചിറ്റമൃതിന്‍റെ വള്ളിയാണ് ഔഷധപ്രയോഗത്തിന് ഉപയോഗിക്കുക. ഇതിന്‍റെ തണ്ട് ഇടിച്ച് പിഴിഞ്ഞ നീര് 15 മില്ലി വീതം രാവിലെയും വൈകിട്ടും തേന്‍ ചേര്‍ത്ത് കഴിക്കുന്നത് കരള്‍ രോഗങ്ങള്‍ക്ക് ഉത്തമമാണ്.
ഇന്ത്യയിലുടനീളം കണ്ടു വരുന്ന ഔഷധ സസ്യമാണ് ആര്യവേപ്പ്. ഇലയും തൊലിയുമാണ് പ്രധാന ഔഷധയോഗ്യ ഭാഗങ്ങള്‍. ആര്യവേപ്പിലയുടെ നീര് 10 മില്ലി വീതമെടുത്ത് അത്രയും തേന്‍ ചേര്‍ത്ത് കഴിക്കുന്നത് മഞ്ഞപ്പിത്തത്തിന് ഗുണം ചെയ്യും. കരളിന് ഉത്തമമായ ലോഹിതാരിഷ്ടത്തിന് പ്രധാന ചേരുവയാണ് ആര്യവേപ്പ്.
കേരളത്തിലുടനീളം കളയായി വളരുന്ന ഔഷധ സസ്യമാണ് കിരിയാത്ത്. പിത്തരസം ഉത്പ്പാദിപ്പിക്കുന്നതിനുള്ള സവിശേഷമായ ഔഷധഗുണം കിരിയാത്തിനുണ്ട്. കിരിയാത്ത്, കടുക്ക, നെല്ലിക്ക, താന്നിക്ക എന്നിവ ചേര്‍ത്ത് കഷായം വച്ച് കഴിക്കുന്നത് കരളിന്‍റെ ആരോഗ്യത്തിന് ഉത്തമമാണ്.
ഇന്ത്യന്‍ പാരമ്പര്യവൈദ്യ ശാസ്ത്രത്തിന് പുറമേ ബ്രസീല്‍, ആഫ്രിക്ക എന്നീ രാജ്യങ്ങളിലും കരള്‍ രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഔഷധസസ്യമാണ് തഴുതാമ. മഞ്ഞപ്പിത്തം, സിറോസിസ്, വൈറല്‍ ബാധ, കരള്‍ കോശനാശം, മറ്റ് കരള്‍ രോഗങ്ങള്‍ എന്നിവയ്ക്കൊക്കെ തഴുതാമ ഉത്തമ ഔഷധമാണ്.
കുറഞ്ഞ രക്തസമ്മര്‍ദ്ദമുള്ളവരും ഹൃദ്രോഗമുള്ളവരും തഴുതാമ ഉപയോഗിക്കുന്നത് നല്ലതല്ല.
ഈര്‍പ്പമുള്ള സ്ഥലങ്ങളിലും വയല്‍ വരമ്പുകളിലും ധാരാളമായി കണ്ടുവരുന്ന കയ്യോന്നി കരള്‍ രോഗത്തിന് ഉത്തമമാണ്. സമൂലമാണ് കയ്യോന്നി ഔഷധപ്രയോഗത്തിന് ഉപയോഗിക്കുന്നത്.
ഇവയ്ക്ക് പുറമേ തിപ്പലി, വയല്‍ച്ചുള്ളി, മഞ്ഞ മന്ദാരം, മഞ്ഞള്‍, നെല്ലിക്ക, ജീരകം, കടുക്ക, ഇരട്ടിമധുരം എന്നീ ഔഷധസസ്യങ്ങളും തക്കാളി, മുരിങ്ങ, പപ്പായ, മുന്തിര, പേരയ്ക്ക, മുള്ളങ്കി, കയ്പ്പക്ക എന്നീ ഫലങ്ങളും കരളിനെ സംരക്ഷിക്കുന്നവയാണെന്ന് തെളിഞ്ഞിട്ടുണ്ട്.
കരളിനെ സംരക്ഷിക്കാംഡോ. പ്രിയാദേവദത്ത്
അഞ്ഞൂറിലധികം വ്യത്യസ്ത ധര്‍മങ്ങള്‍ നിര്‍വഹിക്കുന്ന അതിപ്രധാനമായ ഒരു ആന്തരികാവയവമാണ് കരള്‍. കേടുപറ്റിയാല്‍ സ്വയം സുഖപ്പെടുത്താനും സ്വന്തം ശക്തിയെ പുനര്‍ജനിപ്പിക്കാനുമുള്ള ശക്തി കരളിനുണ്ട്. ഇതിനു പുറമേ അസാമാന്യമായ സഹനശേഷിയുമുണ്ട്. രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രകടിപ്പിക്കാതെ പ്രവര്‍ത്തനം തുടരുന്നതിനാല്‍ ഒട്ടുമിക്ക കരള്‍രോഗങ്ങളും ഏറെ വൈകിയാണ് കണ്ടെത്താറുള്ളത്. 'യകൃത്' എന്ന സംസ്‌കൃതപദത്താലാണ് ആയുര്‍വേദത്തില്‍ കരളിനെ സൂചിപ്പിക്കുന്നത്. 'വേണ്ട രീതിയില്‍ സംയമനം ചെയ്യുന്നത്' എന്നാണ് ഇതിനര്‍ഥം. കരളുമായി ബന്ധപ്പെട്ട് നിരവധി രോഗങ്ങള്‍ വരാറുണ്ട്. വിവിധയിനം മഞ്ഞപ്പിത്തം, കരളില്‍ കൊഴുപ്പടിയുന്ന ഫാറ്റിലിവര്‍, യകൃദുദരം (സിറോസിസ്), കാന്‍സര്‍, പലതരം അണുബാധകള്‍ തുടങ്ങിയ രോഗങ്ങള്‍ കരളിനെ ബാധിക്കാറുണ്ട്.
പ്രതികൂല സാഹചര്യങ്ങള്‍മദ്യപാനമാണ് കരളിന്റെ ആരോഗ്യത്തെ തകര്‍ക്കുന്ന പ്രധാന വില്ലന്‍. ആഹാരത്തിലൂടെയും മറ്റും ശരീരത്തിലെത്തുന്ന വിഷവസ്തുക്കളെ അരിച്ച് മാറ്റുന്ന അവയവമാണ് കരള്‍. സ്വാഭാവികമായും മദ്യത്തിലുള്ള വിഷാംശങ്ങളും കരളില്‍ വെച്ച് തന്നെയാണ് വിഘടിക്കപ്പെടുന്നതും. അതുകൊണ്ടു തന്നെ മദ്യപാനത്തിന്റെ കുഴപ്പങ്ങള്‍ ഏറ്റവുമധികം ബാധിക്കുന്നതും കരളിനെയാണ്. മദ്യപാനം കരളിലെയും ആമാശയത്തിലെയും മൃദുകലകളെ ദ്രവിപ്പിച്ച് വ്രണമുണ്ടാക്കുകയും കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുകയും ചെയ്യും. കാലക്രമേണ കരളിന്റെ ആകൃതിയും സ്വാഭാവിക ധര്‍മങ്ങള്‍ തന്നെയും നഷ്ടപ്പെട്ട് അത്യന്തം അപകടകാരിയായ സിറോസിസിലേക്ക് മദ്യപാനിയെ എത്തിക്കുകയും ചെയ്യും.
മദ്യപാനത്തിന് പുറമേ പോഷകക്കുറവ്, പച്ചക്കറികളിലും മറ്റും കലരുന്ന കീടനാശിനികള്‍, ചിലയിനം മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗം, കൃത്രിമ ഭക്ഷണം, അമിത ഭക്ഷണം, വ്യായാമത്തിന്റെയും വിശ്രമത്തിന്റെയും കുറവ്, തുടര്‍ച്ചയായ മാനസിക പിരിമുറുക്കം തുടങ്ങിയവയും കരളിന്റെ ആരോഗ്യത്തെ ബാധിക്കാറുണ്ട്. വര്‍ധിച്ച തോതിലുള്ള പ്രമേഹവും കൊളസ്‌ട്രോളും കരളിന് ഹാനികരമാണ്.
രോഗലക്ഷണങ്ങള്‍കരളിനുണ്ടാകുന്ന ചില്ലറ പ്രശ്‌നങ്ങള്‍ അത് സ്വയം പരിഹരിക്കുകയാണ് പതിവ്. അതിനാല്‍ മിക്ക കരള്‍രോഗങ്ങളും തുടക്കത്തില്‍ കാര്യമായ ലക്ഷണങ്ങള്‍ കാട്ടാറില്ല. അമിത ക്ഷീണം, അരുചി, ഛര്‍ദി, ശ്വാസത്തിന് ദുര്‍ഗന്ധം, ശരീരം മെലിച്ചില്‍, ചൊറിച്ചില്‍, വയറിനകത്തെ പലതരം അസ്വസ്ഥതകള്‍, പനി, മഞ്ഞപ്പിത്തം, രോമം കൊഴിയുക, വയറ്റില്‍ വെള്ളം കെട്ടിനില്‍ക്കുക തുടങ്ങിയവയാണ് കരള്‍രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.
മെയ്യനങ്ങാതെയുള്ള ജീവിതശൈലിയും നിയന്ത്രണമില്ലാതെ അകത്താക്കുന്ന മദ്യവും അമിതമായ കൊഴുപ്പും കൃത്രിമ നിറങ്ങള്‍ ചേര്‍ന്ന ഭക്ഷണങ്ങളും എല്ലാം തന്നെ കേരളത്തിലും കരള്‍രോഗികളുടെ എണ്ണം ഗണ്യമായി കൂട്ടി.
ജീവിതശൈലീ ക്രമീകരണങ്ങള്‍നിത്യവുമുള്ള വ്യായാമവും പോഷകങ്ങള്‍ നിറഞ്ഞ നാടന്‍ ഭക്ഷണങ്ങളും കരളിന്റെ ആരോഗ്യത്തിന് അനിവാര്യമാണ്. മദ്യപാനവും പുകവലിയും തീര്‍ത്തും ഉപേക്ഷിക്കണം. കൊഴുപ്പും നീര്‍ക്കെട്ടും കുറച്ച് കരളിനെ പ്രവര്‍ത്തന സജ്ജമാക്കാന്‍ വ്യായാമത്തിനാകും. ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രം വ്യായാമം ശീലിക്കുകയാണ് വേണ്ടത്.
കരള്‍ രോഗികള്‍ പൊതുവെ ദഹനശക്തി കുറഞ്ഞവരാണ്. അതിനാല്‍, പെട്ടെന്ന് ദഹിക്കുന്നതും പോഷകം നിറഞ്ഞതുമായ ഭക്ഷണമാണ് അവര്‍ക്ക് അനുയോജ്യം. പാല്‍ക്കഞ്ഞി, കഞ്ഞി, ഇഡ്ഡലി, സൂചിഗോതമ്പ്, മലര്, ഓട്‌സ്, പാട നീക്കിയ പാല്‍, ഇളനീര്, കാച്ചിയ മോര് ഇവ മാറിമാറി കുറഞ്ഞ അളവില്‍ പല തവണകളായി നല്‍കാം. പടവലങ്ങ, കാരറ്റ്, പപ്പായ, കുമ്പളങ്ങ, വെള്ളരിക്ക, ഇലക്കറികള്‍, പയര്‍വര്‍ഗങ്ങള്‍ ഇവയും കരളിനെ സംരക്ഷിക്കാന്‍ നിത്യഭക്ഷണത്തില്‍പ്പെടുത്തണം.
വെളുത്തുള്ളിക്കും മഞ്ഞളിനും കരളിന്റെ ആരോഗ്യസംരക്ഷണത്തില്‍ ശ്രദ്ധേയമായ പങ്കുണ്ട്. കരളില്‍ കൊഴുപ്പടിയുന്നതിനെ തടയാന്‍ വെളുത്തുള്ളി ഉത്തമമാണ്. കരളിനെ ബാധിക്കുന്ന അണുബാധയ്‌ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ വെളുത്തുള്ളിക്കാവും. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന ഗന്ധകമാകട്ടെ വിഷവസ്തുക്കള്‍ കരളിനെ നശിപ്പിക്കുന്നതു തടയുന്നു. കരളിനെ ബാധിക്കുന്ന അര്‍ബുദത്തിനെതിരെ മഞ്ഞള്‍ പ്രവര്‍ത്തിക്കും. മിതമായ അളവില്‍ മാത്രം ഇവയെ നിത്യഭക്ഷണത്തില്‍പ്പെടുത്തണം. ക്ഷീണമുള്ളപ്പോള്‍ ചെറുപയര്‍ വെന്ത വെള്ളം സൂപ്പാക്കി കഴിക്കുന്നത് കരള്‍ രോഗത്തിന് ഗുണം ചെയ്യും. ഉള്ളി, തക്കാളി, നെല്ലിക്ക, മുരിങ്ങ, മുന്തിരി, തണ്ണിമത്തന്‍, പേരയ്ക്ക ഇവയും കരളിന് ഗുണകരമാണ്.
ചികിത്സയില്‍ ഭക്ഷണം പ്രധാനപ്പെട്ട ഘടകമാണ്. തകരാറിലായ കരള്‍കോശങ്ങള്‍ക്ക് ഉണര്‍വേകാന്‍ ഭക്ഷണത്തിനാകണം. ഒപ്പം, വേണ്ടത്ര വിശ്രമവും അനിവാര്യമാണ്. ശുചിത്വം കര്‍ശനമായി പാലിക്കുകയും രോഗിയുടെ രക്തം, മലം, മൂത്രം ഇവയൊക്കെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുകയും വേണം.
ഒഴിവാക്കേണ്ടവവറുത്തതും പൊരിച്ചതുമായ ആഹാരപദാര്‍ഥങ്ങള്‍, മാംസോത്പന്നങ്ങള്‍, കേക്ക്, കടുപ്പംകൂടിയ ചായ, കാപ്പി, പപ്പടം, അച്ചാര്‍, സോസുകള്‍ ഇവ ഒഴിവാക്കുക. പച്ചക്കറികളും പഴങ്ങളും നന്നായി കഴുകി ഉപയോഗിക്കണം.
ഔഷധങ്ങള്‍പൊതുവെ കയ്പ്പും ചവര്‍പ്പും രസങ്ങളോടുകൂടിയ ഔഷധ സസ്യങ്ങളാണ് കരളിന് പഥ്യം. ഔഷധികളുടെ ഇല, കായ, പൂവ്, തണ്ടില്‍നിന്നുള്ള പാല്‍, തടിയുടെ തൊലി, വേര്, വിത്ത് ഇവയൊക്കെ കരള്‍ സംരക്ഷണത്തിന് ഉപയോഗപ്പെടുത്താറുണ്ട്. പ്ലാശ്, മുത്തങ്ങ, വേപ്പ്, മരമഞ്ഞള്‍, മഞ്ചട്ടി, കിരിയാത്ത്, അമുക്കുരം, ബ്രഹ്മി, തഴുതാമ, പര്‍പ്പടകപ്പുല്ല്, കറ്റാര്‍വാഴ, മൂടില്ലാത്താളി, പൊന്നുമ്മത്ത്, കിഴാര്‍നെല്ലി, നെല്ലിക്ക, നീലയമരി, കടുക്‌രോഹിണി തുടങ്ങിയവ കരളിന് കരുത്തേകുന്ന ഔഷധികളില്‍ ചിലതാണ്. മഞ്ഞപ്പിത്തം, കുട്ടികളിലുണ്ടാകുന്ന കരള്‍ രോഗങ്ങള്‍, അണുബാധ, കരളിലെ അര്‍ബുദം, കരള്‍വീക്കം, കരള്‍ കോശനാശം തുടങ്ങി ഓരോ രോഗാവസ്ഥയനുസരിച്ച് സസ്യങ്ങളിലെ വ്യത്യസ്തമായ ഔഷധഗുണത്തെ പ്രയോജനപ്പെടുത്തുകയാണ് ചെയ്യുന്നത്.ചിട്ടയായ വ്യായാമത്തിനും പോഷകങ്ങളടങ്ങിയ ഭക്ഷണത്തിനും തീര്‍ച്ചയായും ഗുണകരമായ ഫലങ്ങള്‍ കരള്‍രോഗത്തിന് നല്‍കാനാവും. ഒപ്പം, തെറ്റായ ജീവിതശൈലിയെ ദൂരെ നിര്‍ത്താനുമാകണം.