മഹാരോഗം എന്നാണ് ആയുര്‍വേദത്തില്‍ കിഡ്‌നി സ്‌റ്റോണിനെ പ്രതിപാദിക്കുന്നതെങ്കിലും ശ്രദ്ധയോടെയുള്ള ചികിത്സകൊണ്ട് രോഗമുക്‌തി നേടാം.
വാതവ്യാധ്യാശ്‌മരീ ഷ്‌ട്മഹോദര ഭഗന്ദരാ- ആര്‍ശാംസിഗ്രഹണീത്യഷ്‌ടമഹാരോഗ സുദൃസ്‌തര'
ആയുര്‍വേദത്തില്‍ മൂത്രാശയ കല്ല് അഥവാ മൂത്രാശ്‌മരിയെക്കുറിച്ച് പ്രതിപാദിക്കുന്നത് ഇങ്ങനെയാണ്. മഹാരോഗം എന്നാണ് ആയുര്‍വേദത്തില്‍ മൂത്രാശ്‌മരിയെക്കുറിച്ച് പറയുന്നതെങ്കിലുംശ്രദ്ധയോടെയുള്ള ചികിത്സകൊണ്ട് രോഗമുക്‌തി നേടാം എന്നും സൂചിപ്പിക്കുന്നുണ്ട്. നട്ടെല്ലിന്റെ വശങ്ങളില്‍ നിന്നും തുടങ്ങി അടിവയര്‍ വരെ വ്യാപിക്കുന്ന വേദന. അമര്‍ത്തി തടവിയാലോ, ചൂടു പിടിച്ചതു കൊണ്ടോ കുറയാത്ത വേദന. ചിലപ്പോള്‍ ശക്‌തമായ വേദനയ്‌ക്കൊപ്പം ഛര്‍ദി, നെഞ്ചിടിപ്പ്, രക്‌തസമ്മര്‍ദം തുടങ്ങിയവയും അനുഭവപ്പെടാം. ഇതിനൊക്കെ പുറമേ ഇടയ്‌ക്കിടെ മൂത്രം ഒഴിക്കാനുള്ള തോന്നലും, മൂത്രം ഒഴിക്കുമ്പോള്‍ വേദനയും, മൂത്രതടസവും. മൂത്രാശയക്കല്ല് അഥവാ മൂത്രാശ്‌മരി എന്ന രോഗത്തിന്റെ ലക്ഷണങ്ങളാണ് ഇതൊക്കെ. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ഈ രോഗം കണ്ടുവരുന്നു. ആയിരത്തില്‍ ഒരാള്‍ക്ക് വീതം രോഗം ഉണ്ടാകുന്നതായാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കേരളത്തില്‍ പുരുഷന്മാരിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. ത്രിദോഷങ്ങളായ വാതം, പിത്തം, കഫം എന്നിവയില്‍ അതാതിന്റെ കോപകാരണങ്ങളാലോ മൂന്നും കൂടി ഒന്നിച്ച് കോപിച്ചതു കൊണ്ടോ വിവിധ ലക്ഷണങ്ങളുള്ള അശ്‌മരികള്‍ മൂത്രാശയങ്ങളാല്‍ ബന്ധപ്പെട്ട് ഉണ്ടാകുന്നുവെന്ന് ആയുര്‍വേദം വിശദീകരിക്കുന്നു. ചിട്ടയായ സ്‌നേഹ, സ്വേദ, ഔഷധ ചികിത്സയിലൂടെ രോഗശമനം ഉറപ്പാക്കാം.
രോഗ കാരണങ്ങള്‍
കുടുംബപാരമ്പര്യം, ജന്മനാലുള്ള തകരാറുകള്‍, ജോലിചെയ്യുന്ന സാഹചര്യം, ആഹാരശീലങ്ങള്‍, വൃക്ക, വൃക്കനാളി, മൂത്രാശയം എന്നിവയിലെ രോഗബാധ തുടങ്ങി നിരവധി കാര്യങ്ങള്‍ മൂത്രാശ്‌മരിക്ക് കാരണമാകാം. സമയത്ത് മൂത്രവിസര്‍ജ്‌ജനം നടത്താതിരിക്കുക, കുറഞ്ഞ അളവില്‍ മാത്രം വെള്ളം കുടിക്കുക തുടങ്ങിയവയും മൂത്രാശ്‌മരിക്ക് കാരണമാണ്. മൂത്രവേഗം തടയുന്ന സ്വഭാവമുള്ളവരില്‍ വൃക്കകള്‍, മൂത്രവസ്‌തി എന്നിവയില്‍ മൂത്രം കെട്ടിനിന്ന് ഖരപദാര്‍ഥങ്ങള്‍ വളരെക്കാലം കൊണ്ട് അടിഞ്ഞു കൂടി കല്ലുണ്ടാകുന്നു. കാത്സ്യം, ജീവകം ഡി ഇവ ധാരാളമടങ്ങിയ ഭഷ്യവസ്‌തുക്കള്‍, ക്ഷാരഗുണത്തോടു കൂടിയ ഔഷധങ്ങളുടെ ഉപയോഗം എന്നിവയും രോഗ കാരണമാണ്. മൂത്രത്തില്‍ ലയിച്ചു പോകാനാകാത്ത വിധം മൂത്രത്തിലെ പരലുകള്‍ക്ക് സാന്ദ്രതയുണ്ടാകുമ്പോഴാണ് അവ കല്ലുകളായി രൂപപ്പെടുന്നത്. ഇത് ഫോസ്‌ഫേറ്റ് ക്രിസ്‌റ്റല്‍, കാത്സ്യം ഓക്‌സ്ലേറ്റ്, അമോര്‍ഫ്‌സ് യൂറൈറ്റസ് എന്നീ മൂന്നു തരത്തില്‍ കാണപ്പെടുന്നു. നമ്മുടെ നാട്ടിലെ രോഗികളില്‍ കൂടുതലായി കണ്ടുവരുന്നത് കാത്സ്യം ഓക്‌സൈറ്റ് കല്ലുകളാണ്. കുമ്മായ നിറത്തില്‍ കാണപ്പെടുന്ന ഇത്തരം കല്ലുകള്‍ രക്‌താണുക്കളുമായി കൂടികലര്‍ന്ന് കാലക്രമേണ കറുത്ത നിറത്തിലാകും. പിന്നീട് കാഠിന്യമുള്ള കല്ലുകളായി മാറുന്നു. ചെറു തരികളായിരിക്കുമ്പോള്‍ ഇവ മൂത്രത്തിലൂടെ പുറം തള്ളപ്പെടും. ചിലപ്പോള്‍ മൂത്രാശയസഞ്ചിക്കുള്ളില്‍ തന്നെ കല്ലുകള്‍ രൂപം കൊള്ളുന്നു, മറ്റു ചിലപ്പോള്‍ വൃക്കകളില്‍ ഉണ്ടാകുന്ന കല്ലുകള്‍ മൂത്രാശയത്തില്‍ എത്തിച്ചേരുന്നു.മൂത്രത്തില്‍ പഴുപ്പുണ്ടെങ്കില്‍ കല്ലുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. കല്ലുണ്ടെങ്കില്‍ പഴുപ്പുണ്ടാവാനുള്ള സാധ്യതയും ഏറെയാണ്. കല്ലുകള്‍ ദീര്‍ഘകാലം മൂത്രസഞ്ചിക്കുള്ളില്‍ ഇരിക്കുന്നത് മൂത്രാശയഭിത്തിക്ക് കേടുപാടുകള്‍ സംഭവിക്കുന്നതിനും പിന്നീട് അര്‍ബുദത്തിനും വഴിവയ്‌ക്കുന്നു.
രോഗലക്ഷണങ്ങള്‍
കല്ലിന്റെ വലിപ്പം, സ്‌ഥാനം, ചലനം, അനുബന്ധരോഗങ്ങള്‍ എന്നിവ അനുസരിച്ച് രോഗലക്ഷണങ്ങളില്‍ വ്യത്യാസം ഉണ്ടാകുന്നതായി കാണപ്പെടുന്നു. കഠിനമായ മൂത്രാശ്‌മരി ബാധിച്ചിട്ടുണ്ടെങ്കില്‍ തന്നെ വളരെക്കാലം ഒരു ലക്ഷണവും കാണിച്ചില്ലെന്നും വരാം. ചെറിയ കല്ലുകള്‍ പോലും അസഹനീയമായ വേദന ഉണ്ടാക്കുന്നതായി കണ്ടിട്ടുണ്ട്. വൃക്കയിലോ, മൂത്രസഞ്ചിയിലോ ഉള്ള കല്ലുകള്‍ ഉണ്ടാക്കുന്നതിനേക്കാള്‍ ശക്‌തിയേറിയ വേദന വൃക്കനാളിയിലെ ചെറിയ കല്ലുകള്‍ മൂലം ഉണ്ടാകുന്നു. മൂത്രനാളിയില്‍ കല്ല് പൂര്‍ണ്ണമായും തടഞ്ഞാല്‍ മൂത്രവിസര്‍ജ്‌ജന അളവ് തീരെ കുറയും. ഗുരുതരമായ മൂത്രാശ്‌മരിയില്‍ രക്‌തം കലര്‍ന്ന മൂത്രം വിസര്‍ജ്‌ജിക്കും. വൃക്കകള്‍ക്ക് പ്രവര്‍ത്തനമാന്ദ്യം, കല്ലിന്റെ മൂര്‍ച്ചയുള്ള ഭാഗങ്ങള്‍ തട്ടി അവയവങ്ങള്‍ക്ക് മുറിവ്, കാന്‍സര്‍ തുടങ്ങിയവ ഉണ്ടാകാം. ചില സന്ദര്‍ഭങ്ങളില്‍ വൃക്കനാളിയിലുണ്ടാകുന്ന മുറിവുകള്‍ വൃക്കനാളിയുടെ ദ്രവീകരണത്തിനു പോലും കാരണമായി തീരാറുണ്ട്. സാധാരണ അവസ്‌ഥയില്‍ അറുപത് ശതമാനം കല്ലുകളും തനിയേ മൂത്രത്തിലൂടെ പുറത്തേക്കു പോകുന്നു. ഒരിക്കല്‍ കല്ലുകള്‍ രൂപപ്പെട്ടാല്‍ അതു ചികിത്സിച്ചു മാറ്റിയാലും പിന്നീട് രോഗം വരാനുള്ള സാധ്യത നിലനില്‌ക്കുന്നതിനാല്‍, ചികിത്സകന്റെ നിര്‍ദ്ദേശാനുസരണം ഭക്ഷണം നിയന്ത്രിച്ചും, ക്രമമായ ജീവിതനിഷ്‌ഠകള്‍ വച്ചു പുലര്‍ത്തിയും രോഗം തടഞ്ഞു നിര്‍ത്താന്‍ കഴിയും.
ചികിത്സ
ആയുര്‍വേദത്തില്‍ മൂത്രാശ്‌മരിക്ക് ഇഞ്ചി ലേപനം ഫലപ്രദമായി കണ്ടുവരുന്നു. ഇഞ്ചി നന്നായി അരച്ച് നട്ടെല്ലിന്റെ വശങ്ങളില്‍ നിന്നും അടിവയര്‍ വരെ ലേപനം ചെയ്‌ത് അരമണിക്കൂറിനുശേഷം ധാന്വന്തരം കുഴമ്പ് ദേഹം മുഴുവന്‍ തടവുക. കുറച്ചു സമയം കഴിയുമ്പോള്‍ ശരീരം വിയര്‍ത്തു തുടങ്ങും. അപ്പോള്‍ ശരീരത്തിന്റെ അരഭാഗം മുഴുവന്‍ മുങ്ങുന്ന രീതിയില്‍, സഹിക്കാവുന്ന ചൂടുള്ള വെള്ളത്തില്‍ ഇറങ്ങിയിരിക്കുക. ദേഹം വിയര്‍ക്കുന്നതു വരെ ഇപ്രകാരം തുടരാം. ഈ ചികിത്സാരീതിയാണ് അവഗാഹസ്വേദം എന്നറിയപ്പെടുന്നത്. ഇത് ഒരാഴ്‌ച നിത്യവും ചെയ്യണം. ഒപ്പം വൈദ്യ നിര്‍ദ്ദേശാനുസരണം മരുന്നു സേവിക്കുക, അശ്‌മരി ശമിം. തീക്ഷ്‌ണോഷ്‌ണ ഭക്ഷണങ്ങള്‍ എന്നറിയപ്പെടുന്ന മസാല ചേര്‍ത്ത ആഹാര സാധനങ്ങള്‍, എരിവ്, പുളി എന്നിവ, ലഹരികള്‍, കോളകള്‍ ഇവ ഉപേക്ഷിക്കേണ്ടതാണ്. ചികിത്സാ സമയത്ത് തീക്ഷ്‌്ണ സ്വഭാവമുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതു ഒഴിവാക്കണമെന്ന് ചികിത്സകന്‍ നിര്‍ദ്ദേശിക്കുന്നതിനു കാരണം, ഇത്തരം ആഹാരസാധനങ്ങള്‍ മൂലം അസിഡിറ്റി ഉണ്ടാകുകയും, മരുന്നുകള്‍ ഫലിക്കുന്നതിന് കാലതാമസം നേരിടുകയും ചെയ്യും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഓക്‌സലേറ്റുകളും, യൂറിക്കാസിഡുകളും ധാരാളമായി അടങ്ങിയിരിക്കുന്ന പാല്‍, ഐസ്‌ക്രീം, ചോക്കലേറ്റ്, ചുവന്ന ചീര, ചേന, കപ്പലണ്ടി, അണ്ടിപ്പരിപ്പ്, കാപ്പി, ചായ, കടല, സോഫ്‌റ്റ് ഡ്രിംഗ്‌സ്, കോളകള്‍, മദ്യം എന്നിവ ഉപേക്ഷിക്കണം. ചുവന്ന നിറമുള്ള മത്സ്യങ്ങള്‍, ചാള മത്സ്യം, പന്നിയിറച്ചി, കോഴിയിറച്ചി, കരള്‍, ടിന്ന് ഫുഡ് എന്നിവ തീര്‍ത്തും ഒഴിവാക്കണം. ദിവസവും മൂന്നു ലിറ്ററോളം വെള്ളം കുടിക്കുക. ഭക്ഷണത്തില്‍ ഉപ്പ്, മാംസാഹാരങ്ങള്‍,പാലുത്‌പന്നങ്ങള്‍ എന്നിവ കുറയ്‌ക്കുക. അമിതഭാരം നിയന്ത്രിക്കുക എന്നിവയിലൂടെ മൂത്രാശ്‌മരി തടഞ്ഞു നിര്‍ത്താം.ഉഷ്‌ണകാലത്ത് വെള്ളം ധാരാളമായി കുടിക്കുക. വിയര്‍പ്പ് കൂടുതല്‍ അനുഭവപ്പെടുമ്പോള്‍ നിര്‍ജ്‌ജലീകരണം സംഭവിക്കാതിരിക്കാന്‍ ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക.
അഭവ ചികിത്സകള്‍
1. തൊട്ടാവാടി സമൂലം കഷായം വച്ച് ഞെരിഞ്ഞില്‍ പൊടിച്ചിട്ട് തിളപ്പിച്ച് അരിച്ചെടുത്തതിനുശേഷം കഴിക്കുകയും, തൊട്ടാവാടി സമൂലം ഇടിച്ചു പിഴിഞ്ഞ നീര് 15 എം. എല്‍ വീതം ദിവസവും കഴിക്കുകയും ചെയ്‌താല്‍ അശ്‌മരിക്ക് ആശ്വാസം കിട്ടും.2. തഴുതാമ സമൂലം ഇട്ടു തിളപ്പിച്ച വെള്ളം ധാരാളമായി കുടിക്കുക.3. മുരിങ്ങയുടെ തൊലി മൊരി കളഞ്ഞ് ചതച്ച് 60 ഗ്രാം എടുത്ത് വെള്ളത്തില്‍ തിളപ്പിച്ച് കഷായം വച്ച് നാലിലൊന്നായി വറ്റിച്ച് ചെറു ചൂടോടെ രാവിലേയും വൈകുന്നേരവും കുടിക്കുന്നത് ഫലപ്രദം.4. മുരിങ്ങയുടെ വേര് 60 ഗ്രാം എടുത്ത് നാലിരട്ടി വെള്ളത്തില്‍ തിളപ്പിച്ച് നാലിലൊന്നായി വറ്റിച്ച് രാവിലേയും വൈകുന്നേരവും ചെറുചൂടോടെ കഴിക്കുക.5. ഞെരിഞ്ഞില്‍ ചതച്ച് 60 ഗ്രാം എടുത്ത് 1300 എം.എല്‍ കഷായം വയ്‌ച്ച് വറ്റിച്ച് 300 എം.എല്‍ ആക്കി അതില്‍ അഞ്ചു ഗ്രാം ചവര്‍ക്കാരം ചേര്‍ത്ത് കൊടുക്കുന്നത് അശ്‌മരിക്ക് നന്ന്.6. ഞെരിഞ്ഞില്‍ ചതച്ചിട്ട് വെള്ളം തിളപ്പിച്ചതിനു ശേഷം തുണിയില്‍ അരിച്ചു മാത്രമേ വെള്ളം കുടിക്കാവൂ. കാരണം ഞെരിഞ്ഞിലില്‍ ചെറിയ മുള്ളുകള്‍ ധാരാളമായുണ്ട്.7. വാഴപ്പിണ്ടിനീര് (പാളയംകോടന്‍ വാഴയുടെ) ഒരു ഗ്ലാസ് കുടിക്കുക.8. ചെറൂളയിട്ട് വെന്ത വെള്ളം കുടിക്കുക9. നീര്‍മാതളത്തൊലി കഷായത്തില്‍ അതു തന്നെ അരച്ചു കലക്കി കുടിക്കുക.10. ഒരു കഴഞ്ച് ഇരട്ടി മധുരം പൊടിച്ച് കാടിയില്‍ സേവിക്കുക.11. ചവര്‍ക്കാരം പൊടിച്ചു ഭസ്‌മം ചേര്‍ത്തു കഴിക്കുക.12. കരിനൊച്ചിവേര്, തിപ്പലി എന്നിവ സമം ഇളനീര്‍ വെള്ളത്തില്‍ അരച്ചു കലക്കി കഴിക്കുക.13. കല്ലുക്കി പച്ചില ഒരു നെല്ലിക്കാ വലിപ്പത്തില്‍ അരച്ചുരുട്ടി പശുവിന്‍പാലില്‍ വെറും വയറ്റില്‍ കഴിക്കുക.14. ബാര്‍ലി അരി ഇട്ടു തിളപ്പിച്ച വെള്ളം ധാരാളമായി കുടിക്കുന്നത് നല്ലതാണ്.15. ബൃഹത്യാധിഗണം എന്നറിയപ്പെടുന്ന ഓരില, മൂന്നില, ചെറുവഴുതന, ചെറൂള എന്നിവ ഓരോന്നും 10 ഗ്രാം വീതവും, ഞെരിഞ്ഞില്‍ 20 ഗ്രാമും എടുത്ത് തിളപ്പിച്ച് പലവട്ടമായി ചെറു ചൂടോടെ കുടിക്കുക.16. ബൃഹത്യാധിഗണം തന്നെ പാല്‍ കഷായമാക്കിയും കുടിക്കാവുന്നതാണ്. ഒരു ലിറ്റര്‍ വെള്ളത്തില്‍ മുകളില്‍ പറഞ്ഞ ചേരുവകള്‍ ചേര്‍ത്ത് തിളപ്പിച്ച് ഒരു ഗ്ലാസ് ആക്കി വറ്റിച്ച് തുണിയില്‍ അരിച്ചെടുത്തതിനു ശേഷം, ഒരു ഗ്ലാസ് പാല്‍ കൂടി ചേര്‍ത്ത് പകുതിയാക്കി വറ്റിച്ച് രാത്രി കിടക്കുന്നതിനു മുന്‍പ് കുടിക്കുക. മൂത്രാശ്‌മരിക്ക് ഫലപ്രദം.17. ചെറു ചൂടുവെള്ളം ധാരാളമായി കുടിക്കുക. ഇളനീര്‍ കുടിക്കുന്നതും നല്ലതാണ്.18. പരമ്പരാഗത ഔഷധയോഗങ്ങളായ ധാന്വന്തരം കഷായം വീരതരാധിഗണ കഷായം, ചന്ദ്രപ്രഭ ഗുളിക, ദശമൂല ഹരിതകി ലേഹ്യം എന്നിവ രോഗാവസ്‌ഥയുടെ വിവിധ ഘട്ടങ്ങളില്‍ ഫലപ്രദമായി ഉപയോഗിച്ചു വരുന്നു. ചികിത്സകന്റെ നിര്‍ദ്ദേശാനുസരണം മാത്രമേ മരുന്നുകള്‍ സേവിക്കുവാന്‍ പാടുള്ളൂ.
നീര്‍മാതളം : നീര്‍മാതളത്തിന്റെ വേരിന്മേല്‍ തൊലി കഷായം വച്ച് 25 എം എല്‍ രണ്ടു നേരം കഴിച്ചാല്‍ മൂത്രാശയക്കല്ല് പൊടിഞ്ഞു പോം.
നെല്ലിക്ക : പച്ച നെല്ലിക്ക അരച്ച് പൊക്കിളി ചുറ്റും പുരട്ടിയാല്‍ മൂത്രതടസ്സം മാറും.
കസ്‌തൂരിവെണ്ട: വിത്തും, ഇലയും, വേം കഷായം വച്ചു കഴിന്നത് നന്ന്.
മുതിര : മുതിര മുളപ്പിച്ച് കഴിന്നത് വളരെ ഫലപ്രദമാണ്.
കാലാവസ്‌ഥയനുസരിച്ച് ജീവിതശൈലി
ആയുര്‍വേദത്തില്‍ കാലാവസ്‌ഥയ്‌ക്ക് മുഖ്യസ്‌ഥാനമാണുള്ളത്. കാലാവസ്‌ഥയനുസരിച്ച് ജീവിതശൈലിയിലും മാറ്റം വരുത്തണം. കിഡ്‌നി സ്‌റ്റോണ്‍ ഒഴിവാക്കുന്നതിനും ഇത്തരം ശീലങ്ങള്‍ പ്രയോജനപ്പെടും. ഓരോ ഋതുക്കള്‍ക്ക് അനുസൃതമായി ശരീരത്തിന് യോജിച്ച ഔഷധങ്ങള്‍ ചേര്‍ത്ത് തിളപ്പിച്ച വെള്ളം കുടിക്കണമെന്നാണ് ആയുര്‍വേദം പറയുന്നത്. കൊത്തമല്ലി, ചുക്ക് എന്നീ രണ്ട് ഔഷധങ്ങള്‍ പാനചൂര്‍ണങ്ങളായി ഉപയോഗിക്കണം. കൊത്തമല്ലി ഉഷ്‌ണകാലത്തും ചുക്ക് ശീതകാലത്തും വെള്ളം തിളപ്പിക്കാന്‍ ഉപയോഗിക്കാം. കരിങ്ങാലിക്കാതലും പതിമുഖവുമെല്ലാം വിവിധ രോഗങ്ങള്‍ക്കുള്ള ഔഷധമായി ആയുര്‍വേദം പറയുന്നു. ശരീരത്തിന് ആവശ്യമായ അളവില്‍ വെള്ളം കുടിക്കുക. ഉഷ്‌ണകാലത്ത് ശരീരത്തിലെ ജലാംശം കുറയുമ്പോള്‍ കൂടുതല്‍ ജലാംശം അടങ്ങിയ വെള്ളരിക്ക, പടവലങ്ങ, തണ്ണിമത്തന്‍ തുടങ്ങിയവ ധാരാളമായി കഴിക്കാം. വെള്ളരിക്കയിലേയും മറ്റും മാംസളഭാഗം കഴിക്കുന്നത് വൃക്കയില്‍ കല്ല് രൂപപ്പെടുന്നത് തടയും.
No comments:
Post a Comment