ശരീരപുഷ്ടിക്ക് വിശേഷപ്പെട്ട ആയുര്‍വേദൌഷധം. ആട്ടിന്‍ മാംസരസം ചേര്‍ക്കുന്നതുകൊണ്ട് ഈ പേര്‍ ലഭിച്ചു. ശരീരധാതുക്കള്‍ക്ക് വേണ്ടത്ര വൃദ്ധിനല്‍കി ഓജസ്സും തേജസ്സും വര്‍ധിപ്പിക്കുകയും ക്ഷയം, കാസശ്വാസം, ഉരഃക്ഷതം, ജീര്‍ണജ്വരം തുടങ്ങിയ രോഗങ്ങളെ ശമിപ്പിക്കുകയും ചെയ്യും.
നിര്‍മാണവിധി. കുറുന്തോട്ടിവേര് 12 പലം, ദശമൂലം ഓരോന്നും രണ്ടര പലംവീതം, ആടലോടകവേര് 50 പലം. ഈ മരുന്നുകള്‍ ഓരോന്നും നല്ലവണ്ണം കഴുകി നുറുക്കി ചതച്ച് 64 ഇടങ്ങഴി വെള്ളത്തില്‍ കഷായം വയ്ക്കണം; കഷായംവറ്റി 16 ഇടങ്ങഴി ആകുമ്പോള്‍ കൊത്തുകളഞ്ഞ് അരിച്ചെടുക്കണം. ആട്ടിന്‍മാംസം 64 പലം 16 ഇടങ്ങഴി വെള്ളത്തില്‍ വേവിച്ചു വറ്റിച്ച് നാലിടങ്ങഴി സൂപ്പെടുക്കണം. മുമ്പു പറഞ്ഞ കഷായവും മാംസരസവും ഒന്നിച്ചു ചേര്‍ത്ത് അതില്‍ ശര്‍ക്കരയും കല്‍ക്കണ്ടവും 32 പലം വീതം ചേര്‍ത്തിളക്കി പാകപ്പെടുത്തണം. ലേഹ്യപാകമാകുമ്പോള്‍ താഴെ കാണിച്ചിരിക്കുന്ന മരുന്നുകള്‍ പൊടിച്ചുചേര്‍ക്കണം.
അരിവക 6 (കുടകപ്പാലയരി, കാര്‍കോകിലരി, ചെറുപുന്നയരി, കൊത്തംപാലരി, ഏലത്തരി, വിഴാലരി), ജീരകം, കരിം ജീരകം, പെരുംജീരകം, ജാതിക്കാ, ജാതിപത്രി, ഗ്രാമ്പൂവ്, എലവര്‍ങം, കാര്‍കോളി, ക്ഷീരകാര്‍കോളി, ചുക്ക്, മുളക്, തിപ്പലി, നാഗപ്പൂവ്, പച്ചില, ഉലുവ, ആശാളി, കടുക്, വരട്ടുമഞ്ഞള്‍ ഇവ ഒരു പലംവീതവും ഗോതമ്പുപൊടി 2 പലം; ഞവരഅരി വറുത്തുപൊടിച്ചത് 4 പലം. ഇവയെല്ലാം ചേര്‍ത്തിളക്കി വീണ്ടും താഴെ പറയുന്ന സാധനങ്ങള്‍ ചേര്‍ക്കണം: പശുവിന്‍ നെയ്യ് ഒരിടങ്ങഴി, നല്ലെണ്ണ ഒരിടങ്ങഴി, പഞ്ചസാര 12 പലം (പൊടിച്ച്) ഇവ ചേര്‍ത്തിളക്കി പാകത്തിന് അടുപ്പില്‍ നിന്നും ഇറക്കിവച്ച് പച്ചക്കര്‍പ്പൂരം, ഗോരോചന, വെരുകിന്‍പുഴു, കസ്തൂരി ഇവ 8 പണമിടവീതം ചേര്‍ത്ത് ഇളക്കി തണുത്തശേഷം ഒരിടങ്ങഴി തേന്‍ ചേര്‍ത്തു വീണ്ടും ഇളക്കിയോജിപ്പിക്കണം.
No comments:
Post a Comment