തലവേദനയ്ക്ക് കര്‍പ്പൂരലേപനംതലവേദനകള്‍ 150 ഓളമുണ്ട്. ടെന്‍ഷന്‍ തലവേദന, മൈഗ്രേന്‍, കഌസ്റ്റര്‍ തലവേദന, അപകടങ്ങള്‍, മദ്യപാനം, അണുബാധകള്‍, വിവിധ രോഗങ്ങള്‍ തുടങ്ങിയവ മൂലമുള്ള തലവേദനകള്‍ എന്നിവയാണ് ഇവയില്‍ പ്രധാനം. ടെന്‍ഷന്‍ തലവേദനയാണ് ഏറ്റവും വ്യാപകം. പുരുഷന്മാരില്‍ മൂന്നില്‍ രണ്ട് പേരും സ്ത്രീകളില്‍ നാലില്‍ മൂന്ന് പേരും ടെന്‍ഷന്‍ തലവേദന അനുഭവിക്കുന്നവരാണ്. ടെന്‍ഷനുണ്ടാകുമ്പോള്‍ മുഖം, നെറ്റി, കഴുത്ത് എന്നിവിടങ്ങളിലെ പേശികള്‍ മുറുകുന്നതാണ് ഇത്തരം തലവേദനക്ക് കാരണമെന്നാണ് കരുതപ്പെടുന്നത്.
തലവേദനകളില്‍ ഏറ്റവും ശല്ല്യക്കാരന്‍ മൈഗ്രേനാണ്. മൈഗ്രേന്‍ കൂടുതലും സ്ത്രീകളിലാണ്. തലയിലും നെറ്റിയിലും വിങ്ങലും വേദനയും, കാഴ്ച മങ്ങുക, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവയൊക്കെ മൈഗ്രേന്‍ ലക്ഷണങ്ങളാണ്. കഌസ്റ്റര്‍ തലവേദന പുരുഷന്മാരിലാണ് കൂടുതല്‍. മുഖത്തിന്റെ ഒരു ഭാഗത്തായിരിക്കും വേദന. കണ്‍പോളകള്‍ പിടയുക, കണ്ണില്‍ വെള്ളം നിറയുക, മൂക്കടയുക തുടങ്ങിയ അസ്വസ്ഥതകളും അനുഭവപ്പെടാം. 15 മിനുട്ട് മുതല്‍ 3 മണിക്കൂര്‍ വരെ നീളാവുന്ന കഌസ്റ്റര്‍ തലവേദന പിന്നീട് താനേ മാറും.
ബിപി, സ്‌ട്രോക്, ശ്വാസകോശരോഗങ്ങള്‍, തലയ്ക്കുള്ളിലെ രക്തസ്രാവം, കാഴ്ച പ്രശ്‌നങ്ങള്‍, സൈനസൈറ്റിസ്, അലര്‍ജി, ഇസ്‌നോഫീലിയ തുടങ്ങിയ രോഗങ്ങളും കണ്ണ്, മൂക്ക്, ചെവി തുടങ്ങിയ ഭാഗങ്ങളിലുണ്ടാകുന്ന അസ്വസ്ഥതകളും തലവേദനയുണ്ടാക്കാം.
തലവേദനക്ക് പതിവായി വേദന സംഹാരികള്‍ വാങ്ങിക്കഴിക്കുന്നത് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കും. സ്ഥിരമായി ലേപനൗഷധങ്ങള്‍ ഉപയോഗിക്കുന്നതും നല്ലതല്ല. സംവേദന നാഡികളില്‍ മരവിപ്പുണ്ടാക്കി താത്ക്കാലികാശ്വാസം നല്‍കുന്ന ഇവ അലര്‍ജിക്കിടയാക്കാം. മഞ്ഞ്, മഴ, വെയില്‍, പുക എന്നിവ കൊള്ളുന്നതും അസമയത്ത് കുളിക്കുന്നതും ഉറക്കമിളക്കുന്നതും ഒഴിവാക്കണം. ചെറുനാരങ്ങ നീരില്‍ ചന്ദനവും കര്‍പ്പൂരവും ചാലിച്ച് നെറ്റിയിലിടുന്നത് ആശ്വാസമേകും. ചുക്ക്, കുരുമുളക്, മഞ്ഞള്‍ എന്നിവ തുല്യ അളവിലെടുത്ത് പൊടിച്ച് തുണിയില്‍ വെച്ച് തിരിയാക്കി നെയ്യില്‍ മുക്കി കത്തിച്ച് പുക ശ്വസിക്കുന്നത് സൈനസൈറ്റിസ് തലവേദനക്ക് ഫലപ്രദമാണ്. മുലപ്പാല്‍ കൊണ്ട് നസ്യം ചെയ്യുന്നതും നല്ലതാണ്. നെല്ലിക്കയുടെ തൊലി പശുവിന്‍ പാലിലരച്ച് നെറ്റിയിലിടുന്നതും ആശ്വാസം നല്‍കും.
No comments:
Post a Comment