വന്ധ്യത: ആയുര്‍വേദ ചികിത്സ ഫലപ്രദംകുഞ്ഞുണ്ടാകാന്‍ വൈകിയാല്‍ പിന്നെ ടെന്‍ഷനായി, പ്രശ്‌നങ്ങളായി. കാരണങ്ങള്‍ പലതാണ്. വന്ധ്യതയ്ക്കുള്ള ആയുര്‍വേദ ചികിത്സാവിധികള്‍ അഷ്ടവൈദ്യന്‍ വൈദ്യമഠം ഋഷികുമാരന്‍ നമ്പൂതിരി വിശദീകരിക്കുന്നു...
ദാമ്പത്യജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമാണ് ഒരു കുഞ്ഞുണ്ടാവുക എന്നത്. എന്നാല്‍ എല്ലാവര്‍ക്കും സന്താനലബ്ധി ആഗ്രഹിക്കുംപോലെ ഉണ്ടായെന്നുവരില്ല. ചിലര്‍ക്ക് ജന്മനാലുള്ള ശാരീരിക പ്രശ്‌നങ്ങളാകാം കാരണം. മറ്റുചിലര്‍ക്ക് താത്കാലികമായ ചില തടസ്സങ്ങള്‍കൊണ്ട് ഗര്‍ഭധാരണത്തിന് വിഷമം നേരിടുന്നതാകാം.
ശരിയായ കാരണം കണ്ടെത്തിയാല്‍ ഒട്ടുമിക്ക വന്ധ്യതാ പ്രശ്‌നങ്ങളും ചികിത്സിച്ച് ഭേദമാക്കാന്‍ ആയുര്‍വേദം വഴി നിര്‍ദേശിക്കുന്നുണ്ട്. ശുക്ലാര്‍ത്തവശുദ്ധിയാണ് വന്ധ്യതയ്ക്ക് ആയുര്‍വേദം നിര്‍ദേശിക്കുന്ന പ്രധാന ചികിത്സാമാര്‍ഗം.
ആദ്യം ഗര്‍ഭധാരണത്തിന് തടസ്സമാകുന്ന കാരണങ്ങള്‍ കണ്ടെത്തിയശേഷമേ വന്ധ്യതയ്ക്ക് ചികിത്സ സാധ്യമാകൂ. വന്ധ്യത അനുഭവിക്കുന്ന മൂന്നിലൊന്ന് പേര്‍ക്കും പലതരത്തിലുള്ള മാനസിക പ്രശ്‌നങ്ങളാണ് ഗര്‍ഭധാരണത്തിന് തടസ്സമാവുന്നത്. ഉദ്ധാരണശേഷിയില്ലായ്മ, ശീഘ്രസ്ഖലനം, സ്ത്രീകളിലെ ലൈംഗികമരവിപ്പ് തുടങ്ങിയ പ്രശ്‌നങ്ങളില്‍ പലതിന്റെയും അടിസ്ഥാനകാരണം മാനസികമാണ്. ഇതിന് മാനസിക ചികിത്സയാണ് വേണ്ടത്. മാനസിക കാരണങ്ങള്‍ കൊണ്ട് അല്ലാതെ ഗര്‍ഭധാരണം നടക്കാത്ത അവസ്ഥയ്ക്ക് കാരണങ്ങള്‍ പലതുണ്ട്.ആഹാരരീതിയിലെ മാറ്റംഹോട്ടല്‍ ഭക്ഷണം രുചികരമായിരിക്കാം. പക്ഷേ, അതിന്റെ ചേരുവകളില്‍ ഏറെയും ആരോഗ്യത്തെ നശിപ്പിക്കുന്നവയാണ്. എണ്ണയില്‍ വറുത്തതും അധികം എരിവ്, പുളി എന്നിവ ചേര്‍ത്തതുമായ ഭക്ഷണം തുടര്‍ച്ചയായി കഴിക്കുന്നത് പ്രത്യുത്പാദനശേഷിയെ ബാധിക്കും.
മാംസവും കൊഴുപ്പും കൂടിയ ഭക്ഷണം കഴിക്കുന്ന സ്ത്രീകള്‍ക്ക് പോളിസിസ്റ്റിക് ഓവേറിയന്‍ ഡിസീസ് പോലുള്ള രോഗത്തിന് സാധ്യത കൂടുതലാണ്. പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടെ നാരടങ്ങിയ ഭക്ഷണം ശീലിക്കുന്നത് നന്നായിരിക്കും. അമിതഭക്ഷണവും അല്പഭക്ഷണവും നന്നല്ല. ഇതുരണ്ടും ആര്‍ത്തവദൂഷ്യങ്ങള്‍ ഉണ്ടാക്കും.
കീടനാശിനി തളിച്ച പഴങ്ങള്‍ കഴിക്കുന്നത് പ്രത്യുത്പാദനശേഷിയെ തകരാറിലാക്കാന്‍ പോന്നതാണ്. നാടന്‍ കോഴിയിറച്ചി, ആട്ടിറച്ചി എന്നിവ വാജീകരണശേഷിയുള്ള ഭക്ഷണമാണ്.മരുന്നുകള്‍ ദോഷംമറ്റു രോഗത്തിനുവേണ്ടി കഴിക്കുന്ന മരുന്നുകളുടെ പാര്‍ശ്വഫലമായി വന്ധ്യത വരാനുള്ള സാധ്യത ചുരുക്കമാണെങ്കിലും നിലവിലുണ്ട്. മനോരോഗചികിത്സയ്ക്കായി അലോപ്പതി മരുന്നുകളുടെ തുടര്‍ച്ചയായുള്ള ഉപയോഗം കൂടുതല്‍ അപകടകരമാണ്. അര്‍ബുദത്തിനുവേണ്ടി ഉപയോഗിക്കുന്ന ഹോര്‍മോണ്‍ സ്വഭാവമുള്ള ചില മരുന്നുകളുടെ ഉപയോഗം ബീജോത്പാദകകോശങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കാറുണ്ട്.ഉത്തേജകമരുന്നുകള്‍, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം വലിയ അളവില്‍ പ്രത്യുത്പാദനശേഷിയെ ബാധിക്കാം. അണുബാധ തടയാന്‍ തുടര്‍ച്ചയായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതും നല്ലതല്ല.
ആയുര്‍വേദമരുന്നുകളില്‍ മനോരോഗചികിത്സയ്ക്കുള്ള സര്‍പ്പഗന്ധിമരുന്ന് തുടര്‍ച്ചയായി കഴിക്കുന്നത് ചിലപ്പോള്‍ പ്രശ്‌നമായി കാണാറുണ്ട്.
++++++++++പരുത്തി വസ്ത്രങ്ങള്‍ നല്ലത്ഇറുകിയ വസ്ത്രധാരണം ശരീരത്തെ ചൂടുപിടിപ്പിക്കും. കാറ്റു തട്ടാത്ത രീതിയില്‍ വസ്ത്രം ധരിച്ചാല്‍ വൃഷണങ്ങളില്‍ ബീജം വളരാന്‍ സാധിക്കാതെ നശിച്ചുപോകും. ഗര്‍ഭാശയത്തിലേക്ക് കാറ്റ് കടക്കുന്ന രീതിയിലുള്ള വസ്ത്രധാരണമാണ് സ്ത്രീകളുടെ കാര്യത്തില്‍ നല്ലത്. ഇറുകിയ അടിവസ്ത്രങ്ങള്‍ ഒഴിവാക്കണം.പ്രമേഹം മുഖ്യശത്രുസ്ത്രീക്കും പുരുഷനും പ്രമേഹം അനപത്യതയ്ക്കുള്ള കാരണമാകാറുണ്ട്. വാതരോഗങ്ങള്‍, മൂത്രാശയരോഗങ്ങള്‍, ഹെര്‍ണിയ, പാരമ്പര്യരോഗങ്ങള്‍, ചര്‍മരോഗങ്ങള്‍, അര്‍ശസ്സ് പോലുള്ളവ ലൈംഗികശേഷി കുറയ്ക്കുന്നതായി കാണാറുണ്ട്.
ലൈംഗികമല്ലാത്ത ഏതെങ്കിലും രോഗം അനപത്യതയ്ക്ക് കാരണമാകുന്നുവെങ്കില്‍ ആ രോഗത്തിന് ആദ്യം ചികിത്സയിലൂടെ ശമനമുണ്ടാക്കുകയാണ് വേണ്ടത്. ഈ ചികിത്സയ്‌ക്കൊപ്പം തന്നെ ആര്‍ത്തവശുദ്ധിക്കും ബീജശുദ്ധിക്കും ചികിത്സകള്‍ നല്‍കണം.പ്രായം പ്രധാനംഗര്‍ഭധാരണത്തിന്റെ കാര്യത്തില്‍ സ്ത്രീയുടെ പ്രായത്തിന് പ്രാധാന്യമുണ്ട്. സന്താനലബ്ധിക്ക് ആയുര്‍വേദം നിര്‍ദേശിക്കുന്ന പ്രായം സ്ത്രീക്ക് പതിനെട്ടും പുരുഷന് 21ഉം ആണ്. കേരളീയ സാഹചര്യത്തില്‍ ഇത് സാധ്യമാകാറില്ല. എങ്കിലും സ്ത്രീക്ക് ഗര്‍ഭധാരണത്തിന് 18-25 പ്രായമാണ് നല്ലത്. പ്രായം കൂടുന്നത് പ്രത്യുത്പാദനശേഷിയെയും ബാധിക്കും. വന്ധ്യതാചികിത്സയിലും പ്രായം പ്രധാനഘടകമാണ്.വ്യായാമം ഗുണകരംപ്രത്യുത്പാദന വ്യവസ്ഥ ഭംഗിയായി പ്രവര്‍ത്തിക്കണമെങ്കില്‍ നല്ല ആരോഗ്യം വേണം. ദുര്‍മേദസ്സ് ഉള്ളവര്‍ക്ക് ലൈംഗികജീവിതം അത്ര സുഖകരമായിരിക്കില്ല. കുടവയറും പ്രധാനപ്രശ്‌നമാണ്. ശരിയായ ലൈംഗികശേഷി ഉണ്ടാവുന്നതിനും താത്പര്യം ഉണ്ടാവുന്നതിനും ബീജോ ത്പാദനവും ശുക്ലോത്പാദനവും നന്നായി നടക്കാനും ശാരീരികാരോഗ്യം പ്രധാനമാണ്. പ്രത്യുത്പാദനവ്യവസ്ഥയുടെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിനും ആര്‍ത്തവശുദ്ധിക്കും ചിട്ടയായ വ്യായാമം ഗുണം ചെയ്യും.
ആയുര്‍വേദവിധിപ്രകാരം ലൈംഗിക ഉത്തേജനം കൂട്ടാന്‍ പറ്റിയ വ്യായാമം നീന്തലാണ്. നല്ല വെള്ളമുള്ള കുളത്തില്‍ ദിവസവും അര മണിക്കൂറെങ്കിലും നീന്തിക്കുളിക്കുന്നത് ശരീരത്തിന് ഉണര്‍വ് നല്കും. അതിലുപരി ഇത് പ്രത്യുത്പാദന അവയവങ്ങളെ തണുപ്പിക്കും. ബീജാര്‍ത്തവശുദ്ധികള്‍ക്ക് നീന്തിക്കുളി ഗുണം ചെയ്യാറുണ്ട്.
ദിവസവും അല്പസമയം നീണ്ടുനിവര്‍ന്നുള്ള നടത്തം ശീലമാക്കുന്നത് ശരീരത്തില്‍ ആരോഗ്യമുള്ള ബീജങ്ങള്‍ ഉണ്ടാവാന്‍ സഹായിക്കും. സ്ത്രീകളില്‍ ആര്‍ത്തവചക്രം കൃത്യമാകാനും നടത്തം നല്ലതാണ്. കാല്‍മുട്ട് നിലത്ത് കുത്തി നെറ്റി തറയില്‍ തട്ടിച്ച് നമസ്‌കരിക്കുന്നത് സ്ത്രീകളില്‍ ഗര്‍ഭാശയത്തിന് ആരോഗ്യം ഉണ്ടാക്കുന്ന വ്യായാമമാണ്. പുരുഷന് സൂര്യനമസ്‌കാരമാണ് നല്ലത്. പകലുറങ്ങുന്നതും അമിതമായി ഉറങ്ങുന്നതും ഉറക്കം തീരെ കുറയുന്നതും നന്നല്ല. അമിത ഉറക്കക്കാരുടെ ബീജത്തിന് ഉണര്‍വ് കുറവായിരിക്കും. ആര്‍ത്തവദുഷ്ടിക്കും പകലുറക്കം കാരണമാകാം.
സ്ത്രീകള്‍ക്ക് ആര്‍ത്തവകാലത്ത് ചില പ്രത്യേക ചര്യകള്‍ ആയുര്‍വേദം നിര്‍ദേശിക്കുന്നുണ്ട്. ഈ സമയത്ത് ലൈംഗികബന്ധം നന്നല്ല. ആര്‍ത്തവകാലത്ത് സ്ത്രീയുടെ രോഗപ്രതിരോധ ശേഷി കുറവായിരിക്കും. ആ സമയത്ത് വിശ്രമമാണ് വേണ്ടത്. ആര്‍ത്തവകാലത്ത് പുല്‍പ്പായയില്‍ നീണ്ടുനിവര്‍ന്നു കിടക്കുന്നത് ഗര്‍ഭാശയ ആരോഗ്യത്തിന് സഹായിക്കും.വിഷാദവും വന്ധ്യതയുംജീവിതത്തിലെ പിരിമുറുക്കങ്ങളും വിഷാദരോഗവും വന്ധ്യതയ്ക്ക് കാരണമാകാറുണ്ട്. കടുത്ത മാനസികസമ്മര്‍ദം അനുഭവിക്കുന്നവരില്‍ ബീജോത്പാദനവും ബീജങ്ങളുടെ ചലനശേഷിയും കുറഞ്ഞിരിക്കും. വിഷാദരോഗികളിലും ആത്മഹത്യാപ്രവണതയുള്ളവരിലും വന്ധ്യതാസാധ്യത മറ്റുള്ളവരേക്കാള്‍ കൂടുതലാണ്. മനസ്സിലെ വിഷാദം സൃഷ്ടിക്കുന്ന അന്തസ്രാവങ്ങള്‍ (ആന്റിബോഡികള്‍) പ്രത്യുത്പാദനഗ്രന്ഥികളില്‍ വരുത്തുന്ന അസന്തുലിതാവസ്ഥയാണ് വന്ധ്യതയ്ക്ക് കാരണമാകുന്നത്.
മനസ്സിനെ മുറിപ്പെടുത്തുന്നതരത്തില്‍ ലൈംഗിക ആക്രമണങ്ങള്‍ക്ക് ഇരയാകേണ്ടിവരുന്ന കുട്ടികളില്‍ സെക്‌സിനോട് തോന്നുന്ന ഭയവും വിരക്തിയും വന്ധ്യതയുടെ കാരണമായി മാറാറുണ്ട്. ജീവിതത്തിലെ ചെറിയപ്രശ്‌നങ്ങളെ പോലും അതിവൈകാരികമായി സമീപിക്കുന്നവരിലും ദേഷ്യം കൂടുതലുള്ളവരിലും വന്ധ്യത കൂടുതലായി കാണാറുണ്ട്.
പ്രത്യുത്പാദനപരമായി യാതൊരു തകരാറുമില്ലാതിരുന്നിട്ടും കുഞ്ഞുങ്ങളുണ്ടാകാത്തവര്‍ക്ക് വിദഗ്ധ കൗണ്‍സലിങ് കൊണ്ട് ഗുണം കിട്ടാറുണ്ട്. ചിലര്‍ക്ക് മാനസിക ചികിത്സയും ആവശ്യമായി വരും. പ്രാര്‍ഥന, ധ്യാനം എന്നിവ മനസ്സാന്നിധ്യം ഉയര്‍ത്താന്‍ പറ്റിയ മാര്‍ഗങ്ങളാണ്. പാട്ട് കേള്‍ക്കുന്നതും നല്ലതാണ്.
ചമ്രം പടിഞ്ഞ് നട്ടെല്ല് നിവര്‍ത്തി കൈകള്‍ തുടയുടെ മുകളില്‍ വെച്ച് കണ്ണുകളടച്ച് 10-15 മിനുട്ട് ദിവസവും ധ്യാനമിരിക്കുന്നത് നന്നായിരിക്കും.
++++++++++
ദമ്പതികള്‍ വിവാഹശേഷം ആറുമാസമെങ്കിലും ഒരുമിച്ച് താമസിച്ചിട്ടും ഗര്‍ഭം ധരിക്കാത്ത അവസ്ഥ ഉണ്ടെങ്കില്‍ മാത്രമേ വന്ധ്യത സംശയിക്കേണ്ടതുള്ളു. സ്വാഭാവികമായ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന ദമ്പതിമാരില്‍ 75 ശതമാനം പേര്‍ക്കും വിവാഹം കഴിഞ്ഞ് ആറ് മാസത്തിനുള്ളില്‍ ഗര്‍ഭധാരണം നടക്കാറുണ്ട്. ഇത് ഉണ്ടാകാതെ വന്നാല്‍ ചികിത്സയെപ്പറ്റി ആലോചിക്കാം. വന്ധ്യതാ ചികിത്സയില്‍ ഭാര്യക്കും ഭര്‍ത്താവിനും തുല്യപ്രാധാന്യമാണുള്ളത്. ഇരുവരും ഒരുമിച്ച് ഡോക്ടറെ കണ്ട് പരിഹാരം തേടുകയാണ് നല്ലത്. കാരണം ദമ്പതികളില്‍ ഒരാള്‍ക്ക് പ്രത്യുത്പാദന കാര്യത്തില്‍ നേരിയ കുറവുണ്ടെങ്കില്‍ പങ്കാളിയുടെ ശേഷി വര്‍ധിപ്പിച്ച് പ്രശ്‌നം പരിഹരിക്കാന്‍ കഴിയും.ചികിത്സ സ്ത്രീകളില്‍ആയുര്‍വേദത്തില്‍ സ്ത്രീകളിലെ വന്ധ്യതാ ചികിത്സയുടെ പ്രധാനഭാഗം ആര്‍ത്തവശുദ്ധിയാണ്. എന്‍ഡോമെട്രിയോസിസ്, പോളിസിസ്റ്റിക് ഓവേറിയന്‍ ഡിസീസ്, ഹോര്‍മോണ്‍ തകരാറുകള്‍, പാരമ്പര്യരോഗങ്ങള്‍.... നിരവധി കാരണങ്ങളുണ്ട് സ്ത്രീ വന്ധ്യതയ്ക്ക്. ഇവയ്ക്ക് പ്രത്യേകം പ്രത്യേകം ചികിത്സാവിധികള്‍ ആയുര്‍വേദത്തിലില്ല. രോഗചികിത്സ, ശരീരശുദ്ധി ചികിത്സ, ഗര്‍ഭാധാന ചികിത്സ എന്നിങ്ങനെ മൂന്നുഘട്ടമായാണ് ചികിത്സ.
ആര്‍ത്തവരക്തത്തിന് വഴുവഴുപ്പ്, കറുത്തനിറം, കട്ടകള്‍, ദുര്‍ഗന്ധം എന്നിവയൊക്കെ ആര്‍ത്തവശുദ്ധിയില്ലായ്മയാണ് കാണിക്കുന്നത്. 26-30 ദിവസമാണ് ആര്‍ത്തവചക്രത്തിന്റെ കാലാവധി. ഇതില്‍ കൂടുതലോ കുറവോ ആകുന്നത് നല്ല ലക്ഷണമല്ല.
നിരുപദ്രവപരമായ ആര്‍ത്തവത്തേക്കാള്‍ കുറച്ച് അസ്വസ്ഥതകളും വേദനയുമുള്ള ആര്‍ത്തവക്കാരില്‍ ഗര്‍ഭധാരണത്തിന് സാധ്യത കൂടുതലാണ്. ഹോര്‍മോണുകളുടെ മാറ്റം ഉണ്ടാകുമ്പോഴാണ് അല്പം ദേഷ്യക്കൂടുതല്‍, സ്തനത്തില്‍ വേദന തുടങ്ങിയ അസ്വസ്ഥതകള്‍ ഉണ്ടാകുന്നത്. ഇവയെ ശുഭലക്ഷണങ്ങളായി കണ്ടാല്‍മതി. എന്നാല്‍ ഭയങ്കര വയറുവേദന, പരവേശം എന്നിവ നിസ്സാരമല്ല. ഇതിന് വിദഗ്ധ ചികിത്സ വേണം.
ആര്‍ത്തവ അശുദ്ധി ഗര്‍ഭാശയ പ്രവര്‍ത്തന വൈകല്യത്തെയാണ് കാണിക്കുന്നത്. ഔഷധപാനം, സ്‌നേഹപാനം, വസ്തി തുടങ്ങിയ ചികിത്സാവിധികളാണ് ആയുര്‍വേദം ഇതിന് നിര്‍ദേശിക്കുന്നത്. സുകുമാരം നെയ്യ് അല്ലെങ്കില്‍ കഷായം ഒന്നാന്തരം യൂട്രിന്‍ ടോണിക് ആയാണ് അറിയപ്പെടുന്നത്. സുകുമാരം രസായനഗുണമുള്ള മരുന്നായതുകൊണ്ട് വൈദ്യന്റെ ഉപദേശമില്ലാതെ തന്നെ ആര്‍ക്കും വാങ്ങിക്കഴിക്കാവുന്ന ഒന്നാണ്.
ക്രമമായ ആര്‍ത്തവത്തിനും ആര്‍ത്തവശുദ്ധിക്കും എള്ള് കഷായം നല്ല മരുന്നാണ്. ഇത് വീട്ടില്‍ ഉണ്ടാക്കി കഴിക്കാമെന്ന ഗുണവുമുണ്ട്.12 കഴഞ്ച് എള്ള് (ഏകദേശം 60 ഗ്രാം) 16 ഇരട്ടി വെള്ളംചേര്‍ത്ത് തിളപ്പിക്കുക. ഇത് നാലിലൊന്ന് അളവാകും വരെ കുറുക്കുക. പുലര്‍ച്ചെ വെറുംവയറ്റിലും വൈകുന്നേരം ഭക്ഷണത്തിന് മുമ്പായും വേണമെങ്കില്‍ ഒരു അച്ച് ശര്‍ക്കര ചേര്‍ത്ത് സേവിക്കാം. ആര്‍ത്തവ സംബന്ധമായ അസുഖമുള്ളവര്‍ ഈ മരുന്ന് ശീലമാക്കുന്നതും നന്നായിരിക്കും.
പേരിന് മാത്രം ആര്‍ത്തവം നടക്കുന്നവര്‍ക്ക് ആര്‍ത്തവത്തിന്റെ തോത് ഉയര്‍ത്താനും മാസക്കുളി സുഖകരമാക്കാനും സപ്തസാരംകഷായം നല്ല മരുന്നാണ്. തവിഴാമ, മുതിര, കൂവളത്തിന്റെ വേര്, ആവണക്കിന്റെ വേര്, കരിങ്കുറിഞ്ഞിവേര്, ചുക്ക്, മുഞ്ഞ ഇതിന്റെയെല്ലാം സാരമാണ് സപ്തസാരം.
ആര്‍ത്തവശുദ്ധി ചികിത്സയില്‍ പ്രധാനം സ്‌നേഹപാനമാണ്. ഔഷധങ്ങള്‍ചേര്‍ത്ത് തയ്യാറാക്കിയ നെയ്യ് പ്രത്യേക വിധിയനുസരിച്ച് കഴിക്കുന്നതാണ് സ്‌നേഹപാനം. ദഹനശേഷിക്കനുസരിച്ച് നെയ്യിന്റെ അളവ് ഓരോ ദിവസവും കൂട്ടിക്കൂട്ടി കൊണ്ടുവരും. ഏഴാം ദിവസമാകുമ്പോള്‍ സപ്തധാതുക്കളിലും നെയ്യ് വ്യാപിക്കും. പിന്നെ വമനം, വിരേചനം, വസ്തി തുടങ്ങിയ ചികിത്സകള്‍.
ഒരു തവണത്തെ ചികിത്സകൊണ്ട് പൂര്‍ണഫലം കിട്ടിയില്ലെന്നുവരാം. ആറേഴുമാസത്തെ ഇടവേളയില്‍ മൂന്നുതവണ വരെ സ്‌നേഹപാനം വേണ്ടിവന്നേക്കാം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സ്‌നേഹപാനമുണ്ട്. പുരുഷന്മാര്‍ക്ക് സ്‌നേഹപാനത്തിനുശേഷം വാജീകരണ ഔഷധങ്ങള്‍ കഴിക്കാം. സ്‌നേഹപാനം ചെയ്യുന്ന ദിവസങ്ങളില്‍ മത്സ്യമാംസാദികള്‍ വര്‍ജിക്കണം. ദഹനത്തിന് തടസ്സമാകുന്ന യാതൊന്നും കഴിക്കരുത്.
തിരുതാളിവേര് പാല്‍ചേര്‍ത്ത് കഷായം പോലെയാക്കി കഴിക്കുന്നതും അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുന്നതും ഗര്‍ഭധാരണത്തിനും ഉണ്ടായ ഗര്‍ഭം അലസിപ്പോകാതിരിക്കാനും നല്ല മരുന്നാണ്. മാസക്കുളി തെറ്റി എന്നുകണ്ടാല്‍ ഉടനെ ഈ മരുന്ന് കഴിക്കാം. പേരാലിന്റെ മൊട്ട് (ഇല വിരിഞ്ഞുവരുമ്പോഴുണ്ടാകുന്ന മൊട്ട്) അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുന്നതും ഇതേ ഫലം ചെയ്യും. ഉറുമാമ്പഴം (മാതളപ്പഴം) ധാരാളം കഴിക്കുന്നതും ഗര്‍ഭധാരണം എളുപ്പമാക്കും. നിലപ്പനക്കിഴങ്ങ് പാലില്‍ അരച്ച് കഴിക്കുന്നതും നല്ലതുതന്നെ. ശതാവരിഘൃതം, ഡാഡിമാദിഘൃതം എന്നിവ അണ്ഡോത്പാദനം വര്‍ധിപ്പിക്കാനും ആര്‍ത്തവ ക്രമക്കേട് ഒഴിവാക്കാനും ഉത്തമമാണ്. അശോകാരിഷ്ടം, ഫലസര്‍പ്പിസ് എന്നിവ ആര്‍ത്തവക്രമക്കേടിന് കഴിക്കാം.ചികിത്സ പുരുഷന്‍മാരില്‍ബീജശുദ്ധി ഉറപ്പാക്കലാണ് ആയുര്‍വേദത്തിലെ വന്ധ്യതാ ചികിത്സയില്‍ പ്രധാനം. ആയുര്‍വേദത്തിലെ എട്ടംഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് വാജീകരണം. പുരുഷന്റെ ലൈംഗികശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം പ്രത്യുത്പാദനപ്രശ്‌നങ്ങള്‍ പരിഹരിക്കാനും വാജീകരണ ചികിത്സ സഹായിക്കുന്നു. ജീവനീയഘൃതം, മഹാകല്ല്യാണകം തുടങ്ങിയ മരുന്നുകള്‍ വാജീകരണത്തില്‍ പ്രധാനമാണ്.
ശുക്ലത്തിലെ ബീജങ്ങളുടെ എണ്ണക്കുറവ്, ബീജങ്ങളുടെ ചലനശേഷിക്കുറവ്, വേരിക്കോസ് വെയ്ന്‍ പോലുള്ള പ്രശ്‌നങ്ങള്‍, അണുബാധ, ധ്വജഭംഗം, ഷണ്ഡത്വം തുടങ്ങി പല കാരണങ്ങള്‍ കൊണ്ട് പുരുഷനില്‍ വന്ധ്യത സംഭവിക്കാം. ഒരു മില്ലിലിറ്റര്‍ ശുക്ലത്തില്‍ നൂറ് ദശലക്ഷം ബീജങ്ങള്‍ കാണും. സന്താനോത്പാദനശേഷിയുള്ള ശുക്ലത്തില്‍ കുറഞ്ഞത് 20 ദശലക്ഷം ബീജങ്ങളെങ്കിലും ഉണ്ടായിരിക്കണം. ബീജങ്ങളുടെ ചലനശേഷിയും പ്രധാനമാണ്. 50 ശതമാനം ചലനശേഷിയെങ്കിലും ഉണ്ടെങ്കിലേ ബീജങ്ങള്‍ക്ക് അണ്ഡവാഹിനിക്കുഴലിലൂടെ സഞ്ചരിച്ച് അണ്ഡവുമായി കൂടിച്ചേരാന്‍ സാധിക്കൂ.
വന്ധ്യതയുടെ കാരണം കണ്ടെത്താന്‍ കഴിയാത്ത പ്രശ്‌നങ്ങള്‍ സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാരിലാണ് കണ്ടുവരുന്നത്. അതിനാല്‍ പുരുഷന്മാരില്‍ വന്ധ്യതാ ചികിത്സ താരതമ്യേന ദുഷ്‌കരമാണ്. എങ്കിലും കൃത്യമായ ചികിത്സകളും പഥ്യവും പാലിച്ചാല്‍ നിര്‍ജീവ ബീജശുക്ലമുള്ളവരില്‍ പോലും നല്ല ഫലമുളവാകുന്നതായി അനുഭവമുണ്ട്.
പുരുഷശരീരത്തിലെ ഏഴാമത്തെ ധാതുവാണ് ശുക്ലം. കഴിക്കുന്ന ആഹാരത്തില്‍നിന്നാണ് ശുക്ലമെന്ന ധാതുവും ഉണ്ടാകുന്നത്. ശുക്ലത്തിലാണ് ബീജം അടങ്ങിയിരിക്കുന്നത്. കഴിക്കുന്ന ഭക്ഷണം പോഷണഗുണമുള്ളതല്ലെങ്കില്‍ ശുക്ലത്തിലെ ബീജങ്ങളുടെ എണ്ണം കുറയും. ഉള്ള ബീജങ്ങള്‍ക്ക് ശരിയായ ചലനശേഷി ഇല്ലാതിരിക്കുകയും ചെയ്യും. വാതം, പ്രമേഹം, ഗ്രഹണി, ഹെര്‍ണിയ, മൂത്രാശയരോഗങ്ങള്‍, അര്‍ശസ്, പാരമ്പര്യരോഗങ്ങള്‍ എന്നിവയും ബീജവൈകല്യത്തിന് ഇടയാക്കും.
ലിംഗത്തിന് ഉദ്ധാരണശേഷി ഇല്ലാതിരിക്കുക, ലൈംഗിക ബന്ധത്തിനിടെ ഉദ്ധാരണം നഷ്ടപ്പെടുക തുടങ്ങിയ അവസ്ഥയാണ് ധ്വജഭംഗം. ബീജവൈകല്യം ഇല്ലെങ്കിലും ശരിയായ ലൈംഗികബന്ധം സാധിക്കാത്തതിനാല്‍ ഇവര്‍ക്കും വന്ധ്യത അനുഭവിക്കേണ്ടിവരാറുണ്ട്.
വൃഷണത്തില്‍ വേണ്ടവിധം ബീജോത്പാദനം നടക്കാത്ത അവസ്ഥയാണ് ഷണ്ഡത്വം. വൃഷണത്തെ ബാധിക്കുന്ന രോഗങ്ങള്‍, അമിതമായചൂട്, മുണ്ടിനീര് തുടങ്ങിയ പല കാരണങ്ങള്‍ ഷണ്ഡത്വത്തിന് കാരണമാകും. പുരുഷന്മാരില്‍ വന്ധ്യതയ്ക്ക് കാരണമാകുന്ന പ്രശ്‌നങ്ങളില്‍ ഏറ്റവുമധികം വേരിക്കോസില്‍ (വൃഷണത്തിലെ ഞരമ്പില്‍ തടിപ്പ്) ആണ്. വേരിക്കോസില്‍ ഉണ്ടാകുമ്പോള്‍ വൃഷണസഞ്ചി കൂടുതല്‍ തൂങ്ങും. തടിച്ച് വീര്‍ത്ത് ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന ഞരമ്പുകള്‍ വീര്‍ത്ത് അതിലൂടെയുള്ള അധികരക്തപ്രവാഹം കാരണം വൃഷണത്തിലെ ചൂട് കൂടും. ചൂട് കൂടുമ്പോള്‍ വൃഷണത്തില്‍ ബീജോത്പാദനം കുറയും.
പുരുഷന്മാരില്‍ വന്ധ്യതാ ചികിത്സയുടെ ആദ്യഘട്ടം ശുക്ലപരിശോധനയാണ്. ഒരൊറ്റ പരിശോധന കൊണ്ട് മാത്രം ശുക്ലവൈകല്യം വിലയിരുത്തുന്നത് ശരിയാകില്ല. രണ്ടോ മൂന്നോ തവണ പരിശോധന നടത്തുന്നത് നല്ലതാണ്. ഇതിനുശേഷം ബീജശുദ്ധി വരുത്തി ബീജവര്‍ധകങ്ങളായ ചികിത്സ നല്‍കുകയാണ് വേണ്ടത്. ബീജശുദ്ധിക്ക് സ്‌നേഹപാനം തന്നെയാണ് ചികിത്സ. അതിനുശേഷം വാജീകരണ ഔഷധങ്ങള്‍ കഴിക്കാം. അമുക്കുരം, കോഴിമുട്ട, ഉഴുന്നുപരിപ്പ്, വെണ്ടയ്ക്ക എന്നിവ ശുക്ലവര്‍ധകങ്ങളാണ്. ഇത് ബീജങ്ങളുടെ എണ്ണവും ചലനശേഷിയും വര്‍ധിപ്പിക്കും. നായക്കുരണപ്പരിപ്പ്, ശതാവരിക്കിഴങ്ങ്, സഫേദ് മുസ്‌ലി ഇവയെല്ലാം വാജീകരണത്തില്‍ മരുന്നായി നിര്‍ദേശിക്കുന്നുണ്ട്. നായക്കുരണപ്പരിപ്പ് പാലിലിട്ട് പുഴുങ്ങി ശുദ്ധിവരുത്തിവേണം കഴിക്കാന്‍.
No comments:
Post a Comment