നട്ടെല്ലില്‍ നിന്ന് തുടങ്ങി കാലുകളിലേക്ക് പടരുന്ന ഒരു വേദന. ചിലപ്പോഴെങ്കിലും ഇത് അസ്വസ്ഥരാക്കിയിട്ടുണ്ടോ. കാലിന്റെ പിന്‍വശത്ത് മരവിപ്പ്, തരിപ്പ്, വേദന എന്നിങ്ങനെ എന്തെങ്കിലും തോന്നിയിട്ടുണ്ടോ. സയാറ്റിക്ക എന്ന അസുഖത്തിന്റെ ലക്ഷണമാവാം ഇവയൊക്കെ. നട്ടെല്ലിന് ഇടയ്ക്കുള്ള ഡിസ്‌കിന് സംഭവിക്കുന്ന ചതവുകളാണ് ഇതിന് കാരണമാവുന്നത്. അതേപോലെ ഡിസ്‌കിനുണ്ടാവുന്ന തേയ്മാനം, സ്ഥാനചലനം എന്നിവകൊണ്ടും രോഗം വരാം. പരിധിയില്‍ കവിഞ്ഞ ഭാരം വഹിക്കുന്നവര്‍, അമിതമായി വ്യായാമം ചെയ്യുന്നവര്‍ എന്നിവര്‍ക്ക് ഈ അസുഖം വരാന്‍ സാധ്യതയുണ്ട്. അതേപോലെ സ്ഥിരമായി ഇരുചക്രവാഹനങ്ങളില്‍ യാത്രചെയ്യുന്നതും ഗര്‍ഭിണിയായിരിക്കുമ്പോള്‍ വീഴുകയോ കാലിടറുകയോ ചെയ്യുന്നതും സയാറ്റിക്കയ്ക്ക് ഇടയാക്കാം. നടന്നുതുടങ്ങുന്ന പ്രായത്തില്‍ കുട്ടികള്‍ തുടരെത്തുടരെ നടുവിടിച്ച് വീഴുന്നത് ശ്രദ്ധിക്കണം. ഭാവിയില്‍ ഇതും അസുഖം വരാന്‍ കാരണമായേക്കാം.
കാലിന്റെ താഴെ തുടങ്ങി നട്ടെല്ലുവരെ വ്യാപിക്കുന്ന വേദന, ഷോക്കടിക്കുംപോലെ തോന്നിപ്പിക്കുന്ന വേദന. കാലിന്റെ പുകച്ചില്‍, കാല് തുടിക്കുന്നതുപോലുള്ള തോന്നല്‍. ഒരു കാലില്‍ മാത്രം മരവിപ്പോ ബലക്ഷയമോ ഉണ്ടാവുക എന്നിവയൊക്കെ ഇതിന്റെ സൂചനയാവാം.
ചികിത്സ
ആയുര്‍വേദത്തില്‍ സയാറ്റിക്കയെ വാതരോഗത്തിന്റെ വകഭേദമായാണ് വിശേഷിപ്പിക്കുന്നത്. ധാന്വാമൃധാര, പൊടിക്കിഴി, നാരങ്ങാക്കിഴി, ഇലക്കിഴി, പിഴിച്ചില്‍ എന്നീ ചികിത്സകളാണ് ചെയ്യുന്നത്. മരുന്നരച്ചിടുകയും തൈലത്തില്‍ തുണി നനച്ചിടുകയും ചെയ്യാറുണ്ട്. വിരേചനം (വയറിളക്കല്‍), വസ്തി (ഔഷധം മലദ്വാരത്തിലൂടെ കയറ്റി അല്‍പം കഴിഞ്ഞ് പുറത്തുകളയുന്ന ചികിത്സ) എന്നിവയും ചെയ്യാറുണ്ട്. ഗന്ധര്‍വഹസ്ത്യാദി കഷായം, രാസ്‌നാസപ്തകം കഷായം, രാസ്‌നൈരണ്ഡാദി കഷായം, സഹചരാദി കഷായം എന്നിവയിലേതെങ്കിലും കഴിക്കേണ്ടതാണ്.
അല്പം കരുതല്‍
തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്യേണ്ടിവരുമ്പോള്‍ നടുവ് നിവര്‍ത്തി പാദങ്ങള്‍ നിലത്തുറപ്പിച്ചിരിക്കണം. നടുവ് കുനിയാതെ നിവര്‍ന്നിരിക്കത്തക്കവിധം മേശയും കസേരയുമായുള്ള അകലം ക്രമീകരിക്കണം. ഒരേരീതിയില്‍ അധികനേരം ഇരിക്കുന്നത് ഒഴിവാക്കണം. അര മണിക്കൂര്‍ കൂടുമ്പോഴെങ്കിലും അല്‍പനേരം നടക്കണം. കൈയും കാലും ഇടയ്ക്കിടെ ഇളക്കുന്നത് നടുവിന്റെ സമ്മര്‍ദം കുറയ്ക്കും.
No comments:
Post a Comment