നസ്യ ത്തെ പറ്റി കുറച്ചു പേരെങ്കിലും അറിയാന്‍ താല്‍പ്പര്യം കാണിച്ചത് കൊണ്ട് ഇന്ന് കുറച്ചു എഴുതാം. ഇവിടെ മഴ കാരണം ജോലികള്‍ നിര്‍ത്തിയിരിക്കുന്നത് കൊണ്ട് അല്പം സമയം കിട്ടി.
പഞ്ച കര്‍മ്മ ചികിത്സയിലെ ഒരു കര്‍മ്മം ആണ് നസ്യം . നാട്ടില്‍ അവിടെയും ഇവിടെയും പഞ്ച കര്‍മ്മ ചികിത്സ ചെയ്യുമെന്ന് പറഞ്ഞു കാശ് പിടുങ്ങുന്നത് തിരിച്ചറിയാനുള്ള അറിവ് കൂടെ ആകട്ടെ ഈ വിവരണം .
നസ്യം എന്നത് എന്ത് ?
കഴുത്തിന് മുകളിലോട്ടുണ്ടാകാവുന്ന എല്ലാ വ്യാധികള്‍ക്കും നസ്യം ഏറക്കുറെ അത്യവശ്യം ആണ് . എന്നാല്‍ അധഃ കായത്തിലുള്ള പല രോഗങ്ങള്‍ക്കും ഇത് ഫലപ്രദം ആണ് .
മോഹാലസ്യം ,സന്നി,പക്ഷവാതം ,അപതന്ത്രകം ,ബാഹ്യായാമം ,ആന്തരയാമം , അപബാഹുകം തുടങ്ങിയ മഹാ രോഗങ്ങള്‍ക്കും നസ്യം ഫലപ്രദമാണ്
നാസാ ഹി ശിരസ്സോ ദ്വാരം" എന്ന് വാഗഭടാചാര്യന്‍ പറയുന്നത് മസ്തിഷ്കം ഇരിക്കുന്ന തലയോടിന്നുള്ളില്‍ മരുന്നുകളുടെ വീര്യം ഏല്‍പ്പിക്കുന്നതിനു ഏറ്റവും സൌകര്യവും അടുപ്പവും ഉള്ള ദ്വാരം നാസാരന്ധ്രമാകുന്നു.
ശിരസ്സിലെ പല നെര്‍വുകളുടെയും അഗ്രങ്ങള്‍ മൂക്കിന്റെ അന്തര്‍ ഭാഗത്ത് വ്യാപിച്ചിട്ടുണ്ട് .അത് കൊണ്ട് അവിടെ ഏല്‍പ്പിക്കുന്ന ഔഷധ പ്രയോഗം ഈ തന്ത്രികള്‍ വഴിയായി നേരിട്ടോ മറ്റു വഴിയായോ സ്വശക്തിയെ ശിരസ്സ് മുഴുവനും അധഃ കായത്തിലെ ഏതാനും ഭാഗത്തും ഉതെജിപ്പിച്ചു ഉദ്ദിഷ്ട ഫലത്തെ ഉണ്ടാക്കി തീര്‍ക്കുന്നു.
നാസം ശ്വസന ന്‍ നാഡിയുടെ പുറത്തേക്കുള്ള ബഹിര്‍ഗമന ദ്വാരമാക കൊണ്ട് ആ നാഡിയില്‍ ഉണ്ടാകുന്ന രോഗ ശമനത്തിനും നസ്യം ഉപകരിക്കുന്നു .
നസ്യം മൂന്നു വിധമായി ഭാഗിച്ചിരിക്കുന്നു
വിരേചനം ,ബ്രംഹണം,ശമനം ഇവയാണ് അത് തുടരും ::
വിരേചനം
ഇത് ശ്വാസ മാര്‍ഗ്ഗത്തിലും ഗള മാര്‍ഗ്ഗത്തിലും മറ്റുമുള്ള ദോഷത്തെ ശ്രവിപ്പിച്ചു ശിരസ്സിനും മറ്റും ലാഘവും ഉണ്ടാക്കി തീര്‍ക്കുന്നതുമാണ് .ഇത് കഫ സംബന്ധമായ തല വേദന ,ബുദ്ധി മാന്ദ്യം ,അഭി ഷ്യന്ദം ( മൂക്കില്‍ നിന്നും നീരോലിക്കുക) ഗ ള രോഗങ്ങള്‍ .ഊര്ധ്വന്ഗത്തെ ബാധിച്ചിരിക്കുന്ന നീര്‍ ,മുണ്ടി വീക്കം ,കൃമി .മുഴ ,കുഷ്ഠം,അപസ്മാരം ,പീനസം ,മുതലായ അനവധി രോഗങ്ങളില്‍ പ്രയോഗിക്കും
ബ്രംഹണം
ഇത് നെര്‍വുകളെയും ഊര്ദ്ധ്വാന്ഗം സംബന്ധിച്ച മറ്റു പ്രധാനാംഗങ്ങളെയും പോഷിപ്പിക്കുന്നതാണ് . വാതാധികമായ തല വേദന, ഒരു ചെന്നിക്കുത്ത്,സൂര്യാവര്‍ത്തം,ഒച്ചയടപ്പ് ,വായ വരള്‍ച്ച ,മൂക്ക് വരള്‍ച്ച ,വാക്കിന്നിടര്‍ച്ച , അപബാഹുകം മുതലായ അസംഖ്യം രോഗങ്ങളില്‍ ഇതാണ് അധികം നല്ലത്
അടുത്തത് : ശമനം തുടരും
നസ്യം : ശമനം ഇത് അല്പം നീണ്ട വിവരണം
ഇത് ബ്രംഹണവും അല്ല കര്‍ശനവും അല്ല.
രോഗത്തെ ശമിപ്പിക്ക മാത്രം ചെയ്യും .കരിമങ്ങം,കാക്ക പുള്ളി ,തലമുടി മുറിയല്‍ പഴകിയ നേത്ര രോഗം ഇവക്കു അധികവും ഈ തരത്തെ ആണ് ഉപയോഗിക്കാറു .
ഇതില്‍ ഒന്നാമത്തെ തരം മരുന്നുകളിട്ടു കാച്ചിയ നെയ്യ്,എണ്ണ ,കല്‍ക്കം,കഷായം ചൂര്‍ണ്ണം ഇവകള്‍ കൊണ്ടും ചില മരുന്നുകളുടെ നീര് കൊണ്ടും തേന്‍,മദ്യം ,ഇന്തുപ്പ് ഇവകള്‍ കൊണ്ടും ആണ് അവസ്ഥ അനുസരിച്ച് ചെയ്യുന്നത് .
രണ്ടാമത്തെ തരം മേല്‍പറഞ്ഞ മരുന്നുകളെ കൊണ്ടും ജാംഗല മാംസത്തിന്റെ രസം ,ആ വക രക്തം ,കുന്തിരിക്കം ഇവയെ കൊണ്ടും ചെയ്യപ്പെടുന്നു .
മൂന്നാമത്തെ തരം ഔചിത്യമനുസരിച്ചു മേല്‍പറഞ്ഞ മരുന്നുകളെ മാത്ര കുറച്ചും പാല്‍ വെള്ളം മുതലായവയെ കൊണ്ടും ചെയ്യപ്പെടുന്നു.
ദ്രവ്യ ഭേദത്താല്‍ നസ്യത്തിനു മര്‍ശം, പ്രതി മര്‍ശം എന്ന് പേരുണ്ട് . ഇവ തമ്മില്‍ ഉള്ള വ്യത്യാസം മാത്ര ഭേദം ആണ് . പ്രതി മര്‍ശത്തിനു രണ്ടു തുള്ളി മാത്രമേ മൂക്കില്‍ ഇറ്റിക്കൂ രോഗങ്ങളില്‍ അധികം ഉപയോഗിക്കുന്നത് മര്‍ശമാണ്.
കല്‍ക്കം,കഷായം ഇവയെക്കൊണ്ടു ചെയ്യുന്നതിന് അവപീഡം എന്നൊരു പേരുണ്ട് അവ തന്നെ തീക്ഷ്ണങ്ങള്‍ ആയിരുന്നാല്‍ മൂര്‍ദ്ധ രേചനം എന്ന് പറയും .വിരെചനമായ ചൂര്‍ണം കൊണ്ടാണ് ചെയ്യുന്നതെങ്കില്‍ ധ്മാനം എന്ന് പറയും .
നസ്യം ചെയ്യാന്‍ അനഭിമതര്‍ :
വെള്ളം ,മദ്യം,കൈവിഷം ,സ്നേഹം ഇവ സേവിച്ച ഉടനെയും സേവിപ്പാന്‍ ഭാവിക്കുമ്പോഴും ,വിഷ ദ്രവ്യങ്ങള്‍ അകത്തു പെട്ടവര്‍ക്കും നനച്ചു കുളിച്ച ഉടനെയോ തല നനക്കാന്‍ ഭാവിക്കുമ്പോഴോ,രക്ത മോക്ഷം ചെയ്തു പ്രകൃതി ഭോജനം നടത്തിയതിനു മുന്‍പോ ഇത് ചെയ്യാന്‍ പാടുള്ളതല്ല . പീനസത്തിന്റെ നവാവസ്ഥയിലും ഇത് ത്യെജിക്കണം.മല മൂത്രാദികള്‍ക്ക് മുട്ടിയിരിക്കുമ്പോഴോ,സൂതിക,പുതുതായി ശ്വാസമോ കാസമോ ആരംഭിചിട്ടുള്ളവ ര്‍ , വമന വിരേചനങ്ങള്‍ ചെയ്തവര്‍ ,വസ്തി ചെയ്യപ്പെട്ടവര്‍ ഇവര്‍ക്കൊക്കെ നസ്യം ചെയ്യുന്നത് വിഹിതമല്ല. വര്‍ഷ കാലത്ത് മഴക്കാറോ മൂടലോ ഉള്ളപ്പോഴും നസ്യം ഒഴിവാക്കണ്ടതാണ്.എന്നാല്‍ നസ്യം കൊണ്ട് മാത്രം ഭേദമാകുന്ന വല്ല കഠിന രോഗങ്ങളും പിടിപെട്ടിട്ടുണ്ടെങ്കില്‍ ഈ നിഷേധം വൈദ്യ ഹിതമനുസരിച്ച് അത്ര കാര്യമാക്കേണ്ടതില്ല എന്നും ഉണ്ട്.
നസ്യം : സമയം കാലം ::: തുടരും
നസ്യം തുടരുന്നു ::: സമയം
ദോഷം കാലംമുതലായവയുടെ വ്യത്യാസത്തില്‍ നസ്യം ചെയ്യണ്ട സമയത്തിനും ഭേദം ഉണ്ട്
കഫം വര്‍ദ്ധിച്ചിരിക്കുന്ന സന്ദര്‍ഭത്തില്‍ രാവിലെ പത്തു നാഴിക പുലരുന്നതിനു മുന്‍പ് നസ്യം ചെയ്യണം
പിത്തമാണെങ്കില്‍ മദ്ധ്യാഹ്നത്തിലും വാതമാണെങ്കില്‍ സായാഹ്നത്തില്‍ അല്ലെങ്കില്‍ രാത്രിയിലും ആണ് വേണ്ടത് .
അരോഗിയായവാന്‍ രാവിലെ ചെയ്യണം
ശരത്കാലം ,വസന്തം ഇവയില്‍ രാവിലെയും ഹേമന്ത ശിശിരങ്ങളില്‍ മധ്യാഹ്നത്തില്‍ ചെയ്യുന്നത് ഉത്തമം ഗ്രീഷ്മ കാലത്ത് വൈകുന്നേരമേ ചെയ്യാവൂ .വര്‍ഷ കാലത്ത് വെയില്‍ ഉള്ള സമയം നോക്കി ചെയ്യണം
ശിരസ്സില്‍ വാതം ,ബാധിചിരിക്കുക ,എക്കിട്ടു ,അപബാഹുകം ,മന്യാസ്തംഭം ,ഒച്ചയടപ്പ് മുതലായ ചില രോഗങ്ങളില്‍ ദിവസവും രാവിലെയും വൈകുന്നേരവും ചെയ്യണ്ടതാണ് .
ബാക്കി രോഗങ്ങളില്‍ ഒന്നരാടന്‍ ദിവസങ്ങളില്‍ ആയിട്ടാണ് നസ്യം ചെയ്യണ്ടത് .എന്ന് മാത്രമല്ല ഏഴു ദിവസത്തിലധികം ഒന്നിച്ചു ചെയ്യണ്ട ആവശ്യവും ഇല്ല .
അടുത്തത് : മാത്ര .......തുടരും
നസ്യം ചെയ്യണമെന്നു തീര്‍ച്ചപ്പെടുത്തി കഴിഞ്ഞാല്‍ രോഗിയുടെ ചുമലിനു മേല്‍പ്പോട്ടുള്ള ഭാഗം എല്ലാം വേണ്ട വിധം എണ്ണ പുരട്ടി വിയ്ര്‍പ്പിക്കണം .ഇതിനു ദോഷത്തെ അനുസരിച്ചുള്ള എണ്ണയാണ് പുരട്ടണ്ടത് . ക്ഷീരബല ,ധാന്വന്തരം മുതലായതു അല്ലെങ്കില്‍ ജീരകം ,ഇന്തുപ്പ് മുതലായവ ഇട്ടു മൂപ്പിച്ച ചൂടുള്ള എണ്ണ ഇതിനു പറ്റുന്നതാണ് . വിയര്‍പ്പിക്കുന്നതിനു ആവണക്കില മുതലായ വാത ഹര ദ്രവ്യങ്ങള്‍ ഇട്ടു തിളപ്പിച്ച വെള്ളമായാല്‍ മതിയാകുന്നതാണ് . മല മൂത്ര വിസര്‍ജ്ജനം കഴിഞ്ഞിരിക്കണം . ഒരു മുറിയില്‍ വെച്ച് വീണ്ടും മുഖം ഒന്ന് കൂടി വിയ്ര്‍പ്പിക്കുന്നത് അത്യാവശ്യമാകുന്നു .പിന്നെ കയ്യും കാലും നിവര്‍ത്ത് മലര്‍ന്നു കിടക്കണം .എന്നാല്‍ കാല്‍ അല്പം പൊക്കിയും തല അല്പം താഴ്ത്തിയും വെക്കുന്നതാണ് അധികം സൌകര്യം .തലയിണ ചുമലിനു കീഴെ വെച്ച് തല അല്പം പുറകോട്ടു തൂങ്ങിക്കിടക്കുന്നത് ഈ ആവശ്യത്തിനു നന്ന് . കിടപ്പെല്ലാം ശരിയായി ക്കഴിഞ്ഞാല്‍ നസ്യതിനുള്ള മരുന്ന് അല്പം മാത്ര കൂട്ടി ഒരു ലോഹ പാത്രത്തില്‍ എടുത്തു ചൂട് വെള്ളത്തില്‍ വെച്ച് ചൂട് പിടിപ്പിക്കണം . ചെറിയ ചൂട് മതിയാകും . ഇതില്‍ നിന്നും ശരിയായ മാത്ര എടുത്തു മൂക്കില്‍ പകര്‍ന്നു ഊതി കേറ്റണം. വിരേചന ചൂര്‍ണം മാത്രം ഇങ്ങനെ ഊതി കേറ്റിയാല്‍ മതിയെന്നും പക്ഷം ഉണ്ട് . ദ്രവ സാധനങ്ങള്‍ മൂക്കില്‍ പകരുകയും രോഗി അത് ഊക്കില്‍ വലിച്ചു കേറ്റുകയും വേണം . മാത്ര മുഴുവന്‍ ഒന്നിച്ചു വേണമെന്ന് നിര്‍ബന്ധമില്ല. ഒരു മൂക്കില്‍ ഒഴിച്ചതിനു ശേഷം മറ്റേ മൂക്കില്‍ ഒഴിച്ച് മാറി മാറി രണ്ടു മൂക്കിലും മാത്ര പൂര്‍ണമാക്കണം .ഒരു മൂകില്‍ ഊതുമ്പോള്‍ മറ്റേ മൂക്ക് അടച്ചു പിടിക്കുകയും വേണം . വൈദ്യന്‍ ഊതി കേറ്റുന്നതും രോഗി മേലോട്ട് വലിച്ചെടുക്കുന്നതും ഒരുമിച്ചു ചെയ്യണ്ട പ്രവൃത്തിയാണ് . മാര്‍ദ്ധവമുള്ള മുഖമുള്ള കുഴലോ പ്ലാവിലയോ മറ്റു ചില ഇലകള്‍ കൊണ്ടും ദ്രവ്യം ഊതി കേറല്‍ ചെയ്യാവുന്നതാണ്. പക്ഷെ ശരിയായ് കുഴല്‍ ഉണ്ടെങ്കില്‍ മാത്രമേ ഊതി ഔഷധം മൂക്കില്‍ കേറ്റുന്നതു പ്രയോജനം ചെയ്യൂ .ചൂര്‍ണാധികളെ കൊണ്ടുള്ള നസ്യവും ഊതി കേറ്റ്കയാണ് വേണ്ടത് . ദ്രവങ്ങള്‍ അല്ലാത്ത വസ്തു ചൂട് പിടിപ്പിക്കണമെന്ന് നിര്‍ബന്ധമില്ല, സ്തന്യ ക്ഷീരാദികളെ കൊണ്ട് ചെയ്യുമ്പോള്‍ അത് ശീതളമായിട്ടു ചെയ്യുക ആണ് പതിവ് .
തുടരും.
നസ്യ വിവരണം : ക്രമം തുടരട്ടെ നസ്യം ചെയ്യുന്നത് എങ്ങനെ എന്ന് പറഞ്ഞു
നസ്യം ചെയ്തു കഴിഞ്ഞാല്‍ മൂക്കിനു ചുറ്റും കഴുത്തും ചുമല്‍ ,കൈ കാലുകളുടെ അകവശം ഇവ കുറെ നേരത്തേക്ക് തിരുമ്മി ചൂട് പിടിപ്പിച്ചു കൊണ്ടിരിക്കണം .കാര്‍ക്കിച്ചു തുപ്പുവാന്‍ തോന്നിയാല്‍ സാവധാനം എഴുനേറ്റു തുപ്പുകയും ചെയ്യാം . തീക്ഷ്ണങ്ങളായ നസ്യങ്ങള്‍ ആയിരുന്നാല്‍ ചിലപ്പോള്‍ രോഗിക്കും തല കറക്കം ,മോഹാലസ്യം വന്നേക്കാം , ഇതിന്റെ പരിഹാരം തല നനക്കാതെ മുഖത്തു വെള്ളം തളിച്ചാല്‍ മതിയാകും . വിരേചന നസ്യം ചെയ്താല്‍ അതിന്റെ ഉപദ്രവങ്ങള്‍ ശമിചാലുടനെ തൈലം കൊണ്ട് കൂടെ നസ്യം ചെയ്യുന്നത് പല അവസരങ്ങളിലും ആവശ്യമായി തീരുന്നതാണ് . കഫം തുപ്പല്‍ ഏതാണ്ട് അവസാനിച്ചു എന്ന് കണ്ടാല്‍ സ്വല്‍പനേരം കൂടെ മുഖ് ഉയര്‍ത്തി പ്രതീക്ഷിച്ചു ഇരുന്നതിനു ശേഷം രോഗാനുസരെണ തയാറാക്കിയ പുക വലിക്കുകയും ചൂട് വെള്ളം കൊണ്ട് കവിള്‍ കൊണ്ട് തൊണ്ടയിലും വായിലും കെട്ടി നില്‍ക്കുന്ന കഫം എല്ലാം പോയി ശുദ്ധി വരുന്നതാണ് .
നസ്യം ചെയ്തത് മതിയായോ ,ഏറിയോ ,കുറഞ്ഞോ എന്നറിയാനുള്ള ലക്ഷണങ്ങള്‍ ;;;;;തുടരും
നസ്യ വിവരണം :
സ്നേഹ ദ്രവ്യങ്ങള്‍ കൊണ്ടുള്ള നസ്യം ചെയ്തിട്ട് സ്നിഗ്ദത വന്നിട്ടുണ്ടെങ്കില്‍ കാണുന്ന ലക്ഷണങ്ങള്‍ :
ശ്വാസ്സോച്ച്വാസത്തിനു തടസ്സമില്ലാതിരിക്കുക ,കണ്ണിനു ചിമ്മുവാനും മിഴിക്കാനും മറ്റും അസ്വസ്ഥത ഇല്ലാതിരിക്കുക കണ്ണ്,മൂക്ക്, ചെവി , എന്നീ ഇന്ദ്രീയങ്ങള്‍ അവയുടെ പൂര്‍ണ്ണതയില്‍ ഇരിക്കുക ഇവയാണ് .
രൂക്ഷത അഥവാ സ്നിഗ്ദത മതിയാവതിരുന്നാല്‍ കണ്ണുകള്‍ക്ക് സ്തബ്ദത, മൂക്കിലും വായിലും വരള്‍ച് ,ശിരസ്സില്‍ ഒന്നും ഇല്ലാത്തതു പോലെ തോന്നുക ഇവയാണ് .
സ്നിഗ്ദത അധികമായി പോയാല്‍
തലക്കു കനം ,ചൊറി , വായില്‍ വെള്ളം വരുക ,അരുചി ,പീനസം മുതലായ ഉപദ്രവങ്ങള്‍ ഉണ്ടാകുന്നതാണ് ലക്ഷണം. വിരേചന നസ്യം ചെയ്തു വേണ്ടത് പോലെ ആയാല്‍ കണ്ണിനു ലഘുത്വം ,വായക്കു സ്വസ്ഥത ,ഒച്ചക്കു ഗുണം ഇവയൊക്കെ ഉണ്ടാകും .
അത് വേണ്ട വിധം ആയിട്ടില്ലെങ്കില്‍ ഉള്ള രോഗം തന്നെ വര്‍ദ്ധിക്കും അധികമായി പോയാല്‍ പരവേശം , വായ വരള്‍ച്ച മുതലായ അസഹ്യതകള്‍ ഉണ്ടാകുകയും ചെയ്യും.
അനുഭവസ്ഥനായ ഒരു വൈദ്യന്‍ ചെയ്തില്ലെങ്കില്‍ ഫലത്തിന് പകരം ദോഷം എന്ന് വായനക്കാര്‍ക്ക് മനസിലായി കാണും എന്ന് വിശ്വസിക്കുന്നു.
അടുത്തത് പ്രതിമര്‍ശ്ശം നാളെ എഴുതാം.
നസ്യം : പ്രതിമര്‍ശം വിവരണം
ഇതിനു യാതൊരു വിധ നിബന്ധനകളും ഇല്ല .ഏതു കാലത്തും ഏവര്‍ക്കും ഉപയോഗിക്കാവുന്നതാണിത് .ക്ഷീണിച്ചവര്‍ ബാലന്മാര്‍ വൃദ്ധന്മാര്‍ ,സുഖികള്‍ അകാലത്തില്‍ നരച്ചവര്‍ മുതലായവര്‍ക്ക് ഇത് ഗുണകരമാണ്. എന്നാല്‍ നിഷേധം ഇല്ലെന്നു പറയാന്‍ പാടില്ല . ദുഷ്ട പീനസ രോഗി ,മദ്യപാനി,ചെവിക്കു ശക്തി ക്ഷയം ഉള്ളവന്‍ ,മൂര്‍ദ്ധാവിങ്കല്‍ കൃമി ദോഷമുള്ളവന്‍,അധികം ദോഷങ്ങള്‍ ഇളകി വശായീട്ടുല്ലവര് ഇവര്‍ പ്രയോഗിച്ചാല്‍ ദോഷം ആണ് ഫലം . ചെറിയ മാത്രയില്‍ ആണ് പ്രതിമര്ശ്ശം ചെയ്യുന്നത് കൊണ്ട് ദോഷങ്ങളെ ഇളക്കി പുറത്തേക്ക് കളയുവാന്‍ ശക്തിയില്ലാതിരിക്കും എന്നുള്ളത് കൊണ്ടാണ് നിഷേധിച്ചിരിക്കുന്നത് .
ഇങ്ങനെ നിഷേധിചിട്ടില്ലാത്തവര്‍ രണ്ടു ബിന്ദു മാത്ര എടുത്തു അത്രയും മൂക്കില്‍ വലിക്കേണ്ടതുള്ളൂ. അല്ലാതെ വേറെ ചടങ്ങുകള്‍ ഒന്നുമില്ല.
രാത്രി ,പകല്‍ ,ഭക്ഷണം ,ചര്ദ്ധി ,പകലുറക്കം ,വഴി നടക്കുക ,അദ്ധ്വാനം,സ്ത്രീ സംഗമം ,അഭ്യംഗ സ്നാനം ,കവിള്‍കൊള്‍ക,മൂത്രം വീഴുതുക ,കണ്ണില്‍ മരുന്നെഴുതുക,മലശോധന ,പല്ല് തേപ്പു , ഉറക്കെ ചിരിക്കുക ഇതിന്റെ എല്ലാം അവസാനം ഇത് ചെയ്യണ്ടതാണ് . ആദ്യത്തെ അഞ്ച് സമയത്ത് ചെയ്യുന്നത് കൊണ്ട് സ്രോതോ ശുദ്ധിയും പിന്നെ പറഞ്ഞ മൂന്നെണ്ണം ചെയ്‌താല്‍ തളര്ച്ചക്ക് തല്‍കാല ശമനം ഒന്‍പതു മുതല്‍ ഉള്ള അഞ്ചെണ്ണം കണ്ണിനു ബലമുണ്ടാക്കുകയും പല്ല് തെപ്പിന്റെ അവസാനത്തില്‍ ചെയ്യുന്നത് ദന്തങ്ങള്‍ക്കു ദൃടതയുംചിരിക്കു ശേഷം ചെയ്യുന്നതായാല്‍ ചിരികൊണ്ട് ഇളകുന്ന വാതത്തിന്റെ ശമനവും ഫലം .
ഏഴു വയസ്സിനു മുന്‍പും എണ്‍പത് വയസ്സിനു ശേഷവും മറ്റു നസ്യങ്ങള്‍ ഒന്നും ചെയ്യാറില്ല . എന്നാല്‍ പ്രതി മര്‍ശത്തെ ജനനം മുതല്‍ മരണം വരെ ഏതു പ്രായത്തിലും ശീലിക്കുന്നതിനു വിരോധമില്ല . ക്രമമായി ശീലിക്കുന്ന പക്ഷം മര്‍ശ സാധ്യ്ങ്ങളായ മിക്ക രോഗങ്ങളും മാറി പോകുകയും ചെയ്യും . എന്നാല്‍ നിയമേനെ ശീലിക്കുമ്പോള്‍ എല്ലാ സ്നേഹങ്ങളും ഇതില്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന് ആചാര്യ മതം .
സ്നേഹങ്ങളില്‍ വെച്ച് കഫ ശമന മയിട്ടുള്ള തൈലം ആകണം .ശിരസ്സ് കഫത്തിന്റെ പ്രധാന സ്ഥാനം ആയത് കൊണ്ട് പ്രധാനപ്പെട്ടത് ആണ് തൈലം ആകുന്നു. വാതാധിക രോഗത്തില്‍ അതതു രോഗത്തിന് തക്കതായ ക്ഷീര ബല ,ധാന്വന്തരം മുതലായ ആവര്‍ത്തിച്ച തൈലങ്ങളും ഈ വിധിപ്രകാരം ശീലിക്കുന്നത് കൊണ്ട് കാലം കൊണ്ട് ഉദ്ദിഷ്ട ഫലം സിദ്ധിക്കും . നിയമേന നസ്യം ശീലിക്കുന്നവര്‍ക്ക് താഴെ പറയുന്ന ഗുണങ്ങള്‍ ഋഷി വര്യന്മാര്‍ സിദ്ധാന്തിചിരിക്കുന്നു .
ചുമല്‍ ,കഴുത്തു ,മുഖം മുതലായ പ്രദേശങ്ങള്‍ നല്ല നിബിടതയും ഉയര്‍ന്ന രക്ത പ്രസാദത്തോട് കൂടിയും ഇരിക്കും .ത്വക്കിന് നല്ല മാര്‍ദ്ധവവും ഇന്ദ്രീയ്ങ്ങള്‍ക്ക് ദൃടതയും ഉണ്ടാകുന്നതിനു പുറമേ തലയിലെ രോമം ഒരിക്കലും നരക്കുന്ന്തല്ല.
നസ്യ വിവരണം ഇവിടെ പൂര്‍ത്തിആകുന്നു
കടപ്പാട് : കോട്ടക്കല്‍ ആര്യവൈദ്യശാല
നസ്യത്തിന്റെ അവസാന ഭാഗം ;ഉപയോഗിക്കുന്ന എണ്ണയുടെ യോഗം കൂടെ പറയാം ;
അണുതൈലം
ചന്ദനം,അകില്‍ ,പച്ചില,മരമഞ്ഞള്‍ തൊലി ,ഇരട്ടി മധുരം ,കുറുന്തോട്ടി വേര് , പുണ്ടരീക കിഴങ്ങ് , ചിറ്റെലം,വിഴാലരി ,കൂവളം വേര് ,നീലതാമരാ ,ഇരുവേരി ,കടുക്ക ,കയിമുത്തങ്ങ ,നന്നാറി കിഴങ്ങ് ,ഓരില വേര് ,ദേവതാരം ,മൂവിലവേര് , അടപതിയന്‍ കിഴങ്ങ് ,ശതാവരി കിഴങ്ങ് ,അരേണുകം,വന്‍ വഴുതിന വേര് , ചെറു വഴുതിന വേര് ,മുല്ല വേര് , താമരയല്ലി ഇവ സമം എടുത്തു അതിന്റെ പത്തിരട്ടി ശുദ്ധമായ മഴ വെള്ളത്തില്‍ കഷായം വെച്ച് പത്തിലോന്നാക്കി അരിച്ചു അതിന്റെ പത്തിലൊന്ന് എണ്ണ ചേര്‍ത്തു പാകം ചെയ്യണം ഇപ്രകാരം പത്തു പ്രാവശ്യം കാച്ചി എടുക്കുമ്പോള്‍ എണ്ണക്ക് സമം ആട്ടിന്‍ പാല്‍ ചെര്‍ക്കണ്ട്ത് ആണ് . ഇതാണ് നസ്യം ചെയ്യുവാനുള്ള അണുതൈല വിധി
ഈ തൈലത്തിന്റെ മാത്ര അരപലം (ഒരൌന്‍സ് ). തല എണ്ണ തേച്ചു വിയ്ര്‍പ്പിച്ചതിനു ശേഷം അരപല എണ്ണയില്‍ ശീല മുക്കി അത് കൊണ്ട് മൂന്നു പ്രാവശ്യം മൂക്കില്‍ ഒഴിക്കണം അങ്ങനെ മൂന്നു ദിവസം കൂടുമ്പോള്‍ ചെയ്യണം ഇത് ഏഴു പ്രാവശ്യം തുടര്‍ന്ന് ചെയ്യണം ഈ നസ്യം ശീലിക്കുമ്പോള്‍ കാറ്റും ചൂടും ഏല്‍ക്കാതെ പത്യാഹാരം കഴിച്ചു ബ്രഹ്മചാരിയായിരിക്കണം .ഇന്ദ്രീയങ്ങള്‍ക്ക് ബലം കിട്ടുന്നതും ത്രിദോ ഷത്തെ ശമിപ്പിക്കുന്നതുമായ ഈ തൈലം യഥാസമയത്ത് പ്രയോഗിക്കുന്നതായാല്‍ നസ്യം കൊണ്ട് മുന്‍പ് കിട്ടുമെന്ന് പറഞ്ഞ എല്ലാ ഗുണങ്ങളും കിട്ടുന്നതാണ്.
No comments:
Post a Comment