ഹൃദ്രോഗികൾക്കും ദുർമേദസ്സുള്ളവർക്കും കൊളസ്ട്രോൾ അധികമുള്ളവർക്കും ചുവന്നുള്ളി വളരെ ഫലപ്രദമാണ്. ചുവന്നുള്ളി ഹൃദ്യോഗികളുടെ കണ്ണീരൊപ്പുമെന്ന ചൊല്ല് അന്വർത്ഥമാണ്. കേരളീയരാണ് ചുവന്നുള്ളി അധികം ഉപയോഗിച്ചുവരുന്നത്. മറ്റു സംസ്ഥാനങ്ങളിൽ സവാള ഉള്ളിയാണ് കൂടുതൽ ഉപയോഗിക്കുന്നത്. ചുവന്നുള്ളി കൂടുതൽ കൃഷി ചെയ്യപ്പെടുന്നത് തമിഴ്നാട്ടിലാണ്.
ലില്ലിയേസി കുടുംബത്തിൽപ്പെട്ട ചുവന്നുള്ളിയുടെ ശാസ്ത്രനാമം അല്ലിയം സെപ ലിൻ എന്നാണ്. സംസ്കൃതഭാഷയിൽ ദുർഗന്ധാ,യവനേഷ് യവനേഷു, പലാണ്ഡു എന്നും തമിഴിൽ വെങ്കായം എന്നും തെലുങ്കിൽ നീർമുള്ളി എന്നും പറയുന്നു. ചതുപ്പുനിലങ്ങളിൽ ചുവന്നുള്ളി സമൃദ്ധമായി വളരും. ചുവന്നുള്ളിയിൽ സൾഫർ, പഞ്ചസാര, സില്ലാപിക്രിൻ, സില്ലാമാക്രിൻ, സില്ലിനൈൻ എന്നീ രാസഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ എ,ബി,സി എന്നീ ഘടകങ്ങളും ഉണ്ട് കൂടാതെ ധാതുലവണങ്ങൾ,അന്നജം, പ്രോട്ടീൻ, കൊഴുപ്പ് ഇവയും അടങ്ങിയിട്ടുണ്ട്. ചുവന്നുള്ളിയിൽ ബാഷ്പീകരണസ്വഭാവമുള്ള തൈലമുണ്ട്. ഈ തൈലത്തിൽ ഡൈ സൾഫൈഡ് അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോൾ അധികമുള്ളവർ ചുവന്നുള്ളി അരിഞ്ഞ് അല്പം ചെറുനാരങ്ങാനീരും ചേർത്ത് ദിവസം രണ്ടോ മൂന്നോ നേരം പതിവായി കഴിച്ചാൽ കൊളസ്ട്രോൾ നിയന്ത്രണവിധേയമാക്കാം. മാംസം, വനസ്പതി, മുട്ടയുടെ മഞ്ഞക്കരു, നെയ്യ്, വെണ്ണ, നാളികേരം, വെളിച്ചെണ്ണ എന്നിവയുടെ അമിതമായ ഉപയോഗം കൊളസ്ട്രോൾ വർദ്ധിപ്പിക്കും. കൊളസ്ട്രോൾ ക്രമാധികമായി വർദ്ധിച്ചാൽ ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ആഹാരത്തിൽ കൊഴുപ്പിന്റെ അളവ് കൂടുന്പോൾ കൊളസ്ട്രോളും കൂടും. ജന്തുകൊഴുപ്പുകളേക്കാൾ പോഷകഗുണമുള്ളത് സസ്യകൊഴുപ്പുകകളിലാണ്. സസ്യകൊഴുപ്പുകളിൽ പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ വളരെയേറെ ഉള്ളതാണ് ഇതിനു കാരണം.ലിനോളിയിക്ക് ആസിഡ്, ലിനോളിനിക് ആസിഡ്, അരാക്കിഡോണിക് ആസിഡ് എന്നിവയാണ് പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ. ഇവ സസ്യകൊഴുപ്പുകളിൽ ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാൽ വെളിച്ചെണ്ണയിൽ പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ താരതമ്യേന കുറവാണ്. സൂര്യകാന്തിയെണ്ണ, നീലക്കടലയെണ്ണ, നല്ലെണ്ണ, കടുകെണ്ണ ഇവയിലെല്ലാം പോഷണാവശ്യങ്ങൾക്കനിവാര്യമായ പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് പല ധർമ്മങ്ങലും മനുഷ്യശരീരത്തിൽ നിർവ്വഹിക്കുന്നു. ശരീരത്തിനാവശ്യമായ ഊർജ്ജം നൽകുക, രക്തത്തിലെ താപനില സന്തുലിതമായി നിലനിർത്തുക. ആന്തരികാവയവങ്ങൾ കേടുപറ്റാതെ സംരക്ഷിക്കുക, ജീവകം എ, ഡി, ഇ, കെ എന്നിവയെ ലയിപ്പിച്ച് അവയുടെ ആഗിരണം സാധ്യമാക്കുക എന്നിവ കൊഴുപ്പിന്റെ ധർമങ്ങളാണ്. ശരീരത്തിൽ പല ഭാഗങ്ങളിലായി കൊഴുപ്പ് സൂക്ഷിച്ചിട്ടുള്ളതുകൊണ്ടാണ് മനുഷ്യന് വളരെനാൾ നിരാഹാരം കിടക്കാൻ സാധ്യമാകുന്നത്. കൊഴുപ്പ് അധികമായി വല്ലാതെ ദുർമേദസ്സുള്ളവർ എട്ടോ പത്തോ ചുവന്നുള്ളി അരിഞ്ഞ് രണ്ട് ടീസ്പൂൺ ചെറുനാരങ്ങാനീരുചേർത്ത് ആഹാരത്തോടൊപ്പം പതിവായി കഴിച്ചാൽ ഫലപ്രദമാകും.
No comments:
Post a Comment