ആയുര്‍വേദവും ലൈംഗികതയുംഡോ. കെ. മുരളീധരന്‍-------------------------------------------------------------------വാഗ്ഭടന്‍ വൈദ്യശാസ്ത്രം രചിച്ചു; വാത്സ്യായനന്‍ കാമശാസ്ത്രവും. രണ്ടുപേരും നമുക്ക് പ്രിയപ്പെട്ടവരാകുന്നു. കാരണം, ആഹാരം പോലെ - ഉറക്കം പോലെ - സമ്പൂര്‍ണ ലൈംഗികസംതൃപ്തിയും ജീവിതം ആഘോഷമാക്കുവാന്‍ ആവശ്യമാകുന്നു. ലൈംഗികശേഷി നിലനിര്‍ത്തുന്നതിനും ആവശ്യമായ ഘട്ടങ്ങളില്‍ വര്‍ധിപ്പിക്കുന്നതിനും ഉതകുന്ന ജീവിതചര്യകളും, ചികിത്സാക്രമങ്ങളും ആയുര്‍വേദത്തില്‍ വിവരിക്കുന്നു. വാജീകരണചികിത്സ എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. 'വാജി' എന്നാല്‍ 'കുതിര' - കുതിരയ്ക്ക് തുല്യമായ ശക്തി ലഭിക്കുവാനുള്ള ചികിത്സ എന്നര്‍ഥത്തിലാണ് ഈ പേര് നല്‍കിയിട്ടുള്ളത്. ഈ ചികിത്സ ശുക്ലത്തിന്റെ അളവ്, ഗുണം എന്നിവയേയും സ്ത്രീഗമനശക്തിയേയും വര്‍ധിപ്പിക്കുവാന്‍ പ്രതേ്യകമായിട്ടുള്ളതാകുന്നു.
ഇണകളുടെ പരസ്പരവിശ്വാസവും പ്രണയവുമാണ് ദാമ്പത്യവിജയത്തിന്റെ കേന്ദ്രബിന്ദു. ഇതിന്റെ പ്രകാശത്തിലെ വാജീകരണം ഫലപ്രദമാകൂ. ആയുര്‍വേദം അടിസ്ഥാനപരമായി ഈ വിഷയത്തില്‍ സ്വീകരിച്ചിട്ടുള്ള പ്രമാണം ഇതാകുന്നു.
ലൈംഗികോത്തേജകൗഷധങ്ങള്‍ എന്നും വിപണിയിലെ ചൂടപ്പങ്ങളാണ്. വയാഗ്രയ്ക്ക് തുല്യവും പാര്‍ശ്വഫലരഹിതവുമായ 'പച്ചമരുന്നുകള്‍' തേടിയുള്ള അന്വേഷകര്‍ വിപണിയെ വീണ്ടും ചൂടുപിടിപ്പിച്ചിരിക്കുന്നു. 'ആസക്തി ആവശ്യവും അത്യാസക്തി ആപത്കരവും' എന്ന തിരിച്ചറിവോടെ ഉത്തേജകങ്ങളെ കൈകാര്യം ചെയ്യുന്നതാകും കൂടുതല്‍ അഭിലഷണീയം.
ആസ്വാദ്യകരമായ ലൈംഗികജീവിതം ഉറപ്പുവരുത്തുന്നതിനു ചില ചിട്ടകള്‍ പാലിക്കേണ്ടതുണ്ടെന്ന് ആയുര്‍വേദം അനുശാസിക്കുന്നു. ലൈംഗികവേഴ്ചയില്‍ ഋതുഭേദങ്ങള്‍ക്കനുസരിച്ച് വരുത്തേണ്ട മാറ്റംതന്നെ ഒരു ഉദാഹരണം. വര്‍ഷകാലത്തും വേനല്‍ക്കാലത്തും രണ്ടാഴ്ചയില്‍ ഒരിക്കല്‍; വസന്തഋതുവില്‍ രണ്ടുദിവസത്തിലൊരിക്കല്‍; ഹേമന്തം ശിശിരം എന്നീ ഋതുക്കളില്‍ യഥേഷ്ടം, എന്നാണ് വിധി. ഊട്ടിപോലുള്ള ശൈത്യമാര്‍ന്ന പ്രദേശങ്ങളിലേക്ക് പറന്നുപോയി മധുവിധു ആഘോഷിക്കുന്നതിന്റെ യുക്തി അനുമാനിക്കാമല്ലോ.
ലൈംഗികാസ്വാദനത്തെ തടസ്സപ്പെടുത്തുന്ന ചില മാനസിക - ശാരീരിക രോഗങ്ങളും വൈകാരികപ്രശ്‌നങ്ങളും ഉണ്ട്. ഉത്തേജകൗഷധങ്ങള്‍ ഇവയ്ക്ക് പരിഹാരമാകുന്നില്ല. മാനസികാപഗ്രഥനം മുതല്‍, ആവശ്യമെങ്കില്‍ ശസ്ത്രക്രിയവരെ ഇതിനുവേണ്ടിവന്നേക്കാം. ചികിത്സ വിധിക്കുന്നതിനുമുന്‍പ് ലൈംഗികശേഷിക്കുറവിന്റെ സ്വഭാവം കൃത്യമായി നിര്‍ണയിക്കപ്പെടേണ്ടതുണ്ട്. ലൈംഗികതാത്പര്യം, ഉത്തേജനം, രതിമൂര്‍ച്ഛ, അനുഭൂതിലയം എന്നിവയില്‍ ഏതു ഘടകത്തിനാണ് തകരാറെന്നു കണ്ടെത്തി ചികിത്സ ക്രമീകരിക്കുന്നതാണ് ഏറ്റവും ശാസ്ത്രീയമായ രീതി.
വാജീകരണചികിത്സയില്‍ ഔഷധങ്ങളോടൊപ്പം ആഹാരങ്ങളും ഉള്‍പ്പെടുന്നു. ഗോതമ്പ്, നവര, കൂവ്വപ്പൊടി, മലര്, ഉഴുന്ന്, പാല്‍, തൈര്, നെയ്യ്, തേന്‍, കരിമ്പിന്‍നീര്, ഇളനീര്‍, മുന്തിരി, നെല്ലിക്ക, ബദാംപരിപ്പ്, കോഴിമാംസം, കോഴിമുട്ട, മത്സ്യം എന്നിവ പ്രതേ്യകം ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുള്ള ആഹാരങ്ങളില്‍ ചിലതാകുന്നു. ഉള്ളി, ചേമ്പ്, കൂര്‍ക്ക, കാരറ്റ് എന്നിവയുടെ ഉപയോഗവും നല്ലതാണെന്ന് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ലൈംഗികവികാരം ശരീരത്തിന്റെ ഒരാവശ്യവും അഭിലാഷവുമാകുന്നു. അതിനാല്‍ സ്വാഭാവിക ലൈംഗികചിന്തകളും പ്രവര്‍ത്തനവും തടയരുതെന്ന കാഴ്ചപ്പാടാണ് ആയുര്‍വേദത്തിനുള്ളത്.
No comments:
Post a Comment