മകള്‍ അറിയേണ്ടതും അമ്മ പറയേണ്ടതും
ഡോ ലളിതാംബിക കരുണാകരന്‍
ഇവള്‍ വല്യ പെണ്ണായല്ലോ.മകള്‍ മുതിര്‍ന്നുവെന്നു മറ്റുള്ളവര്‍ പറയുമ്പോള്‍ അമ്മമാരുടെ നെഞ്ചിടിപ്പ് കൂടും. കൌമാരത്തിലേkക്ക് കാല്‍ വയ്ക്കുന്നതോടെ പെണ്‍കുട്ടികള്‍ സ്ത്രീ എന്ന നിലയിലെ വളര്‍ച്ചയിലേക്ക് അടുക്കുകയാണ്. ശാരീരികമായ മാറ്റങ്ങളെയും ആര്‍ത്തവത്തെയും മകള്‍ക്ക് ഉള്‍ക്കൊള്ളാനാവുമോ എന്നതാവും അമ്മയുടെ സംശയം. കൂട്ടുകാരികള്‍ പറഞ്ഞോ സ്കൂളിലെ ആരോഗ്യക്ളാസില്‍ നിന്നോ മകള്‍ ഇതെക്കുറിച്ച് അറിഞ്ഞോളും എന്ന് കരുതരുത്. കൂട്ടുകാരില്‍ നിന്നു കിട്ടുന്ന വികലമായ അറിവുകള്‍ കുട്ടിയില്‍ ഭീതി വളര്‍ത്താം. ആരോഗ്യ ക്ളാസില്‍ നിന്നു കിട്ടുന്ന വിവരങ്ങള്‍ പൂര്‍ണമാകണമെന്നുമില്ല. അതുകൊണ്ടു തന്നെ അമ്മ തന്നെ എല്ലാ കാര്യങ്ങളും ശാസ്ത്രീയമായി മകള്‍ക്കു പറഞ്ഞു കൊടുക്കുന്നതാണ് നല്ലത്. അമ്മയ്ക്ക് ഇതിനു കഴിവില്ലെങ്കില്‍ കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകളോ അധ്യാപികമാരോ ആര്‍ത്തവത്തെപ്പറ്റി പെണ്‍കുട്ടികള്‍ക്ക് അറിവു നല്‍കണം.
1 ശാരീരിക മാറ്റങ്ങളെക്കുറിച്ച് എപ്പോള്‍ പറഞ്ഞു തുടങ്ങാം?
ഒമ്പത്-10 വയസെത്തുമ്പോള്‍ പെണ്‍കുട്ടികളുടെ ശരീരത്തില്‍ മാറ്റങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും. ഈ പ്രായത്തില്‍ സ്തന വളര്‍ച്ചയുണ്ടാകും. ഒപ്പം കക്ഷത്തിലും ഗുഹ്യഭാഗത്തും രോമങ്ങള്‍ പ്രത്യക്ഷപ്പെടും. കുട്ടിയില്‍ ശാരീരികമായ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയാല്‍ മോള്‍ അമ്മയെപ്പോലെ വലുതാവുകയാണെന്നു പറഞ്ഞു മനസിലാക്കുക.
സാധാരണയായി കക്ഷത്തില്‍ രോമങ്ങള്‍ പ്രത്യക്ഷപ്പെട്ട് ആറു മാസത്തിനുള്ളില്‍ ആദ്യ ആര്‍ത്തവമുണ്ടാകും. ഒന്‍പത് വയസാകുമ്പോഴേക്കും കുട്ടിക്ക് ആര്‍ത്തവത്തെക്കുറിച്ച് അറിവ് നല്‍കാം. ഇതു കഴിവതും ലളിതമായി പറഞ്ഞു കൊടുക്കാന്‍ ശ്രദ്ധിക്കുക. മോള്‍ക്കു ചെറിയ വയറ്വേദനയുണ്ടാകും. പിന്നീട് പാന്റീസില്‍ രക്തം കണ്ടാല്‍ പേടിക്കേണ്ട ആവശ്യമില്ല. ഇതു മോള്‍ വലിയ ആളാകുന്നതിന്റെ തെളിവാണ്. ഇതിന് ആര്‍ത്തവമെന്നാ പറയുക. എല്ലാ സ്ത്രീകള്‍ക്കും ആര്‍ത്തവം ഉണ്ടാകും. ഈ ദിവസങ്ങളില്‍ സാനിറ്ററി പാഡോ വൃത്തിയുള്ള തുണിയോ ഉപയോഗിച്ചാല്‍ മോള്‍ക്കു സാധാരണ പോലെ സ്കൂളില്‍ പോകാനും കളിക്കാനും കഴിയുമെന്നും കുട്ടിയോടു പറയുക.
2 എന്താണ് ആര്‍ത്തവം?
ഗര്‍ഭം ധരിക്കാനുള്ള വളര്‍ച്ചയിലേക്കു ശരീരമെത്തിയതിന്റെ അടയാളമാണ് ആര്‍ത്തവം. കൌമാരമെത്തുമ്പോഴേക്കും പെണ്‍കുട്ടികളുടെ ഗര്‍ഭാശയവും അണ്ഡാശയവും വളര്‍ച്ചയെത്തുന്നു. ഇതോടെ മാസത്തിലൊരിക്കല്‍ ഒരു അണ്ഡം പൂര്‍ണ വളര്‍ച്ചയെത്തും. ഗര്‍ഭപാത്രത്തിന്റെ ഉള്‍ഭാഗത്ത് എന്‍ഡോമെട്രിയം എന്ന ഒരു പാടയുണ്ട്. കൌമാരമെത്തുമ്പോള്‍ ഈസ്ട്രജന്‍, പ്രൊജസ്ട്രോണ്‍ തുടങ്ങിയ ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്താല്‍ ഈ പാട തടിക്കുകയും ഗര്‍ഭപാത്രം ഗര്‍ഭധാരണത്തിനു തയാറാവുകയും ചെയ്യും. ഗര്‍ഭധാരണം നടന്നില്ലെങ്കില്‍ ഇത് പൊഴിഞ്ഞു യോനിയില്‍ കൂടി രക്തത്തോടൊപ്പം പോകും. ഈ രക്തമാണ് ആര്‍ത്തവരക്തം. 28 ദിവസം കൂടുമ്പോഴാണ് ആര്‍ത്തവമുണ്ടാകുക. ഹോര്‍മോണിന്റെ വ്യതിയാനമനുസരിച്ച് ഒരാഴ്ച മുന്നോട്ടോ പിന്നോട്ടോ ഇതു മാറാം.
3 ആദ്യ ആര്‍ത്തവത്തിനു വേണ്ട തയാറെടുപ്പുകള്‍?
ശþരീരിക മാറ്റം കണ്ടു തുടങ്ങിയാല്‍ കുട്ടിക്കു സ്കൂളില്‍ വച്ചോ യാത്രയ്ക്കിടയിലോ ഏതു സമയത്തു വേണമെങ്കിലും ആദ്യ ആര്‍ത്തവമുണ്ടാകാമെന്നോര്‍ക്കുക. വയറു വേദനയനുഭവപ്പെട്ടാല്‍ അമ്മയോടു പറയണമെന്നോര്‍മിപ്പിക്കുക. പാഡോ തുണിയോ ഉപയോഗിക്കേണ്ട വിധം മകള്‍ക്കു പറഞ്ഞു കൊടുക്കണം. സ്കൂളില്‍ വച്ച് ആദ്യ ആര്‍ത്തവമുണ്ടായാലും പേടിക്കേണ്ട കാര്യമില്ലെന്നും പാഡ് ഉപയോഗിച്ചാല്‍ മതിയെന്നും പറയുക. ഈ വിവരം ടീച്ചറെ അറിയിക്കാനും പറയുക. ദീര്‍ഘ യാത്ര പോകുമ്പോള്‍ പാഡോ,തുണിയോ കൈയില്‍ കരുതാന്‍ മകളെ ഓര്‍മിപ്പിക്കുക.
4 എട്ട് വയസുള്ള കുട്ടിയില്‍ ശാരീരിക മാറ്റങ്ങള്‍ കണ്ടു തുടങ്ങി. ഇത്രയും നേരത്തേ ആര്‍ത്തവമുണ്ടാകുമോ?
ആഹാര രീതിയും ശരീരഘടനയും നേരത്തെ ആര്‍ത്തവമുണ്ടാകുന്നതിനു കാരണമാകും. ഫാസ്റ്റ്ഫുഡിന്റെ അമിത ഉപയോഗവും അമിതവണ്ണവും പെണ്‍കുട്ടികളില്‍ 10 വയസിലോ അതിനു മുമ്പോ ആര്‍ത്തവം ഉണ്ടþകാനിടയാക്കും. പാരമ്പര്യവും ഒരു ഘടകമാണ്. അമ്മയ്ക്ക് ആദ്യ ആര്‍ത്തവം നേരത്തെ ഉണ്ടായിട്ടുണ്ടെങ്കില്‍ മകള്‍ക്കും അതേ അവസ്ഥയുണ്ടാകാന്‍ സാധ്യതയുണ്ട്.
5 സമപ്രായത്തിലുള്ള മറ്റു കുട്ടികളെ അപേക്ഷിച്ച് ആര്‍ത്തവമുണ്ടാകാന്‍ വൈകുന്നു. ഇതില്‍ പേടിക്കേണ്ടതുണ്ടോ?
പെണ്‍കുട്ടികളില്‍ പതിനാലു വയസിനുള്ളില്‍ ശാരീരികമായ മാറ്റങ്ങളൊന്നും കണ്ടു തുടങ്ങിയില്ലെങ്കില്‍ ചികിത്സ ആവശ്യമാണ്. പതിനാറു വയസിനുള്ളില്‍ ആര്‍ത്തവമുണ്ടായില്ലെങ്കിലും തീര്‍ച്ചയായും ഗൈനക്കോളജിസ്റ്റിനെ കാണണം.
ചിലരില്‍ ശാരീരികമായ മാറ്റങ്ങള്‍ കണ്ട് ഒന്നോ രണ്ടോ വര്‍ഷത്തിനു ശേഷം ആദ്യ ആര്‍ത്തവമുണ്ടാകില്ല. ഇത്തരം അവസ്ഥയില്‍ മകളെ ഗൈനക്കോളജിസ്റ്റിനെ കാണിക്കുക.
6 ആര്‍ത്തവത്തോടനുബന്ധിച്ചുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകള്‍?
വയറുവേദന, കാല്‍കഴപ്പ്, നടുവുവേദന എന്നിവയാണു പൊതുവെ ആര്‍ത്തവത്തോടനുബന്ധിച്ചു കണ്ടുവരുന്ന അസ്വസ്ഥതകള്‍. ചിലരില്‍ ആദ്യ ദിവസങ്ങളില്‍ ഛര്‍ദിയും തലകറക്കവും ഉണ്ടാകാറുണ്ട്. ആര്‍ത്തവത്തിന്റെ ആദ്യദിനത്തില്‍ മൂന്നു മുതല്‍ നാലുമണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന വയറുവേദന സ്വാഭാവികമാണ്. ആര്‍ത്തവം തുടങ്ങി ആദ്യത്തെ ഒരു വര്‍ഷത്തിനു ശേഷമാണ് പൊതുവെ കടുത്ത വേദനയുണ്ടാകുക. ആര്‍ത്തവ രക്തത്തെ പുറംതള്ളുന്ന ഗര്‍ഭാശഭിത്തികള്‍ സങ്കോചിക്കുന്നതാണു വയറുവേദനയ്ക്കു കാരണം. ചൂടുവെള്ളം നിറച്ച പാത്രമോ ഹോട്ട് ബാഗോ അടിവയറ്റിനു മുകളില്‍ പിടിക്കുന്നതു വയറുവേദനയകറ്റാന്‍ നല്ലതാണ്. ആര്‍ത്തവസമയത്തു രക്തം കാണുന്നതിന് 24 മണിക്കൂര്‍ മുമ്പും 24 മണിക്കൂര്‍ ശേഷവും വയറുവേദന നീണ്ടു നിന്നാല്‍ ചികിത്സ തേടണം.
7 ആര്‍ത്തവ ദിനങ്ങളില്‍ ശുചിത്വം ഉറപ്പാക്കേണ്ടതെങ്ങനെ?
ആര്‍ത്തകാലത്തു ശരീര ഭാഗങ്ങള്‍ ശുചിത്വത്തോടെ സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു പറഞ്ഞു കൊടുക്കണം. ആര്‍ത്തവമടുക്കുന്ന ദിവസങ്ങളില്‍ യോനീഭാഗത്തെ രോമങ്ങള്‍ നീക്കം ചെയ്യണം. ഇളം ചൂടുവെള്ളമുപയോഗിച്ച് ഇടയ്ക്കിടെ യോനീഭാഗം വൃത്തിയായി കഴുകുക. ജലാംശം തങ്ങി നില്‍ക്കാന്‍ അനുവദിക്കരുത്.
തുണിയാണ് ഉപയോഗിക്കുന്നതെങ്കില്‍ ഉപയോഗശേഷം സോപ്പിട്ടു വൃത്തിയാക്കിയ ശേഷം ചൂടുവെള്ളത്തില്‍ കഴുകി അണുവിമുക്തമാ ക്കണം. ഇതു വെയിലത്തിട്ട് ഉണക്കിയെടുക്കാന്‍ ശ്രദ്ധിക്കുക.ആര്‍ത്തവ ദിവസങ്ങളില്‍ രണ്ടുനേരം കുളിക്കുന്നതാണു നല്ലത്. ഇളംചൂട് വെള്ളത്തില്‍ കുളിക്കുന്നത് ഉന്മേഷം പകരും.
8 സാനിറ്ററി നാപ്കിന്റെ ഉപയോഗം ആരോഗ്യത്തിനു ദോഷം ചെയ്യുമോ?
ഓരോരുത്തരുടെയും സൌകര്യമനുസരിച്ചു പാഡോ തുണിയോ ഉപയോഗിക്കാം. സാനിറ്ററി നാപ്കിന്റെ ഉപയോഗം പൊതുവെ ദൂഷ്യഫലമൊന്നുമുണ്ടാക്കില്ല. എന്നാല്‍, ദിവസം എട്ട് മണിക്കൂറില്‍ കൂടുതല്‍ ഒരേ പാഡ് ഉപയോഗിക്കുനന്ത് ആരോഗ്യകരമല്ല. കൂടുതല്‍ നേരമുള്ള ഉപയോഗം ഇന്‍ഫെക്ഷനു കാരണമാകും. അധികം രക്തം പോകുന്നില്ലെങ്കില്‍ പോലും ആറ് മണിക്കൂര്‍ വരെ ഉപയോഗിക്കുന്നതാണ് ഉത്തമം. ഒരു ദിവസം നാല് തവണ വരെ പാഡ് മാറ്റാം. നനഞ്ഞ പാഡ് ഉപയോഗിക്കാന്‍ പാടില്ല. വൃത്തിയായി കഴുകി ജലാംശം ഒപ്പിയെടുത്ത ശേഷം പാഡ് വയ്ക്കുക. ചര്‍മത്തിന്റെ പ്രത്യേകത യനുസരിച്ചു ചിലതരം പാഡുകള്‍ അലര്‍ജിയുണ്ടാക്കാറുണ്ട്. അലര്‍ജിയുണ്ടായാല്‍ ആ ബ്രാന്‍ഡിന്റെ ഉപയോഗം നിര്‍ത്തുക.
9 ആര്‍ത്തവത്തിലെ അമിത ര്കതസ്രാവം എങ്ങനെ തിരിച്ചറിയാം?
പൊതുവെ 80 മില്ലി ലീറ്റര്‍ രക്തമാണ് ഒരു ദിവസം നഷ്ടപ്പെടുക. ദിവസം നാലു പാഡ് വരെ മാറ്റാം. ആറു മണിക്കൂറിനുള്ളില്‍ മാറ്റിയിട്ടും വസ്ത്രങ്ങളില്‍ രക്തമാവുന്നുണ്ടെങ്കില്‍ അമിത രക്തസ്രാവമാണെ ന്നു കണക്കാക്കണം. ദിവസം ഒന്നോ രണ്ടോ മണിക്കൂര്‍ ഇടവിട്ടു പാഡ് മാറ്റേണ്ടി വരുന്നുണ്ടെങ്കിലും ഏഴു ദിവസത്തില്‍ കൂടുതല്‍ രക്തസ്രാവമുണ്ടായാലും ചികിത്സ തേടണം.
തലച്ചോറിലെ ഹോര്‍മോണുകളുടെ വ്യതിയാനമാണ് അമിത രക്തസ്രാവത്തിനു കാരണം. ചെറിയ രീതിയിലുള്ള പ്രശ്നങ്ങള്‍ അയണ്‍ ടാബ്ലറ്റ് കഴിച്ചു പരിഹരിക്കാവുന്നതേയുള്ളൂ. ഗര്‍ഭാശയ സംബന്ധമായ അവയവങ്ങളുടെ നീര്‍ക്കെട്ട്, ഗര്‍ഭാശയമുഴകള്‍, ഗര്‍ഭാശയത്തിലെ അര്‍ബുദം, സിസ്റ്റ്, ഗര്‍ഭപാത്രത്തിന്റെ വൈകല്യം തുടങ്ങിയ കാരണങ്ങള്‍ കൊണ്ടും അമിത രക്തസ്രാവം ഉണ്ടാകും. അമിത രക്തസ്രാവമുണ്ടെങ്കില്‍ കഴിയുന്നത്ര വേഗം ഗൈനക്കോളജിസ്റ്റിനെ കാണുക.
10 രക്തസ്രാവം കുറയുന്നത് ആരോഗ്യത്തിലെ തകരാറു മൂലമാണോ?
ഓരോരുത്തരുടെയും ശരീരഘടനയനുസരിച്ച് ആര്‍ത്തവകാലത്തെ രക്തസ്രാവത്തില്‍ വ്യത്യാസമുണ്ടാകും. പൊതുവെ അഞ്ച് ദിവസമാണ് ആര്‍ത്തവ രക്തം പോകുക. ഇതു രണ്ടോ മൂന്നോ ദിവസമായി ചുരുങ്ങിയാല്‍ പേടിക്കേണ്ടതില്ല. അതേ സമയം രണ്ടോ മൂന്നോ മാസം കൂടുമ്പോഴേ രക്തസ്രാവമുള്ളൂ എന്നതിനൊപ്പം പ്രത്യേക ശാരീരിക മാറ്റങ്ങളും കണ്ടാല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഭാരം അമിതമായി കൂടുക,കഴുത്തിലും കക്ഷത്തിലും കറുപ്പ് നിറം കാണുക, മുഖത്തും ശരീരത്തിലും അമിതമായ രോമ വളര്‍ച്ച എന്നിവ പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം എന്ന രോഗത്തിന്റെ ലക്ഷണമാവാം. ഇത്തരം അവസ്ഥയില്‍ ഗൈനക്കോളജിസ്റ്റിനെ കാണാന്‍ ശ്രദ്ധിക്കുക.
11 ആര്‍ത്തവസമയത്തു സ്തനങ്ങളില്‍ വേദന അനുഭവപ്പെടുന്നതു കാര്യമായി എടുക്കേണ്ടതുണ്ടോ?
ആര്‍ത്തവത്തിന് ഒരാഴ്ച മുമ്പോ ആര്‍ത്തവദിവസങ്ങളിലോ സ്തനങ്ങളില്‍ വേദനയുണ്ടാകുന്നതിനു കാരണം ഹോര്‍മോണ്‍ വ്യതിയാനമാണ്. ഇതു സ്തനാര്‍ബുദമോ മറ്റു രോഗങ്ങള്‍ മൂലമോ ആണെന്നു ഭയപ്പെടേണ്ടതില്ല. അസഹനീയമായ വേദനയാണെങ്കില്‍ ഡോക്ടറുടെ ചികിത്സ തേടാം.
12 ആര്‍ത്തവം ക്രമം തെറ്റുന്ന അവസ്ഥയില്‍ എപ്പോള്‍ ചികിത്സ തേടണം?
ആര്‍ത്തവമുണ്ടായി ആദ്യ രണ്ട് വര്‍ഷം ഇരുപത്തെട്ട് ദിവസം എന്ന കണക്കില്‍ ആര്‍ത്തവം വരണമെന്നില്ല. ചെറിയ വ്യത്യാസങ്ങളൊക്കെ സാധാരണമാണ്. 35 ദിവസം വരെ ഇടവേളയുണ്ടാകാം. എന്നാല്‍, ഇതില്‍ കൂടിയ ഇടവേളയുണ്ടായാല്‍ ഗൈനക്കോളജിസ്റ്റിനെ കാണുക.
13 രക്തം പോകുന്നതു വിളര്‍ച്ചയുണ്ടാകാന്‍ കാരണമാകുമോ?
നല്ല ആരോഗ്യവും ആവശ്യത്തിനു ഹീമോഗോബിനുമുള്ള ഒരു കുട്ടിക്കു സാധാരണ നിലയിലുള്ള ആര്‍ത്തവം പ്രശ്നമൊന്നുമുണ്ടാക്കില്ല. അതേ സമയം അനീമിയയുള്ള കുട്ടികളില്‍ രക്തനഷ്ടം വിളര്‍ച്ച കൂട്ടുകയും ക്ഷീണമുണ്ടാക്കുകയും ചെയ്യും. ആര്‍ത്തവകാലത്ത് അനീമിയയുള്ളവര്‍ ഗര്‍ഭിണിയാകുമ്പോഴും അനീമിയ ഉണ്ടാകും.
14 ആര്‍ത്തവകാലത്തു ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ടോ?
വളരുന്ന പ്രായമായതുകൊണ്ട് ആദ്യ ആര്‍ത്തവമുണ്ടാകുന്നതിന് ഒന്നോ രണ്ടോ വര്‍ഷം മുമ്പേ തന്നെ പെണ്‍കുട്ടികള്‍ക്കു കൂടുതല്‍ പോഷകാഹാരം ആവശ്യമായി വരാം. കൂടുതല്‍ പ്രോട്ടീനും ഇരുമ്പും കിട്ടുന്നതിനായി പാല്‍, മുട്ട, ഇലക്കറികള്‍ തുടങ്ങിയവ കൂടുതലായി നല്‍കാം. രക്തത്തില്‍ ഹീമോഗോബിന്റെ കുറവുള്ളവരും വിളര്‍ച്ചയുള്ളവരും ഇരുമ്പ് കൂടുതലടങ്ങിയ ഭക്ഷണം കഴിക്കണം. മാംസാഹാരം ഇരുമ്പിനാല്‍ സമ്പുഷ്ടമാണ്.
ആര്‍ത്തവകാലത്തു ലഘുവും പോഷകഗുണമുള്ളതുമായ ആഹാരം വേണം മകള്‍ക്കു നല്‍കാന്‍. രക്തനഷ്ടം പരിഹരിക്കുന്നിനും ഊര്‍ജം ലഭിക്കുന്നതിനുമായി ബീറ്റ്റൂട്ട്, മുന്തിരി, കാരറ്റ്, മാതളനാരങ്ങ എന്നിവയുടെ നീര് കുടിക്കുന്നതു നല്ലതാണ്.
15 ആര്‍ത്തവം ഉണ്ടാകാത്തതിനുള്ള കാരണങ്ങള്‍?
പതിനാറ് വയസിനുള്ളില്‍ ആദ്യ ആര്‍ത്തവമുണ്ടായില്ലെങ്കില്‍ ശാരീരികമായ തകരാറുകളാകും കാരണം. രണ്ട് തരത്തിലുള്ള അവസ്ഥയുണ്ട്. ആദ്യത്തെ വിഭാഗത്തിലുള്ളവര്‍ക്കു പന്ത്രണ്ട്- പതിമൂന്ന് വയസെത്തുമ്പോഴും സ്തന വളര്‍ച്ചയോ രോമവളര്‍ച്ചയോ ഉണ്ടാവില്ല. ഇവര്‍ 15-16 വയസെത്തുമ്പോഴും ആര്‍ത്തവമുണ്ടാവില്ല.
ചിലരില്‍ സ്തന വളര്‍ച്ചയും രോമ വളര്‍ച്ചയുമുണ്ടാവും. ഇവര്‍ക്ക് എല്ലാ മാസവും വയറുവേദനയുണ്ടാകും. ഈ കുട്ടികളില്‍ കൃത്യമായി ആര്‍ത്തവമുണ്ടാകുന്നുണ്ട്. എന്നാല്‍, പുറത്തേക്കു പോകാനാവാതെ ആര്‍ത്തവരക്തം കെട്ടിക്കിടക്കുന്നതാവും കാരണം. ക്രിപ്റ്റോമെനോറിയ എന്നാണ് ഈ അവസ്ഥയ്ക്കു പറയുന്നത്. ഇത്തരം ലക്ഷണം കണ്ടാല്‍ ഡോക്ടറുടെ ചികിത്സ തേടാന്‍ മടിക്കരുത്. അള്‍ട്രാ സൌണ്ട് പരിശോധന വഴിയും ക്രിപ്റ്റോമെനോറിയ തിരിച്ചറിയാന്‍ സാധിക്കും. ചെറിയ ശസ്ത്രക്രിയ വഴി ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ. സ്തന വളര്‍ച്ചയും രോമ വളര്‍ച്ചയുമുള്ള ചില പെണ്‍കുട്ടികളില്‍ ഗര്‍ഭപാത്രമുണ്ടാവില്ല. ഇവരില്‍ ഒരിക്കലും ആര്‍ത്തവമുണ്ടാകുകയില്ല. അണ്ഡാശയമുള്ളതുകൊണ്ടു ദാമ്പത്യ ജീവിതം നയിക്കാനാവും. എന്നാല്‍ ഗര്‍ഭപാത്രമില്ലാത്തതു കൊണ്ടു ഗര്‍ഭം ധരിക്കാന്‍ കഴിയില്ല.
16 ആര്‍ത്തവത്തിനു ശേഷം വണ്ണം കൂടുന്നത് ആരോഗ്യ തകരാറ് മൂലമാണോ?
ആര്‍ത്തവമുണ്ടായതിനു ശേഷം പൊണ്ണത്തടിയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഈ സമയത്തു വിശപ്പ് കൂടുതലായിരിക്കും. ബേക്കറി ഭക്ഷണ പദാര്‍ഥങ്ങളും ജങ്ക് ഫുഡും കൂടുതല്‍ കഴിക്കുന്നത് ഭാരം കൂട്ടാനിടയാക്കും. ഇത്തരം ഭക്ഷണം പരമാവധി ഒഴിവാക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുക. വറുത്തതും പൊരിച്ചതുമായ ഭക്ഷണം, മധുരപദാര്‍ഥ ങ്ങള്‍ എന്നിവയ്ക്കു പകരം ഫൈബര്‍ അടങ്ങിയ സാലഡ്സ് പോലുള്ള ഭക്ഷണം അവര്‍ക്കു നല്‍കുക.
17 ആര്‍ത്തവം മാറ്റിവയ്ക്കുന്നതിനായി ഗുളിക കഴിക്കുന്നത് ആരോഗ്യപ്രശ്നമുണ്ടാകുമോ?
അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ചെറിയ കാലയളവിലേക്കു വേണ്ടി മാത്രമായി ആര്‍ത്തവം മാറ്റി വയ്ക്കാന്‍ ഡോക്ടറുടെ നിര്‍ദേശാനു സരണം ഗുളിക കഴിക്കുന്നതില്‍ തെറ്റില്ല.
18 ആര്‍ത്തവകാലത്തു ദേഷ്യം കൂടുതലായി കാണുന്നു?
ആര്‍ത്തവത്തിനു മുമ്പുള്ള ദിവസങ്ങളിലും ആര്‍ത്തവ ദിവസങ്ങളിലും വിഷാദവും ദേഷ്യവും ഉണ്ടായാല്‍ പേടിക്കേണ്ട കാര്യമില്ല. ഈസ്ട്രജന്‍, പ്രൊജസ്ട്രോണ്‍ എന്നീ ഹോര്‍മോണുകളിലുള്ള വ്യതിയാനം മൂലമാണിത്.
19 അമ്മയില്ലാത്ത കുട്ടികളെ എങ്ങനെയാണ് ഇക്കാര്യം പറഞ്ഞു മനസിലാക്കുക?
മകളോട് ഇത്തരം കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ അച്ഛന്മാര്‍ക്കു മടിയുണ്ടാവുക സ്വഭാവികം. ഇത്തരം സാഹചര്യങ്ങളില്‍ കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകളെയാരെങ്കിലും ഈ ചുമതലയേല്‍പ്പി ക്കുക. എന്തും തുറന്നു പറയാനുള്ള അടുപ്പം ചെറുപ്പം മുതല്‍ പെണ്‍മക്കളില്‍ വളര്‍ത്തിയെടുക്കാന്‍ അച്ഛന്മാര്‍ ശ്രമിക്കണം.
20 ആര്‍ത്തവമുണ്ടായിക്കഴിഞ്ഞു മകള്‍ക്കു നിയന്ത്രണങ്ങളേര്‍പ്പെടുത്തേണ്ടതുണ്ടോ?
ഇനി മുതല്‍ കളിക്കാനും പുറത്തു പോകാനുമൊന്നും പാടില്ല എന്ന തരത്തിലുള്ള നിയന്ത്രണങ്ങളുടെ ആവശ്യമില്ല. ശാരീരികമായ മാറ്റങ്ങള്‍ വന്നതുകൊണ്ടു നിയന്ത്രണമേര്‍പ്പെടുത്തുന്നതു കൌമാര ക്കാരുടെ ആത്മവിശ്വാസം കുറയാന്‍ കാരണമാകും. വളര്‍ച്ചയുടെ ഘട്ടത്തില്‍ ഓരോ സ്ത്രീയും കടന്നു പോകുന്ന ശാരീരികമായ ഒരു അവസ്ഥ മാത്രമാണിതെന്ന ബോധ്യമാണു കുട്ടികളില്‍ സൃഷ്ടിക്കേണ്ടത്.
ആര്‍ത്തവമായാല്‍ പെണ്‍കുട്ടികള്‍ക്ക് വിലക്കുകള്‍ കൊടുക്കുകയല്ല വേണ്ടത്. പകരം, അവര്‍ നേരിടേണ്ടി വരാവുന്ന ലൈംഗിക ചൂഷണങ്ങ ളെക്കുറിച്ചു പറഞ്ഞു കൊടുക്കുക. ഇത്തരം പത്രവാര്‍ത്തകളും മറ്റും ചര്‍ച്ച ചെയ്യുക. ഇത്തരം ദുരവസ്ഥകളില്‍ അകപ്പെടാതിരിക്കാനവരെ ജാഗരൂകരാക്കുക.
അപരിചിതര്‍ മാത്രമല്ല ബന്ധുക്കളായാല്‍പ്പോലും ശരീരത്തില്‍ അനാവശ്യമായി സ്പര്‍ശിക്കാന്‍ അനുവദിക്കരുതെന്നു മകളെ പറഞ്ഞു മനസിലാക്കണം. എല്ലാറ്റിനുമുപരിയായി അമ്മയുടെ മാനസിക പിന്തുണയാണ് ഈ ഘട്ടത്തില്‍ മകള്‍ക്ക് ആവശ്യമെന്നോര്‍മിക്കുക.
No comments:
Post a Comment