ഒരോ മാസത്തിലും ആവശ്യമായ ഗര്‍ഭകാല പരിചരണം
മാസം1 : വിശ്രമം, ശീലിക്കേണ്ടവ, കട്ടികുറഞ്ഞതും ദഹിക്കാനെളുപ്പമുള്ളതുമായ ആഹാരം, പാല്‍, മധുരമുള്ള ആഹാരം.
മാസം 2 : മധുരരസ പ്രധാനമായ ആഹാരം ഇടയ്ക്കിടെ കഴിക്കുക. മലര്‍പ്പൊടി ചേര്‍ത്ത് തിളപ്പിച്ച വെള്ളം ഛര്‍ദി കുറയ്ക്കും. ശതാവരിക്കിഴങ്ങ്, തിരുതാളിവേര് ഇവയിലേതെങ്കിലും ചേര്‍ത്തുണ്ടാക്കുന്ന പാല്‍ക്കഷായം നല്‍കാം. ഛര്‍ദി അധികമെങ്കില്‍ ചായ, കാപ്പി ഇവയുടെ ഉപയോഗം കുറയ്ക്കണം.
മാസം 3 : പാല്‍, വെണ്ണ, നെയ്യ് ഇവ അല്‍പാല്പ്പം നല്‍കാം. രണ്ടാംമാസത്തിലെ ഔഷധങ്ങളുപയോഗിക്കാം. അച്ചാറുകള്‍ ഒഴിവാക്കണം.
മാസം 4 : ഗര്‍ഭസ്ഥശിശുവിന്റെ മാംസപേശികളും മറ്റും വളര്‍ച്ച പ്രാപിക്കുന്നതിനാല്‍ മാംസ്യാംശം അധികമടങ്ങിയ പയറുവര്‍ഗങ്ങളോ, മല്‍സ്യം, ഇറച്ചി ഇവയോ ആഹാരത്തില്‍ അധികം ഉള്‍പ്പെടുത്തണം. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, പാല്‍, വെണ്ണ, നെയ്യ് ഇവയും നല്‍കാം. ഓരിലവേര് പാല്‍ക്കഷായമായി നല്‍കാം.
മാസം 5 : കുട്ടിയുടെ ചലനം ഗര്‍ഭിണിക്ക് അനുഭവസ്ഥമാകും. മേല്‍പറഞ്ഞവ കൂടാതെ ശതാവരിക്കിഴങ്ങ് പാല്‍ക്കഷായമായി നല്‍കാം. അഞ്ചാംമാസം മുതല്‍ മലര്‍ന്നു കിടന്നുറങ്ങരുത്. കാരണം അത് രക്തചംക്രമണത്തെ തടസ്സപ്പെടുത്തും. കൂടാതെ പൊക്കിള്‍ക്കൊടി ശിശുവിന്റെ കഴുത്തിനുചുറ്റും കുരുങ്ങാനും പ്രസവസമയത്ത് തടസ്സവും ശിശുമരണംതന്നെയുണ്ടാകാനും കാരണമാകും.
മാസം 6 : പോഷകമൂല്യമുള്ള ആഹാരം കഴിക്കണം. തഴുതാമയോ ഞെരിഞ്ഞിലോ ഇട്ടു തിളപ്പിച്ച വെള്ളമോ പാലോ ഇക്കാലത്തുണ്ടാകാനിടയുള്ള നീരില്ലാതാക്കും.
മാസം 7 : യവം ചേര്‍ത്തുണ്ടാക്കുന്ന പാല്‍ക്കഞ്ഞി, പച്ചക്കറികള്‍, കുറുന്തോട്ടിവേര് ചേര്‍ത്തുണ്ടാക്കുന്ന പാല്‍ക്കഷായം ഇവ നല്‍കാം. 45 ഗ്രാം കുറുന്തോട്ടി വേര് നാലു ഗ്ലാസ് വെള്ളം ചേര്‍ത്ത് തിളപ്പിച്ച് അര ഗ്ലാസ് ആക്കി അരിച്ച് അര ഗ്ലാസ് തിളപ്പിച്ച പാല്‍ ചേര്‍ത്ത് വൈകിട്ട് അഞ്ചുമണിക്ക് കുടിക്കാം. ഇത് ഏഴാംമാസം മുതല്‍ തുടര്‍ച്ചയായി പ്രസവം വരെ കഴിക്കാം. ചന്ദനവും രാമച്ചവും അരച്ച് വെണ്ണചേര്‍ത്ത് പുരട്ടുന്നത്, കുഴമ്പുപുരട്ടുന്നത്, വയറില്‍ ചൊറിച്ചില്‍, വിള്ളല്‍, വരകള്‍ ഇവയുണ്ടാകുന്നത് തടയും. ദേഹം മുഴുവന്‍ കുഴമ്പുപുരട്ടി മെല്ലെ തടവിയശേഷം കരിനൊച്ചിയില, പുളിയില, ആവണക്കില ഇവയിലേതെങ്കിലുമിട്ടു തിളപ്പിച്ച് തണുപ്പിച്ച ചെറുചൂടുവെള്ളം കൊണ്ടു കുളിക്കണം. ഇതു നടുവേദന, കാല്‍വണ്ണ ഉരുണ്ടുകയറുക, കാല്‍കഴപ്പ് എന്നിവ ഇല്ലാതാക്കും. ഇതു പ്രസവംവരെ ശീലിക്കുന്നത് സുഖപ്രസവത്തിനുതകും.
മാസം 8 : ആഹാരത്തില്‍ കുറേശ്ശെ നെയ്യ് ചേര്‍ത്തു നല്‍കാം. കഷായവസ്തി മലബന്ധം അകറ്റാനും വായുകോപമില്ലാതാക്കാനും സഹായിക്കും. തൈലവസ്തി നല്‍കുന്നത് നടുവേദനയും മറ്റും ഇല്ലാതാക്കും.
മാസം 9 : ചൂടോടെ പാല്‍ക്കഞ്ഞി അല്‍പം നെയ്യ് ചേര്‍ത്തു രാവിലെ കുടിക്കാം. പിച്ചുധാരണം അഥവാ (ധാന്വന്തരം) തൈലത്തില്‍ തുണിമുക്കി അടിവയറിലും യോനിപ്രദേശത്തും അല്‍പസമയമിടുക. ചെറിയ ചൂടുവെള്ളത്തില്‍ കുളിക്കാം.
ഗര്‍ഭിണി ആദ്യമാസംമുതല്‍ ഏഴുമാസംവരെ എല്ലാ മാസവും, ഏഴുമുതല്‍ 9-ാം മാസം വരെ രണ്ടാഴ്ച കൂടുമ്പോഴും പിന്നീടു പ്രസവംവരെ ആഴ്ചതോറും പരിശോധനാവിധേയയാകണം. ഓരോ പ്രാവശ്യവും ഭാരം, രക്തസമ്മര്‍ദം, ഗര്‍ഭാശയ വളര്‍ച്ച, ശിശുവിന്റെ ഹൃദയസ്പന്ദന നിരക്ക്, രക്തത്തിലെ പഞ്ചസായുടെ അളവ് എന്നിവ പരിശോധിക്കണം.
No comments:
Post a Comment