നല്ല വൃത്തിയുള്ള മല്ല് തുണി നാരങ്ങാനീരും പച്ചക്കര്‍പ്പൂരവും കലര്‍ത്തിയ നീരില്‍ മുക്കി ഉണക്കിയെടുക്കുക. ഇത് നാലോ അഞ്ചോ തവണ ആവര്‍ത്തിക്കുന്നത് വളരെ നല്ലതാണ്. ഓട്ട് വിളക്കില്‍ തേങ്ങ വെന്ത വെളിച്ചെണ്ണ ഒഴിച്ച് ഈ തുണി കീറി തെറുത്തുണ്ടാക്കിയ തിരിയിട്ട് കത്തിക്കുക.
തിരിനാളത്തിന് മുകളിലായി ഓടോ ചെമ്പോ ഇരുമ്പോ കൊണ്ടുള്ള കിണ്ണമോ പാത്രമോ കെട്ടിത്തൂക്കി ഇടുക. ഒരു ദിവസം മുഴുവന്‍ വിളക്ക് കത്തിച്ചു വയ്ക്കണം. അതിനുശേഷം ഓട് പാത്രത്തില്‍ പിടിച്ച കരി പൊടിച്ച് ചിമിഴിലാക്കിയശേഷം വെന്ത വെളിച്ചെണ്ണ ഒന്നുരണ്ടു തുള്ളി ചേര്‍ത്ത് പാകത്തിന് ചാലിച്ചെടുക്കണം. കണ്ണിന് നല്ല കുളിര്‍മ നല്‍കാനും അണുബാധയില്‍നിന്ന് രക്ഷിക്കാനും ഈ മഷിക്ക് കഴിയും
കണ്ണുകളുടെ ആരോഗ്യം
നീരിറക്കം, അണുബാധ എന്നിവ മഴക്കാലത്ത് കണ്ണുകളെ ബാധിക്കാറുണ്ട്. കണ്ണിന്റെ അഴകിനും ആരോഗ്യത്തിനും മഴക്കാലത്ത് നിത്യവും ക ണ്ണെഴുത്ത് ശീലമാക്കണം. പെൺകുട്ടികൾക്കുമാത്രമല്ല ആണുങ്ങൾക്കും കണ്ണെഴുതാം. കണ്ണെഴുതിയാൽ കാഴ്ചയുടെ സൂക്ഷ്മശക്തി കൂടും. കണ്ണിന് തിളക്കവും നിറവും കിട്ടും. കരിമഷികൊണ്ടുള്ള കണ്ണെഴുത്താണ് നല്ലത്. ദിവസവും രാവിലെയാണ് കണ്ണെഴുതേണ്ടത്. രാത്രി കണ്ണെഴുതുന്നത് ഉറക്കക്കുറവ് ഉണ്ടാക്കാം.
ഔഷധഗുണമുള്ള കൺമഷി വീട്ടിൽത്തന്നെ ഉണ്ടാക്കാം. പുതിയ ഈരിഴതോർത്ത് കഷണങ്ങളാക്കി തിരിതെരച്ചുവെക്കുക. പൂവ്വാംകുറുന്നില നീര്, ചെറുനാരങ്ങനീര് എന്നിവ ചേർത്തതിൽ ഈ തിരികൾ പലതവണ മുക്കി തണലിൽ ഉണക്കിയെടുക്കുക. ഒരു ചിരാതിൽ അല്പം തൃഫല പൊടിയിട്ട് മൂപ്പിക്കുക. ഇതിലേക്ക് എള്ളെണ്ണ ഒഴിച്ച് കലക്കുക. ഉണക്കിയെടുത്ത തിരി ഇതിൽ മുക്കിവെച്ച് കത്തിക്കുക. ഇത് ഒരു പുതിയ മൺകലം കൊണ്ട് മൂടിവെക്കുക. തിരികത്തിയതിന്റെ കരി കലത്തിന്റെ ഉൾഭാഗത്ത് പിടിക്കും. ഇത് ചുരണ്ടിയെടുത്ത് അല്പം പച്ചകർപ്പൂരവും അഞ്ജനവും ചേർത്ത് കണ്ണെഴുതാൻ പാകത്തിന് കുഴമ്പാക്കുക. ദിവസവും ഇതിൽനിന്ന് ആവശ്യത്തിന് എടുത്ത് രാവിലെ കണ്ണെഴുതുകയും ചെയ്യാം
പെണ്‍കുട്ടികൾക്ക്, ജനിച്ച് 28 ദിവസം തികയുമ്പോൾ കണ്ണിൽ കരിമഷി എഴുതുന്ന ചടങ്ങുണ്ട്. എന്റെ മകളുടെ 28 ന് കണ്മഷി വാങ്ങാൻ വിചാരിച്ചപ്പോഴാണ് ഈ സംഭവം വീട്ടിൽ തന്നെയുണ്ടാക്കാം എന്നറിഞ്ഞത്. പണ്ടൊക്കെ കണ്മഷി വീട്ടിൽ തന്നെയാണത്രേ ഉണ്ടാക്കിയിരുന്നത്.എന്നാൽ പിന്നെ ഈ നിർമ്മിതി ഒന്ന് പരീക്ഷിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.
സംഭവം വളരെ ലളിതമാണ് , എല്ലാം പ്രകൃതി ദത്തം.വീടിന്റെ മുറ്റത്തോ തൊടിയിലോ കാണുന്ന പൂവാങ്കുരുന്നിലയാണ് ആകെ വേണ്ടുന്നതായ സാധനം. നിത്യവും മുറ്റത്ത് കാണുന്നദശപുഷ്പ ഗണത്തിൽപെട്ട ഈ ചെടി കണ്മഷി ഉണ്ടാക്കാൻഉപയോഗിക്കും എന്നറിഞ്ഞത് ഇപ്പോഴാണ് .
ആദ്യം പൂവങ്കുരുന്നിലയുടെ ഇലകൾ ശേഖരിച്ച് വൃത്തിയായി കഴുകിയെടുക്കുക. എന്നിട്ട് ഇലകൾ ഇടിച്ചു പിഴിഞ്ഞ് ഒരു പാത്രത്തിലേക്ക് ചാറെടുക്കണം, ഇത് കുറച്ചധികം വേണ്ടി വരും. വിളക്കിലെ തിരിയുണ്ടാക്കാൻ ഉപയോഗിക്കുന്ന നല്ല വൃത്തിയുള്ള കൊട്ടൻ തുണി മുറിച്ചെടുത്തു പൂവാങ്കുരുന്നിലയുടെ ചാറിൽ മുക്കി നനച്ച ശേഷം തണലത്ത് ഇട്ട് ഉണക്കണം.
തുണി നന്നായി ഉണങ്ങിയ ശേഷം വീണ്ടും പൂവങ്കുരുന്നില-ചാറിൽ നനച്ച് വീണ്ടും തണലത്തിട്ട് ഉണക്കണം. ഇപ്രകാരം 7 തവണ ആവർത്തിക്കുക.ഇപ്പോൾ ഔഷധ ഗുണമുള്ള പൂവാങ്കുരുന്നിലയുടെ ചാറ് നല്ലപോലെ തുണിയിൽ ആയിട്ടുണ്ടാകും.
ഇനിയീ തുണി വിളക്കിലിടാനുള്ള തിരിയായി തെറുത്തെടുക്കണം.ഒരു നിലവിളക്കിൽ നല്ലെണ്ണ ഒഴിച്ച് ഈ തിരിയിട്ട് കത്തിക്കാൻ പാകത്തിന് ഒരുക്കി വയ്ക്കുക. ഇനി വേണ്ടത് ഒരു പുത്തൻ മണ്‍പാത്രം.
നിലവിള ക്കിലെ തിരി കത്തിച്ച ശേഷം പുക ഉയരുന്ന ഭാഗത്തായി മണ്‍പാത്രം കമിഴ്ത്തി വയ്ക്കണം. വിളക്കിൽ നിന്നുതിരുന്ന പുകമണ്‍പാത്രത്തിൽ കരിയായി വന്നടിയും . ആവശ്യമായ ആത്രയും കരി മണ്‍പാത്രത്തിൽ ആയാൽ തിരിയണയ്ക്കാം.
മണ്‍പാത്രത്തിലെ പാട പോലെയുള്ള കരി ഒരു ഓലക്കീറുകൊണ്ട് അടർത്തിയെടുക്കുക. ഈ കരി ഒരു പാത്രത്തിലിട്ട് രണ്ടോ മൂന്നോ തുള്ളി നല്ലെണ്ണ ഒഴിച്ച് ഈർക്കിൽ കൊണ്ട് നന്നായി ചാലിക്കുക.
കണ്മഷി തയ്യാർ. ഒരു ഒഴിഞ്ഞ കണ്മഷിക്കൂടിലേക്ക് ചാലിച്ച കണ്മഷി പകർത്തി ആവശ്യാനുസരണം ഉപയോഗിക്കാം.
താല്പര്യമെങ്കിൽ നിങ്ങൾക്കും ഇത് പരീക്ഷിക്കാവുന്നതെയുള്ളൂ.ആവശ്യമായ സാധനങ്ങൾ:1. പൂവാങ്കുരുന്നിലയുടെ ഇല2. തിരിത്തുണി 3. നല്ലെണ്ണ 4. നിലവിളക്ക് 5. മണ്‍പാത്രം
No comments:
Post a Comment