ആയുര്‍വേദ പരിചരണം സുഖപ്രസവത്തിന് സഹായിക്കും ഭക്ഷണക്രമത്തിലും ജീവിതരീതിയിലും ഗര്‍ഭിണികള്‍ ശ്രദ്ധിക്കണമെന്ന് മാത്രം
സുഖപ്രസവത്തിനും ആരോഗ്യമുള്ള കുഞ്ഞിനുമായി ജീവിതരീതി ക്രമപ്പെടുത്തണം. സ്‌ത്രീയും പുരുഷനും അതിനായി ഒരുങ്ങണം. ശുദ്ധമായ പുരുഷ ബീജവും അണ്ഡവും സംയോജിക്കുമ്പോഴാണ് ചൈതന്യമുള്ള കുഞ്ഞ് ജന്മമെടുക്കുന്നത്. ആദ്യ സമാഗമം മുതല്‍ അതിനായി തയാറെടുക്കണം. സ്‌ത്രീ ഋതുമതിയാകുന്നതു മുതല്‍ ആഹാരകാര്യത്തിലും ജീവിതരീതിയിലും കരുതല്‍ ആവശ്യമാണ്. ഇത് ഭാവിയില്‍ ആരോഗ്യകരമായ അണ്ഡോത്‌പാദനത്തിന് സഹായിക്കും.
പുരുഷന്‍ കൂടുതല്‍ ഉഴുന്ന് ചേര്‍ന്നുള്ള ആഹാരങ്ങളും സ്‌ത്രീ നല്ലെണ്ണ ചേര്‍ന്നുള്ള ആഹാരത്തിനും പ്രാധാന്യം കൊടുക്കണം. മത്സ്യം, എള്ള് തുടങ്ങിയ രക്‌തധാതു പോഷകമായ ആഹാരങ്ങള്‍ അണ്ഡോത്‌പാദനത്തിന് ഫലപ്രദമാണ്. പുരുഷന്‍ ശുക്ലത്തിലെ ബീജാണുക്കള്‍ ആരോഗ്യകരമാക്കാന്‍ സൗമ്യമായ ആഹാരങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കണം.സല്‍സന്താന ലബ്‌ധിക്കായി ആദ്യ സമാഗമം മുതല്‍ ആയുര്‍വേദം ചില ചിട്ടകള്‍ നിര്‍ദേശിക്കുന്നുണ്ട്. ആര്‍ത്തവം കഴിഞ്ഞ് നാലാമത്തെ ദിവസം സ്‌ത്രീയും പുരുഷനും ശുദ്ധിയോടെ കുളിച്ച് ഭര്‍ത്താവിനുതുല്യമായ കുഞ്ഞിനെ കിട്ടണമെന്ന് സ്‌ത്രീ പ്രാര്‍ഥിച്ച് ഇടതുകാല്‍ വച്ച് സമാഗമത്തിനായി കട്ടിലില്‍ കയറണം. അതുപോലെ ഗ്രീഷ്‌മ കാലത്ത് സംഗമം 15 ദിവസത്തില്‍ ഒരിക്കല്‍ മാത്രമേ പാടുള്ളൂ. മഴക്കാലത്ത് രണ്ടോ മൂന്നോ ദിവസത്തില്‍ ഒരിക്കലുമാകാം
ആഗ്രഹിക്കുന്ന കുഞ്ഞിനെ ലഭിക്കാന്‍
കണ്‍മണിക്കായി ആഗ്രഹിക്കുമ്പോള്‍തന്നെ ആണ്‍- പെണ്‍ സാധ്യത തീരുമാനിക്കാന്‍ കഴിയുമെന്ന് ആയുര്‍വേദ ശാസ്‌ത്രം പറയുന്നു. ആണ്‍ കുഞ്ഞിനെ ലഭിക്കാന്‍ ആര്‍ത്തവശേഷം നാല്, ആറ്, എട്ട് ഇങ്ങനെയുള്ള ഇരട്ട ദിവസങ്ങളിലും പെണ്‍കുട്ടിയെ ലഭിക്കാന്‍ ഒന്ന്, മൂന്ന്, അഞ്ച് എന്നിങ്ങനെ ഒറ്റ ദിവസങ്ങളിലും സംയോഗത്തില്‍ ഏര്‍പ്പെടണം. ഗര്‍ഭധാരണം സംഭവിച്ച് ആദ്യമാസം പുരുഷപ്രജയോ സ്‌ത്രീ പ്രജയോ ഉണ്ടാകുന്നതിനുള്ള പുംസവനകര്‍മ്മം ആഗ്രഹമനുസരിച്ച് ചെയ്യാമെന്ന് ആചാര്യന്‍ പറയുന്നു. നല്ല ഭാവി തലമുറയെ വാര്‍ത്തെടുക്കാന്‍ ശാരീരികവും മാനസികവുമായ പരിചരണങ്ങള്‍ ആയുര്‍വേദം നിര്‍ദേശിക്കുന്നുണ്ട്. ആരോഗ്യകരമായ ഗര്‍ഭക്കാലത്തിനൊപ്പം ആരോഗ്യവും ബുദ്ധിയും സൗന്ദര്യവുമുള്ള കുഞ്ഞു പിറക്കാന്‍ ചിട്ടയായ ആയുര്‍വേദ ചര്യകള്‍ സഹായിക്കും.
ആദ്യമാസങ്ങള്‍ കരുതലിന്റേത്
മാതൃത്വത്തിന്റെ വാത്സല്യവും കരുതലും ഗര്‍ഭിണിയാണെന്ന് തിരിച്ചറിയപ്പെടുന്ന നിമിഷം മുതല്‍ സ്‌ത്രീയില്‍ പ്രകടമായിരിക്കും. ഗര്‍ഭകാലത്തിന്റെ ആദ്യമാസങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. കുഞ്ഞ് വളര്‍ച്ചയുടെ ഓരോ പടവുകളും കയറുന്ന ഘട്ടം. ആ സമയത്ത് അമിതമായ ലൈംഗികബന്ധം, അമിത വ്യായാമം, കട്ടിയുള്ള സ്‌ഥലങ്ങളില്‍ ഇരിക്കുക, കട്ടിയുള്ള പുതപ്പ് പുതയ്‌ക്കുക, അമിതമായി കരയുക, ദേഷ്യപ്പെടുക തുടങ്ങി ശരീരത്തിന് ആയാസം ഉണ്ടാക്കുന്ന പ്രവര്‍ത്തികള്‍ അമ്മ ഒഴിവാക്കണം. ഉപവാസം, എരിവു കൂടുതലുള്ള ആഹാരം ഇവയും ഉപേക്ഷിക്കുക.
ഈ സമയത്ത് ചുവന്ന വസ്‌ത്രം ഗര്‍ഭിണികള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്. കാരണം പ്രകൃതിയിലുള്ള ഹാനികരമായ കിരണങ്ങള്‍ പെട്ടെന്ന് വലിച്ചെടുക്കാന്‍ ചുവന്ന നിറത്തിന് കഴിയും. ഇത് കുഞ്ഞിന് ജനിതക പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ കാരണമാകാം. അതുപോലെ കിടക്കുമ്പോഴും ഗര്‍ഭിണി വളരെയധികം ശ്രദ്ധിക്കണം. മലര്‍ന്നു കിടന്ന് ഉറങ്ങുന്നത് ആരോഗ്യകരമല്ല. ഛര്‍ദിപ്പിക്കുന്ന ചികിത്സ, വയറിളക്കുന്ന ചികിത്സ, വസ്‌തി എന്നിവ എട്ടാമാസംവരെ ഒഴിവാക്കണം. ആദ്യത്തെ മൂന്ന് മാസങ്ങളില്‍ തണുത്തതും മധുരമുള്ളതും ദ്രവരൂപത്തിലുള്ളതുമായ ആഹാരത്തിന് പ്രാധാന്യം കൊടുക്കണം. ഈ സമയത്ത് ഛര്‍ദിയുള്ളതുകൊണ്ടാണ് കട്ടിയുള്ള ആഹാരത്തിനു പകരമായി ദ്രവരൂപത്തിലുള്ള ആഹാരത്തിന് പ്രാധാന്യം കൊടുക്കണമെന്ന് പറയുന്നത്.
മൂന്നാം മാസത്തില്‍ ഞവരയരി പാച്ചോറ് ഉണ്ടാക്കി കഴിക്കുന്നതു നല്ലതാണ്. ആദ്യത്തെ മാസം ഭ്രൂണം ബോള്‍ പോലെയും രണ്ടാമാസത്തില്‍ പിണ്ഡ രൂപത്തിലും മൂന്നാം മാസത്തില്‍ പഞ്ച പിണ്ഡ അവസ്‌ഥയിലുമെത്തുന്നു. അഞ്ച് അവയവങ്ങളും രൂപം പ്രാപിക്കുന്നതാണ് പഞ്ചപിണ്ഡ അവസ്‌ഥ. കുഞ്ഞിന് സുഖ ദുഃഖ ബോധം ഉണ്ടാകുന്നതും ഈ മാസത്തിലാണ്. അതിനാല്‍ ആ സമയത്ത് പോഷക സമൃദ്ധമായ ഞവരയരി പാല്‍ ചേര്‍ത്ത് ഗര്‍ഭിണി കഴിക്കണം.
മനംപിരട്ടല്‍, ഛര്‍ദി തുടങ്ങിയവ ആദ്യത്തെ മൂന്നു മാസത്തില്‍ സാധാരണമാണ്. ഇവയ്‌ക്കൊന്നും പ്രത്യേകിച്ചു മരുന്നുകള്‍ ചെയ്യേണ്ട കാര്യമില്ല. കുറഞ്ഞതോതില്‍ പല തവണകളായി ഭക്ഷണം കഴിക്കുന്നത് ഛര്‍ദി കുറയാന്‍ സഹായിക്കും ഇഞ്ചിയും മലരും ചേര്‍ത്ത് വെള്ളം തിളപ്പിച്ച് കല്‍ക്കട്ടമിട്ട് കുടിക്കുന്നതും ഛര്‍ദി കുറയ്‌ക്കും. മാതളപ്പഴം പോലുള്ള മധുരവും പുളിയുമുള്ള പഴങ്ങള്‍ കഴിക്കുന്നതും ഫലപ്രദമാണ്.
നാലാം മാസം
നാലാം മാസത്തില്‍ അമ്മയുടെ പരിചരണത്തിന് വളരെ പ്രാധാന്യമുണ്ട്. രണ്ട് കൈയും രണ്ടു കാലും തലയും ഭ്രൂണത്തില്‍ വ്യക്‌തമാകുന്നത് നാലാം മാസത്തിലാണ്. ഹൃദയ സ്‌പന്ദനം ആദ്യമാസങ്ങളിലേ പ്രകടമാകാമെങ്കിലും ഹൃദത്തിന്റെ രൂപഘടന വ്യക്‌തമാകുന്നത് ഈ മാസത്തിലാണ്. അവയവങ്ങള്‍ രൂപപ്പെട്ടു തുടങ്ങുന്നതോടെ കുഞ്ഞിന്റെ അനക്കം അമ്മ അറിയാന്‍ തുടങ്ങുന്നു.
നാലാം മാസത്തില്‍ തൈര്,പാല്‍, വെണ്ണ ഇവ ചേര്‍ത്തുള്ള ആഹാരത്തിന് പ്രാധാന്യം കൊടുക്കണം. രൂപം, ശബ്‌ദം, സ്‌പര്‍ശം എന്നീ ചേതനകളെല്ലാം ലഭിക്കുമ്പോള്‍ കുഞ്ഞ് അമ്മയിലൂടെ ആഗ്രഹങ്ങള്‍ പ്രകടിപ്പിക്കും. അതായത് നാലാമാസം മുതല്‍ അമ്മ പല ആഗ്രഹങ്ങളും ഇഷ്‌ടങ്ങളും പ്രകടിപ്പിക്കുന്നത് അമ്മയുടേതല്ല കുഞ്ഞിന്റേതാണ്. ആയുര്‍വേദം ഇതിനെ ദൗഹൃദയമെന്നു പറയുന്നു. അതിനാല്‍ അമ്മയുടെ ആഗ്രഹങ്ങള്‍ ഈ സമയത്ത് പരമാവധി സാധിച്ചു കൊടുക്കുക. അല്ലെങ്കില്‍ അത് കുഞ്ഞിന്റെ ഇന്ദ്രിയങ്ങളെ ബാധിക്കും.
കുറുന്തോട്ടി കഷായം, പാല്‍ക്കഷായം ഇവയും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ഈ സമയത്ത് കൊടുക്കണം. ഗര്‍ഭിണിതന്നെ ധന്വന്തരം തൈലം പോലുള്ളവ ശരീരത്തു തേച്ചു പിടിപ്പിക്കുക. ചൂടുള്ള സമയത്ത് പിണ്ഡതൈലവും നടുവേദനയുള്ളവര്‍ക്ക് സഹജരാതിതൈലവും ഉപയോഗിക്കാം. തൈലം തേച്ചു പിടിപ്പിച്ച് അലപനേരത്തിനു ശേഷം ചൂടുവെള്ളത്തില്‍ വേണം കുളിക്കാന്‍.
അഞ്ചാം മാസം
പാല്‍, നെയ്യ് ഇവ ചേര്‍ത്ത ആഹാരത്തിന് മുന്‍ഗണന കൊടുക്കണം. അഞ്ചാം മാസത്തിലാണ് കുഞ്ഞിന്റെ മനസിന് ഉണര്‍വ് കിട്ടുന്നത്. അതിനാല്‍ പാല്‍, നെയ്യ് ഇവയടങ്ങിയ വിഭവങ്ങള്‍ അമ്മ കഴിക്കുന്നത് കുഞ്ഞിന്റെ മസ്‌തിഷ്‌കത്തെ ഉത്തേജിപ്പിക്കുന്നു.
ആറാം മാസം
ആറ് കുഞ്ഞിന്റെ ബോധതലം ഉണരുന്ന മാസമാണ്. ബുദ്ധിശക്‌തിയുള്ള കുഞ്ഞിനുള്ള പരിചരണങ്ങള്‍ നല്‍കേണ്ട സമയം. ബുദ്ധിശക്‌തിക്കു ഉണര്‍വു നല്‍കുന്ന നെയ്യാണ് ഈ മാസത്തില്‍ ഏറ്റവും പ്രധാനം. ഈ സമയത്ത് ഞെരിഞ്ഞില്‍ കഷായംവച്ച് നെയ്യ് ചേര്‍ത്ത് കൊടുക്കണമെന്നാണ് ശുശ്രുതാചാര്യന്‍ പറയുന്നത്.ഗര്‍ഭിണി പകല്‍ ഉറങ്ങരുത്. എന്നാല്‍ രാത്രി ഉറക്കമളയ്‌ക്കാനും പാടില്ല. പകല്‍ ഉറങ്ങുന്നത് ശരീരത്തില്‍ കഫാംശം വര്‍ധിപ്പിക്കും. ശാസംമുട്ടല്‍, പ്രമേഹം തുടങ്ങിയ അസുഖങ്ങള്‍ ഉണ്ടാകാന്‍ ഇത് കാരണമാകാറുണ്ട്. രാത്രി ഉറങ്ങാതിരിക്കുന്നത് വായു കോപത്തിനിടയാക്കാം. ശരീരവേദന, തലവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.
ഏഴാം മാസം
ഏഴാം മാസമാകുന്നതോടെ കുഞ്ഞിന്റെ എല്ലാ അവയവങ്ങളും വ്യക്‌തമാകുന്നു. കുഞ്ഞിന് തലമുടിയും നഖവും വന്നു തുടങ്ങും. ആയുര്‍വേദ ശാസ്‌ത്രം പറയുന്നത് സ്‌ത്രീകള്‍ക്ക് ഈ സമയത്ത് വയറില്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നത് ഇതിന്റെ ലക്ഷണമാകാമെന്നാണ്. ത്രിഫലചൂര്‍ണ ലേപനം ചൂടുവെള്ളത്തിലോ തേങ്ങോ പാലിലോ കുഴച്ച് വയറില്‍ ഇടുന്നത് ചൊറിച്ചിലിന് ശമനം നല്‍കും. ലേപനം പുരട്ടി ഉണങ്ങുന്നതുവരെ ഇടുക. പിന്നീട് നാല്‌പാമരം ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ കഴുകിക്കളയണം.
എട്ടാം മാസം
എല്ലാ ഗുണങ്ങളും രോഗ പ്രതിരോധശേഷിയും അമ്മയില്‍നിന്നു കുഞ്ഞിലേക്കു കൈമാറ്റം ചെയ്യപ്പെടുന്ന മാസമാണിത്. അതിനാല്‍ എട്ടാംമാസത്തിലെ ജനനം കുഞ്ഞിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. കുഞ്ഞിന്റെ എല്ലാ അവയവങ്ങളും വളര്‍ന്നു കഴിയുന്നതിനാല്‍ എട്ടാം മാസം കഴിഞ്ഞാല്‍ ഏത് സമയത്തും കുഞ്ഞിന്റെ പുറത്തേക്കുള്ള വരവ് പ്രതീക്ഷിക്കാം. അവയവ വളര്‍ച്ച പൂര്‍ത്തിയാകുന്നതിനാല്‍ എട്ടാം മാസം മുതല്‍ കുഞ്ഞിന്റെ ശരീരപുഷ്‌ടിക്ക് ഓരിലവേര് പാല്‍കഷായം വച്ച് കൊടുക്കണം. നെയ്യും വെണ്ണയും ഈ സമയത്ത് ഒഴിവാക്കാന്‍ പാടില്ല. മഹാധന്വന്തരംപോലുള്ള ഗുളികകള്‍ ഗര്‍ഭകാലത്തിന്റെ ആരംഭം മുതല്‍ കഴിക്കാന്‍ നിര്‍ദേശിക്കാറുണ്ട്. നെയ്യ് ചേര്‍ത്തതോ മുരിങ്ങിയില, ഉലുവ ഇവ ഇട്ടതോ ആയ കഞ്ഞി പ്രസവശേഷം മുലപാല്‍ വര്‍ധിക്കുന്നതിനുള്ള ഒറ്റമൂലിയാണ്. മെഡിക്കേറ്റഡ് എനിമ, ക്ഷീരവസ്‌തികള്‍ എന്നിവ വിദഗ്‌ധരുടെ നിര്‍ദേശപ്രകാരം ചെയ്യുന്നത് ഗര്‍ഭാശയത്തിന് ഉണര്‍വ് നല്‍കി പ്രസവം സുഖകരമാക്കാന്‍ സഹായിക്കും. ഇതെല്ലാം ആശുപത്രിയില്‍ പോയി ചെയ്യണം.
ഒമ്പതാം മാസം
ഭര്‍ത്താവും ബന്ധുക്കളും അവളെ കൂടുതല്‍ കരുതലോടെ പരിചരിക്കേണ്ട സമയമാണിത്. ഒരു രാജകുമാരിയെപ്പോലെ കൊണ്ടു നടുക്കുയും വേണം. പ്രസവത്തിനായി മാനസികമായി തയാറാകാന്‍ ഇത് അവള്‍ക്ക് കരുത്തേകും. ധന്വന്തരം തൈലം, ബലാതൈലം എന്നിവ അടിവയറ്റിലും യോനിഭാഗത്തും നനച്ചിടുന്നത് പ്രസവവേദന കുറയ്‌ക്കാന്‍ സഹായിക്കും. തൈലം പുരട്ടിയശേഷം ആവണിക്കില, കരിമഷിയില ഇവയിട്ട് തിപ്പിച്ച വെള്ളത്തില്‍ നടുവിന് ആവി പിടിക്കാവുന്നതാണ്. അരക്കെട്ടിലെ എല്ലുകള്‍ക്ക് അയവ് കിട്ടാന്‍ ഇത് സഹായിക്കും. അവസാന മാസങ്ങളില്‍ അണുബാധയ്‌ക്കുള്ള സാധ്യത കൂടുതലായതിനാല്‍ ലൈംഗികബന്ധം ഒഴിവാക്കുക. ആ സമയത്ത് ഉണ്ടാകുന്ന അണുബാധകള്‍ അമ്മയേയും കുഞ്ഞിനേയും ഒരുപോലെ ബാധിക്കാം.
ഉത്തമഗുണങ്ങളെല്ലാം ഒത്തിണങ്ങിയ കുഞ്ഞിനെ മോഹിക്കുമ്പോള്‍ അമ്മയിലും ഈ ഗുണങ്ങളെല്ലാം സംഷിപ്‌തമായിരിക്കണം. അതിനാല്‍ ഗര്‍ഭിണികള്‍ നല്ല കാര്യങ്ങള്‍ കേള്‍ക്കുകയും നല്ല കാര്യങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുക.
വിവരങ്ങള്‍ക്ക് കടപ്പാട് :
No comments:
Post a Comment