മഴക്കാലത്ത് ചിട്ടയായ ആരോഗ്യപരിചരണം ഡോ.റീന രമേഷ്
ഇടവപ്പാതിയുടെ വരവായി. ഇടമുറിയാതെ പെയ്യുന്ന മഴ ചിലപ്പോള്‍ രോഗങ്ങളുമായിട്ടാവും എത്തുക. മഴക്കാല രോഗങ്ങളെ അകറ്റിനിര്‍ത്താനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ആയുര്‍വേദത്തില്‍ ഒട്ടേറെ മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്. ആയുരാരോഗ്യത്തെ വര്‍ധിപ്പിക്കുന്ന, പാര്‍ശ്വഫലങ്ങളുണ്ടാക്കാത്ത പ്രതിരോധ മാര്‍ഗങ്ങള്‍.
ഭക്ഷണത്തില്‍ തേനും നെയ്യും
മഴക്കാലത്ത് ദഹനപ്രക്രിയ മെല്ലെയാകുന്നു. ത്രിദോഷങ്ങളുടെ തോതില്‍ ഏറ്റക്കുറച്ചിലുകള്‍ വരുമ്പോള്‍ ശരീരത്തില്‍ അസുഖങ്ങള്‍ പ്രത്യക്ഷപ്പെടാനും സാധ്യതയേറെയുള്ള സമയം. ത്രിദോഷങ്ങളിലെഏറ്റക്കുറച്ചിലുകള്‍ ക്രമീകരിച്ച് ദഹനപ്രക്രിയ സാധാരണ നിലയില്‍ത്തന്നെ തുടര്‍ന്നുകൊണ്ട് പോകാനാണ് മഴക്കാലത്ത് ശ്രദ്ധിക്കേണ്ടത്.
തേന്‍, ത്രിഫല, മോര്, ചെറുപയര്‍ എന്നിവ വര്‍ഷകാലത്ത് ഏതു ശരീരപ്രകൃതക്കാര്‍ക്കും ഇണങ്ങുന്നതാണ്. തേന്‍ ദഹനത്തെ കൂട്ടുന്നു, കണ്ണിന് ഹിതമാണ്, വിഷഹരമാണ്, സ്വരം നന്നാക്കുന്നു, ചര്‍മ്മരോഗങ്ങളെ അകറ്റുന്നു, രക്തശുദ്ധി വരുത്തുന്നു, കൃമികളെ നശിപ്പിക്കുന്നു, ഛര്‍ദ്ദി, ചുമ, ശ്വാസംമുട്ടല്‍, വയറിളക്കം എന്നിവയെ ശമിപ്പിക്കുന്നു, മുറിവുകളെ ശുദ്ധി ചെയ്യുന്നു, സുഖകരമായ ഉറക്കവും നല്‍കുന്നു.ഭക്ഷണത്തില്‍ നെയ്യ് ഉള്‍പ്പെടുത്തിയാല്‍ ശരീരപുഷ്ടിക്കൊപ്പം ബുദ്ധിശക്തിയും വര്‍ധിക്കും. മറ്റേതൊരു മരുന്നിനേക്കാളും എളുപ്പത്തില്‍ ഇത് തലച്ചോറിനെ ഉദ്ദീപിപ്പിക്കും. കുട്ടികളിലാണ് നെയ്യ് കൂടുതല്‍ ഗുണം ചെയ്യുക. പ്രായം ചെന്നവര്‍ കഴിക്കുമ്പോള്‍ കൊളസ്‌ട്രോള്‍ നില മനസ്സിലാക്കി അതിനനുസരിച്ചു മാത്രമേ കഴിക്കാവൂ. ആസ്ത്മ രോഗികള്‍ വൈദ്യനിര്‍ദേശപ്രകാരം നെയ്യ് ശീലിക്കുന്നത് നല്ലതാണ്.മഴക്കാലത്ത് ചുക്ക്, ജീരകം എന്നിവയിട്ട് 20 മിനിറ്റ് തിളപ്പിച്ച വെള്ളം കുടിക്കണം. ഉപ്പ്, പുളി, എരുവ് പോലുള്ള തീക്ഷ്ണരുചികള്‍ അല്പമായെങ്കിലും ഉപയോഗിക്കാം. പക്ഷേ, ഇത് അധികമാകുന്നത് മുടികൊഴിച്ചില്‍, അകാലനര, രക്തദുഷ്ടി, രക്തവാദം പോലുള്ള അസുഖങ്ങള്‍ക്ക് ഇടയാക്കും.
ഉരുളക്കിഴങ്ങ്, കപ്പ, പപ്പായ, കായ പോലുള്ള ജലാംശം കുറഞ്ഞ പച്ചക്കറികളാണ് മഴക്കാലത്ത് നല്ലത്. പഴങ്ങളില്‍ ഉണക്കമുന്തിരി, ഈന്തപ്പഴം തുടങ്ങിയ വരണ്ട പഴങ്ങള്‍ കൂടുതലായി കഴിക്കാം. ധാന്യങ്ങളില്‍ ഗോതമ്പ്, മൈദ, റവ എന്നിവ ശരീരത്തിലെ അനാവശ്യജലാംശത്തെ ഊറ്റിക്കളയുന്നവയാണ്. പയറുവര്‍ഗത്തില്‍ മുതിര, വന്‍പയര്‍ എന്നിവകൊണ്ട് പുഴുക്ക് വെച്ച് കഴിക്കുന്നതും നല്ലതാണ്. മുരിങ്ങയില, ചീരയില പോലുള്ള ഇലക്കറികള്‍ കഴിക്കുന്നത് സുഖകരമായ ശോധനയ്ക്ക് സഹായിക്കും. പക്ഷേ പറിച്ചെടുക്കുന്ന ഇല ശുദ്ധമായ വെള്ളത്തില്‍ നന്നായി കഴുകി മാത്രമേ ഉപയോഗിക്കാവൂ.
കോഴിയിറച്ചി, കോഴിമുട്ട, മത്സ്യം എന്നിവ മഴക്കാലത്ത് കഴിക്കാം. എങ്കിലും ദഹനം സുഖകരമാക്കാന്‍ മാംസം സൂപ്പുവെച്ച് കഴിക്കുന്നതാണ് ഉചിതം. സസ്യാഹാരംമാത്രം കഴിക്കുന്നവര്‍ ചെറുപയര്‍, കാരറ്റ്, ബീന്‍സ് സൂപ്പുകള്‍ കഴിക്കാം.
ശരീരത്തിന് കൂടുതല്‍ ഊര്‍ജം വേണ്ട കാലം കൂടിയാണ് മഴക്കാലം. പാല്‍, പാലുല്പന്നങ്ങള്‍, പഞ്ചസാര, എണ്ണക്ക് പകരം നെയ്യ് എന്നിവ ഭക്ഷണത്തിന്റെ ഭാഗമാക്കണം. ഉലുവക്കഞ്ഞി നിത്യേന കഴിക്കുന്നത് വാതരോഗികള്‍ക്ക് സന്ധിവേദന, നടുവേദന എന്നിവ ഒഴിവാക്കാന്‍ സഹായിക്കും.
മഴക്കാലത്ത് വെളുത്തുള്ളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും. കൃമി, ശ്വാസതടസ്സം, ചുമ, ചര്‍മരോഗങ്ങള്‍ എന്നിവയ്ക്കും പ്രധാന മരുന്നാണിത്. തലമുടിയുടെ ആരോഗ്യത്തിനും വെളുത്തുള്ളി നന്ന്. ചെറുപയര്‍ രസം, കുരുമുളക് രസം എന്നിവ കഴിക്കുന്നത് ദഹനത്തെ സഹായിക്കും.
വര്‍ഷകാലത്ത് കുഞ്ഞിന്റെ ഭക്ഷണകാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. അവരുടെ നിത്യാഹാരത്തില്‍ ഉഴുന്ന്, മഞ്ഞള്‍, ചെറുപയര്‍, നെയ്യ് ഇവ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. കുഞ്ഞിന് അരിയാഹാരം കൊടുക്കുമ്പോള്‍ മഞ്ഞളിട്ടു കാച്ചിയ മോരുകൂട്ടി കൊടുക്കുന്നതാണ് നല്ലത്. രക്തശുദ്ധീകരണത്തിന് ഏറ്റവും നല്ല ആന്റി ഓക്‌സിഡന്റാണ് മഞ്ഞള്‍. റാഗി വേവിച്ചുടച്ച് വെള്ളം ചേര്‍ത്ത് സൂപ്പായും നല്‍കാം. ഒന്നര വയസ്സുവരെയുള്ള കുട്ടികള്‍ക്ക് മുലപ്പാല്‍ നല്‍കുന്നത് രോഗപ്രതിരോധശേഷി കൂട്ടും.
വെള്ളം ശുദ്ധമാക്കണം
വര്‍ഷക്കാലത്ത് ജലശുദ്ധിതന്നെയാണ് പ്രധാനം. കുളിക്കാനും കുടിക്കാനും നല്ല വെള്ളം ഉപയോഗിച്ചാല്‍തന്നെ 90 ശതമാനം രോഗങ്ങളും അകന്നുനില്‍ക്കും.
മഴക്കാലത്ത് ദാഹം കുറയുകയും വിശപ്പ് ഏറുകയും ചെയ്യുന്നു. ദഹനം കുറവായതിനാല്‍ വയറില്‍ രോഗസാധ്യത വര്‍ഷക്കാലത്ത് കൂടുതലാണ്. ദാഹമുണ്ടെങ്കിലും ഇല്ലെങ്കിലും ദിവസം ആറു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.
ആദ്യത്തെ നാലഞ്ചു മഴയ്ക്കു ശേഷമുള്ള മഴവെള്ളമാണ് ശ്രേഷ്ഠം എന്ന് ആയുര്‍വേദം. കുടിക്കാനുള്ള വെള്ളം തിളപ്പിച്ചാറ്റി വൃത്തിയായി സൂക്ഷിക്കാം.
ഫ്രിഡ്ജില്‍ തണുപ്പിച്ചവെള്ളം കുടിക്കരുത്. ത്വക്കിനും ശ്വാസകോശത്തിനും തകരാറുണ്ടെങ്കില്‍ അത് കൂട്ടാന്‍ ശീതീകരിച്ച വെള്ളം ഇടയാക്കും. ദഹനപ്രക്രിയയെ ബാധിക്കുകയും ചെയ്യാം. വാതം അധികരിക്കുന്ന കാലമായതിനാല്‍ സന്ധിരോഗങ്ങളെ വര്‍ധിപ്പിക്കുന്നതിനും ശീതികരിച്ച വെള്ളം കാരണമാകും.
ചുക്ക് ഇട്ടു തിളപ്പിച്ച വെള്ളം മഴക്കാലത്ത് പൊതുവെ നല്ലതാണ്. ശ്വാസകോശശുദ്ധിക്കും ദഹനം സുഖമമാക്കാനും ഇത് സഹായിക്കും. കൊത്തമല്ലിയിട്ട് തിളപ്പിച്ച വെള്ളം രക്തദോഷം, മൂത്രമൊഴിക്കുമ്പോള്‍ ഉണ്ടാകുന്ന പുകച്ചില്‍ എന്നിവ തടയും.
തലേന്ന് കിണറ്റില്‍നിന്ന് കോരിവെച്ച വെള്ളം പിറ്റേന്ന് ഉപയോഗിക്കരുത്. മഴക്കാലത്ത് അണുബാധയ്ക്ക് സാധ്യത കൂടും. അന്നന്നത്തെ ആവശ്യത്തിനുള്ള വെള്ളം അന്നുതന്നെ കോരിയെടുക്കാം. കഞ്ഞിവെള്ളം അല്പം ഉപ്പിട്ട് ഇടയ്ക്കിടെ കുഞ്ഞുങ്ങള്‍ക്ക് കുടിക്കാന്‍ കൊടുക്കുന്നത് നല്ലതാണ്. വയറിളക്കം മൂലം നിര്‍ജ്ജലീകരണം വരുകയാണെങ്കില്‍ ഇളനീര്‍വെള്ളം ഏറ്റവും ഗുണപ്രദമാണ്.
മലിനീകരണം പ്രശ്‌നം
മഴക്കാലത്ത് അന്തരീക്ഷ മലിനീകരണം കൂടും. ഇത് രക്തദൂഷ്യരോഗങ്ങള്‍ക്കും പകര്‍ച്ചവ്യാധികള്‍ക്കും ഇടയാക്കും. വീടിന്റെ പരിസരം മലിന വിമുക്തമാക്കാന്‍ ആയുര്‍വേദം പറയുന്ന ചില ചിട്ടകള്‍ ഉണ്ട്.
ആര്യവേപ്പ് മരം അന്തരീക്ഷത്തെ ശുദ്ധീകരിക്കും. ഈ മഴക്കാലത്ത് ഒരു വേപ്പ് തൈ എങ്കിലും വീട്ടിനടുത്ത് വെച്ചുപിടിപ്പിക്കുക. എത്രത്തോളം വേപ്പ് വെച്ചുപിടിപ്പിക്കുന്നുവോ അത്രത്തോളം അന്തരീക്ഷം ശുദ്ധീകരിക്കപ്പെടും. അന്തരീക്ഷമലിനീകരണത്തെ ചെറുക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് പേരാല്‍ വച്ചുപിടിപ്പിക്കുന്നത്. പക്ഷേ, ഇതിന് സ്ഥലം ഏറെ വേണ്ടിവരും. വീടിനു ചുറ്റും തുളസി വെച്ചുപിടിപ്പിച്ചാല്‍ മലേറിയ, വൈറല്‍ ഫീവര്‍ ഇവ അകറ്റാം. വീടിനടുത്ത് മലിനജലം കെട്ടിനില്‍ക്കാന്‍ ഇടയാക്കരുത്. പ്ലാസ്റ്റിക് ഉള്‍പ്പെടേയുള്ള മാലിന്യങ്ങള്‍ വീട്ടിനോട് ചേര്‍ന്ന് കൂട്ടിയിടുകയുമരുത്.
ഗുല്‍ഗുലു, വേപ്പില, വയമ്പ്, കൊട്ടം, കടുക്ക, യവം, കടുക്, നെയ്യ് ഇവ തീക്കണലിട്ട് പുകയേല്‍പ്പിച്ചാല്‍ വീട്ടിനകത്ത് ഈര്‍പ്പം കുറയാനും കൊതുകുശല്യം അകലാനും സഹായിക്കും. ഗുല്‍ഗുലു, നാന്‍മുകപ്പുല്ല്, വയമ്പ്, വെള്ളിലം, വേപ്പില, എരുക്കില, അകില്‍, ദേവദാരം സമം കനലിലിട്ട് പുകയേല്പിക്കുന്നതും നല്ലതാണ്.
സ്ത്രീ രോഗങ്ങള്‍
മഴക്കാലമെന്നോ വേനല്‍ക്കാലമെന്നോ വ്യത്യാസമില്ലാതെ സ്ത്രീകളില്‍ കാണുന്ന അസുഖമാണ് വെള്ളപോക്ക്. ഇതിന് പരിഹാരമുണ്ട്. ശതാവരിഗുളം ദിവസവും ഒരു ടീസ്പൂണ്‍ കഴിക്കുക. രാവിലെ വെറുംവയറ്റിലും രാത്രി ഭക്ഷണശേഷവും എരിവ്, പുളി, അച്ചാര്‍, മസാലകള്‍ എന്നിവ കഴിവതും ഒഴിവാക്കുകയും വേണം.
ആറുമാസത്തെ കൊടുംചൂടിനുശേഷം കാലവര്‍ഷം എത്തുന്ന ഇടവപ്പാതിയില്‍ ശരീരം ദുര്‍ബലമായിരിക്കും. രോഗപ്രതിരോധ ശേഷിയും താരതമ്യേന കുറയും. ഈ അവസ്ഥയില്‍ ലൈംഗികബന്ധം അധികമായാല്‍ ശരീരം ക്ഷീണിക്കും. ശാരീരികോര്‍ജം നഷ്ടമാവുകയും ചെയ്യും.അതുകൊണ്ട് 'കാലവിപരീതം' സംഭവിക്കുന്ന ജൂണ്‍ മാസത്തില്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മാത്രം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ് നല്ലത്. മഴക്കാലത്തോട് ശരീരം പൊരുത്തപ്പെട്ട് കഴിയുമ്പോള്‍ ഇതിന്റെ എണ്ണം കൂട്ടാം. ഒപ്പം പുരുഷന്മാര്‍ ശുക്ലവര്‍ധകമായ മരുന്നുകള്‍ കഴിക്കുന്നത് നല്ലതാണ്. ഒരു ഗ്ലാസ് എരുമപ്പാലില്‍ അമുക്കരം, ശതാവരി, നിലപ്പനക്കിഴങ്ങ് എന്നിവ അഞ്ചു ഗ്രാം ചേര്‍ത്ത് ദിവസവും രാത്രി കിടക്കാന്‍ നേരത്ത് കഴിക്കുക. നെയ്യ് കൂട്ടി ഊണുകഴിക്കുന്നതും നന്നായിരിക്കും. അല്ലെങ്കില്‍ അശ്വഗന്ധാദിലേഹ്യം, ശതാവരി ഗുളം, നാരസിംഹരസായനം, നായ്ക്കുരുണപരിപ്പ് എന്നിവയിലൊന്ന് രാത്രി ഒരു ടീസ്പൂണ്‍ കഴിച്ചശേഷം ഒരു ഗ്ലാസ് പാല്‍ കുടിക്കുക. സ്ത്രീകള്‍ക്ക് ലൈംഗികക്ഷീണം മാറ്റാന്‍ ശതാവരിക്കിഴങ്ങ് ചതച്ചുപിഴിഞ്ഞ നീര് സമം എരുമപ്പാല്‍ ചേര്‍ത്ത് കഴിക്കാം. എന്നാല്‍, രക്തസമ്മര്‍ദം, പ്രമേഹം എന്നീ അസുഖമുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമേ മരുന്നുകള്‍ കഴിക്കാവൂ. ബാലാശ്വഗന്ധാദിതൈലം ദിവസേന ശരീരത്തില്‍ തേച്ചു കുളിക്കുന്നതും ഇരുകൂട്ടര്‍ക്കും നല്ലതാണ്.
ഹൃദ്രോഗികള്‍ക്ക് പ്രത്യേക പരിചരണം
മഴക്കാലത്ത് ഹൃദ്രോഗത്തിന് സാധ്യത കൂടുതലാണ്. ഹൃദ്രോഗമരണങ്ങള്‍ കൂടുതല്‍ നടക്കുന്നതും ഇക്കാലത്തുതന്നെ. തണുപ്പും വാതകോപവും രക്തയോട്ടത്തെ തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ട്. അതു കാരണമാവാം ഹൃദ്രോഗസാധ്യത കൂടുന്നത്. ഹൃദ്രോഗികള്‍ മഴക്കാലത്ത് ദശമൂലകഷായം നിത്യവും കഴിക്കുന്നത് നല്ലതാണ്. രക്തപ്രവാഹം സാധാരണ ഗതിയിലാക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഓരില, മൂവില, ചെറു വഴുതിന, വെണ്‍ വഴുതിന അല്ലെങ്കില്‍ ചെറൂള, പലകപ്പയ്യാന, പൂപാതിരി, കുമിഴ്, കൂവളം എന്നിവയുടെ വേരും ഞെരിങ്ങിന്‍ കായയും ഉണക്കിപ്പൊടിച്ചത്, പതിനഞ്ച് ഗ്രാം എടുത്ത് കിഴികെട്ടി 100 മില്ലി പാലില്‍ 400 മില്ലി വെള്ളം ചേര്‍ത്ത് അതില്‍ ഇട്ട് വെക്കുക. ഇത് തിളപ്പിച്ച് വറ്റിച്ച് 100 മില്ലി ആക്കുക. കിഴി എടുത്തുകളഞ്ഞശേഷം പാല്‍ പഞ്ചസാര ചേര്‍ത്ത് കഴിക്കാം. നീര്‍മരുതിന്റെ തൊലി, കുറുന്തോട്ടിവേര്, ഇരട്ടിമധുരം ഇവയിലൊന്ന് ഇട്ട് പാല്‍കാച്ചി പഞ്ചസാര ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്. പ്രമേഹ രോഗികള്‍ പഞ്ചസാര ചേര്‍ക്കരുത്.
സുഖചികിത്സയുടെ കാലം
മഴക്കാലം ആയുര്‍വേദത്തില്‍ സുഖചികിത്സയുടെ കാലംകൂടിയാണ്. വേനല്‍ക്കാലത്ത് ശരീരത്തിന്റെ ബലം കുറയും. മഴക്കാലത്ത് ഈ ബലം തിരിച്ചുപിടിക്കണം. അതിനാണ് സുഖചികിത്സ. മഴക്കാലത്ത് ദോഷങ്ങളെ ശരീരത്തില്‍നിന്നും കളയാനും എളുപ്പമാണ്.
മഴക്കാലം വാതരോഗങ്ങള്‍ കൂടുന്ന സമയമാണ്. വാതത്തിന്റെ പ്രധാനപ്പെട്ട സ്ഥാനമാണ് ചര്‍മം. മഴക്കാലത്ത് ശരീരമാകെ എണ്ണ പുതപ്പിച്ച്, തിരുമ്മി, കുളിക്കുന്നത് വേനലില്‍ നഷ്ടമായ ഊര്‍ജം തിരിച്ചുകിട്ടാന്‍ സഹായിക്കും. വീട്ടില്‍ സ്വയം ചെയ്യാവുന്നതും ചെലവ് കുറഞ്ഞതുമായ സുഖചികിത്സയാണ് താഴെ പറയുന്നത്.
പ്രത്യേകിച്ച് രോഗങ്ങള്‍ ഒന്നും ഇല്ലാത്തവരാണെങ്കില്‍ നല്ലെണ്ണ ചെറുതായി ചൂടാക്കി ദേഹത്ത് തടവിയാല്‍ മതി. രോഗമുള്ളവര്‍ക്ക് അതനുസരിച്ച് ഡോക്ടര്‍ നിര്‍ദേശിക്കുന്ന എണ്ണയോ കുഴമ്പോ ആണ് വേണ്ടത്.
ചുട്ടുപുകച്ചിലും പുറംവേദനയും ഉള്ളപ്പോള്‍ സ്ത്രീകള്‍ക്ക് പിണ്ഡതൈലമാണ് നല്ലത്. വേദന മാത്രമാണെങ്കില്‍ ധാന്വന്തരം കുഴമ്പ് ഉപയോഗിക്കാം. കുട്ടികള്‍ക്ക് ലാക്ഷാദിതൈലം, ബലാശഗന്ധാദിതൈലം എന്നിവ ആവാം.
എണ്ണ ദേഹത്ത് പുരട്ടി അരമണിക്കൂര്‍ തടവണം. താഴേക്കും മുകളിലേക്കുമാണ് തടവേണ്ടത്. എന്നിട്ട് കുളിക്കാം. തലയില്‍ പച്ച വെള്ളം തന്നെ ഉപയോഗിക്കണം. ചൂടുവെള്ളം തലയില്‍ ഒഴിച്ച് കുളിച്ചാല്‍ കണ്ണിനും മുടിക്കും ദോഷം ചെയ്യും.
എണ്ണ കഴുകിക്കളയാന്‍ സോപ്പ് ഉപയോഗിക്കരുത്. മുതിരപ്പൊടി, ചെറുപയറുപൊടി, വാഗപ്പൊടി ഇവയിലേതെങ്കിലുമൊന്ന് ഉപയോഗിക്കാം. 10 മുതല്‍ 25 ദിവസം ഈ രീതിയിലുള്ള ഉഴിച്ചില്‍ ചെയ്യണം. വാതരോഗം, നടുവേദന, മുട്ടുവേദന, സന്ധിവേദന എന്നിവയക്ക് ഉഴിച്ചില്‍ ആശ്വാസമേകും. ധാന്വന്തരം നൂറ്റൊന്ന് ആവര്‍ത്തിച്ചത്, ക്ഷീരബലം നൂറ്റൊന്ന് ആവര്‍ത്തിച്ചത് എന്നിവ കഴിക്കുന്നതും നല്ലതാണ്.
ശരീരതാപനില നിലനിര്‍ത്താന്‍ മഴക്കാലത്ത് അല്പം മദ്യം കഴിക്കുന്നതില്‍ തെറ്റില്ലെന്ന് പൊതുവെ ധാരണയുണ്ട്. ഇത് ശരിയല്ല. മദ്യം ശരീരത്തെ നിര്‍ജ്ജലീകരിക്കും. ആയുര്‍വേദം നിര്‍ദേശിക്കുന്ന അരിഷ്ടവും ആസവങ്ങളും ശരീരത്തിന് ചൂട് നല്‍കുന്നവയാണ്. മഴക്കാലത്ത് നിത്യവും ദശാമൂലാരിഷ്ടം, അശ്വഗന്ധാരിഷ്ടം എന്നിവ കഴിക്കാം. കുട്ടികള്‍ക്ക് ബാലാമൃതം കൊടുക്കാം.
വ്യായാമവും വിശ്രമവും
മഴക്കാലത്ത് ചിട്ടയായ വ്യായാമം ആവശ്യമാണ്. വേനലില്‍ നഷ്ടമായ ശരീരബലം ആര്‍ജിക്കേണ്ട കാലമാണിത്. ഭക്ഷണത്തിനും മരുന്നിനുമൊപ്പം വ്യായാമവും ഇതിന് ആവശ്യമാണ്. മഴക്കാലത്ത് ശരീരത്തില്‍ രക്തയോട്ടം പതിവുപോലെ ആവില്ല. മിതമായി വ്യായാമം ചെയ്താല്‍ ഇതിനെ സാധാരണ നിലയിലെത്തിക്കാം. ഇത് ശരീരത്തിന് ഉണര്‍വ് നല്‍കും. യോഗ, ധ്യാനം, ബ്രീത്തിംഗ് വ്യായാമം, പ്രാണായാമം, എന്നിവയും ഗുണംചെയ്യും. എന്നാല്‍ ആസ്തമാ രോഗികള്‍, പ്രമേഹരോഗികള്‍, രക്തസമ്മര്‍ദ്ദമനുഭവപ്പെടുന്നവര്‍ എന്നിവര്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്ന വ്യായാമങ്ങളെ ചെയ്യാവൂ. മഴക്കാലത്തെ പകലുറക്കം ശരീരത്തെ മന്ദീഭവിപ്പിക്കും. പൊണ്ണത്തടി, അലസത എന്നിവയ്ക്ക് പകലുറക്കം കാരണമാവാറുണ്ട്. എന്നാല്‍, രാത്രി മിനിമം ആറു മണിക്കൂര്‍ ഉറക്കം നിര്‍ബന്ധമാണ്. നേരത്തെ ഉറങ്ങി നേരത്തെ ഉണരുന്ന രീതിയാണ് നല്ലത്.
മണ്ണില്‍ കളി വേണ്ട
മഴക്കാലത്ത് ചെരുപ്പിടാതെ മണ്ണില്‍ ചവിട്ടുന്നത് ചൊറിയും വളംകടിയും ഉണ്ടാക്കും. കുട്ടികളിലാണിത് കൂടുതല്‍ കാണുക. നല്പാമരാദി എണ്ണ തേച്ചു കുളിക്കുന്നത് ചൊറിയും ചിരങ്ങും വള്ളംകടിയും തടയും. ആര്യവേപ്പില പച്ചമഞ്ഞളും ചേര്‍ത്തരച്ച് അണുബാധയുള്ള ഭാഗത്ത് പുരട്ടി വരണ്ടുകഴിയുമ്പോള്‍ കഴുകിക്കളയാം. നിംബഹരിദ്രാദി ചൂര്‍ണം തിരുമ്മുന്നതും നല്ലതാണ്. കിംശുപത്രാദി എണ്ണ പുരട്ടുന്നതും അണുബാധ ശമിപ്പിക്കും. നനഞ്ഞ അടിവസ്ത്രം ധരിക്കുന്നത് തുടയിടുക്കില്‍ അണുബാധ ഉണ്ടാക്കും. നനഞ്ഞ തുണി ഉണക്കാനിട്ട മുറിയില്‍ കിടന്നുറങ്ങുന്നത് ജലദോഷം, കഫക്കെട്ട് എന്നിവയ്ക്ക് ഇടയാക്കും. മുറിയില്‍ ഈര്‍പ്പം നിറയുന്നതാണ് കാരണം.
ചര്‍മസംരക്ഷണം
മഴക്കാലത്ത് ചര്‍മസംരക്ഷണത്തിന് നല്ലെണ്ണ ദിവസവും തേച്ച് കുളിക്കുന്നത് നല്ലതാണ്. ദേഹത്തും തലയിലും എണ്ണ തേക്കുന്നത് ശരീരത്തില്‍ ചൂട് നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കും. കടലമാവ് പാലില്‍ കലക്കി കുഴമ്പുരൂപത്തില്‍ പുരട്ടിയാല്‍ മുഖത്തിന്റെ സ്വാഭാവികനിറം നിലനില്‍ക്കുന്നതിന് സഹായിക്കും. കാലില്‍ വിണ്ടുകീറുന്നത് തടയാന്‍ മഹാതിക്തകഘൃതം രണ്ടു ടീസ്പൂണ്‍ അത്താഴത്തിനുശേഷം കഴിക്കുക. ശതദൗധഘൃതം കാലില്‍ പുരട്ടുന്നതും നല്ലതാണ്. മഴക്കാലത്ത് സോപ്പ് ഒഴിവാക്കുക. പകരം കടലമാവോ ചെറുപയര്‍ പൊടിയോ വെള്ളത്തില്‍ കുഴച്ച് തേച്ചുകുളിക്കുക. കുളിക്കുമ്പോള്‍ പാച്ചോറ്റിത്തൊലി പൊടിച്ച് തേങ്ങാവെള്ളത്തില്‍ കുഴച്ച് മുഖത്ത് തേക്കുക. മുഖക്കുരു പോകും.
മുടി നനവ് വിടാതെ കെട്ടിവെക്കരുത്. തലയോട്ടിയില്‍ താരന്‍ വര്‍ധിക്കുന്ന കാലമാണ് മഴക്കാലം. ഫാനിന്റെ ഇളംകാറ്റേല്പിച്ച് മുടിയുണക്കുന്നത് നല്ലതാണ്. ദിവസവും കുളി കഴിഞ്ഞാല്‍ രാസ്‌നാദിപൊടി നെറുകെയില്‍ തിരുമ്മുന്നത് രോഗസാധ്യതകളെ തടയും. രാസ്‌നാദിപ്പൊടി ഇളംചൂട് വെള്ളത്തില്‍ കുഴമ്പാക്കി കലക്കി നെറ്റിയില്‍ പുരട്ടിയാലും മതി.
മഴക്കാലത്ത് ചുണ്ടിലെ തൊലി അടര്‍ന്നുപോകുന്ന അവസ്ഥ ചിലരില്‍ കാണാറുണ്ട്. ദിവസവും കുളി കഴിഞ്ഞശേഷം അല്പം വെണ്ണ പുരട്ടുന്നത് ചുണ്ടിന് മിനുസം നല്‍കും. വായ്പ്പുണ്ണിന് ത്രിഫലപൊടി ഒരു ടിസ്പൂണ്‍ 100 മില്ലീലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് ചൂടു പാകമായല്‍ പകുതിയെടുത്ത് പത്തുമിനുട്ട് കവിള്‍കൊള്ളുക. ബാക്കി പകുതി രണ്ടാമതും കവിള്‍കൊള്ളാം. ദിവസവും രണ്ടുനേരം ഇങ്ങനെ ചെയ്താല്‍ വായ്പ്പുണ്ണ് മാറും. മുഖത്തും കൈകാലുകളിലും രോമം വളരുന്നതാണ് ചില പെണ്‍കുട്ടികളുടെ പ്രശ്‌നം. കസ്തൂരിമഞ്ഞള്‍ തിളച്ച വെള്ളം തളിച്ചരച്ച് അരമണിക്കൂറിനുശേഷം കഴുകിക്കളയാം. ദിവസവും ഇത് ആവര്‍ത്തിച്ചാല്‍ ആഴ്ചകള്‍ക്കകം ഇത് മാറിക്കിട്ടും.
കണ്ണുകളുടെ ആരോഗ്യം
നീരിറക്കം, അണുബാധ എന്നിവ മഴക്കാലത്ത് കണ്ണുകളെ ബാധിക്കാറുണ്ട്. കണ്ണിന്റെ അഴകിനും ആരോഗ്യത്തിനും മഴക്കാലത്ത് നിത്യവും ക ണ്ണെഴുത്ത് ശീലമാക്കണം. പെണ്‍കുട്ടികള്‍ക്കുമാത്രമല്ല ആണുങ്ങള്‍ക്കും കണ്ണെഴുതാം. കണ്ണെഴുതിയാല്‍ കാഴ്ചയുടെ സൂക്ഷ്മശക്തി കൂടും. കണ്ണിന് തിളക്കവും നിറവും കിട്ടും. കരിമഷികൊണ്ടുള്ള കണ്ണെഴുത്താണ് നല്ലത്. ദിവസവും രാവിലെയാണ് കണ്ണെഴുതേണ്ടത്. രാത്രി കണ്ണെഴുതുന്നത് ഉറക്കക്കുറവ് ഉണ്ടാക്കാം.
ഔഷധഗുണമുള്ള കണ്‍മഷി വീട്ടില്‍ത്തന്നെ ഉണ്ടാക്കാം. പുതിയ ഈരിഴതോര്‍ത്ത് കഷണങ്ങളാക്കി തിരിതെരച്ചുവെക്കുക. പൂവ്വാംകുറുന്നില നീര്, ചെറുനാരങ്ങനീര് എന്നിവ ചേര്‍ത്തതില്‍ ഈ തിരികള്‍ പലതവണ മുക്കി തണലില്‍ ഉണക്കിയെടുക്കുക. ഒരു ചിരാതില്‍ അല്പം തൃഫല പൊടിയിട്ട് മൂപ്പിക്കുക. ഇതിലേക്ക് എള്ളെണ്ണ ഒഴിച്ച് കലക്കുക. ഉണക്കിയെടുത്ത തിരി ഇതില്‍ മുക്കിവെച്ച് കത്തിക്കുക. ഇത് ഒരു പുതിയ മണ്‍കലം കൊണ്ട് മൂടിവെക്കുക. തിരികത്തിയതിന്റെ കരി കലത്തിന്റെ ഉള്‍ഭാഗത്ത് പിടിക്കും. ഇത് ചുരണ്ടിയെടുത്ത് അല്പം പച്ചകര്‍പ്പൂരവും അഞ്ജനവും ചേര്‍ത്ത് കണ്ണെഴുതാന്‍ പാകത്തിന് കുഴമ്പാക്കുക. ദിവസവും ഇതില്‍നിന്ന് ആവശ്യത്തിന് എടുത്ത് രാവിലെ കണ്ണെഴുതുകയും ചെയ്യാം.
ചികിത്സ വീട്ടില്‍
പനി -അമൃതാരിഷ്ടം, അഗ്നികുമാരരസം ഗുളിക എന്നിവ കഴിക്കാം. അമൃതാരിഷ്ടം ഒരു ഔണ്‍സ് വീതം മൂന്നുനേരം. കുട്ടികള്‍ക്ക് അര ഔണ്‍സ് വീതം രണ്ട് നേരം.
ജലദോഷം - ശീതജ്വരാരി ഗുളിക. രണ്ടെണ്ണം വീതം മൂന്നുനേരം. കുട്ടികള്‍ക്ക് ഒരു ഗുളിക വീതം മതി.
ചുമ, ശ്വാസംമുട്ടല്‍ - ആടലോടകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്ത് പലവട്ടം കഴിക്കുക. ഇഞ്ചിനീരില്‍ സമം തേന്‍ ചേര്‍ത്ത് പലവട്ടം സേവിക്കുക. ഒരു പിടി തുളസിയില, രണ്ടുമണി കുരുമുളക് എന്നിവ രണ്ട് ഗ്ലാസ് വെള്ളത്തില്‍ തിളപ്പിച്ച് അര ഗ്ലാസാക്കി വറ്റിച്ച് അരിച്ചശേഷം ഇന്ദുപ്പ്, തേന്‍ എന്നിവ ചേര്‍ത്ത് പലവട്ടം കഴിക്കുക. മുതിര വേവിച്ച വെള്ളം അല്പം കുരുമുളക് ചേര്‍ത്ത് കഴിച്ചാല്‍ ശ്വാസംമുട്ടല്‍, മൂക്കടപ്പ്, ചുമ എന്നിവ ശമിക്കും. വ്യോഷാദിവടകം കഴിക്കുന്നത് ജലദോഷം, ചുമ എന്നിവക്ക് പുറമെ രുചിക്കുറവ്, ദഹനക്കേട് എന്നിവയും ശമിപ്പിക്കും. മുതിര വേവിച്ചവെള്ളം അല്പം കുരുമുളക് ചേര്‍ത്ത് കഴിച്ചാല്‍ മൂക്കടപ്പ്, ചുമ എന്നിവ മാറും. കുട്ടികള്‍ക്ക് അല്പം മുത്തങ്ങാപ്പൊടി അല്ലെങ്കില്‍ ചുക്കുപൊടി പാലില്‍ കലക്കിക്കൊടുത്താല്‍ കഫക്കെട്ട് തടയാം.
ഛര്‍ദ്ദി, വയറിളക്കം, പനി - വില്ല്വാദി ഗുളിക പൊടിച്ച് തേനില്‍ ചാലിച്ച് കഴിക്കാം. ഛര്‍ദ്ദി, വയറിളക്കം കാരണം ഉണ്ടാകുന്ന ക്ഷീണമകറ്റാന്‍ മലര്‍കഞ്ഞി നല്ലതാണ്. കഞ്ഞിവെള്ളത്തില്‍ ഉപ്പിട്ട് കഴിക്കുന്നത് നിര്‍ജ്ജലീകരണം തടയും. ഒരു ലിറ്റര്‍ തിളപ്പിച്ചാറിയ വെള്ളത്തില്‍ എട്ട് ടീസ്പൂണ്‍ പഞ്ചസാര ഒരു ടീസ്പൂണ്‍ ഉപ്പ് ചേര്‍ത്ത് പലവട്ടമായി കഴിക്കുന്നതും നിര്‍ജ്ജലീകരണം തടയും.
കണ്ണില്‍ അണുബാധ - അണുബാധ വരാതിരിക്കാന്‍ ദിവസവും കണ്ണെഴുതുന്നത് നല്ലതാണ്. അണുബാധ വന്നാല്‍ പുളിയില മഞ്ഞള്‍ ഇട്ട് വെള്ളം തിളപ്പിച്ച് ആവി കൊള്ളാം. നേത്രമൃതം ഒറ്റിക്കുന്നതും നന്ന്.
ദഹനക്കേട് - ദഹനം കൂട്ടാന്‍ ചുക്ക്, ഇരട്ടി ശര്‍ക്കര കൂട്ടി കഴിക്കുക. മഴക്കാലത്ത് നിത്യവും മുസ്താരിഷ്ടവും പിപ്പില്ല്യാസവും സമാസമം ചേര്‍ത്ത് ഒരു ഔണ്‍സ് വീതം രണ്ടുനേരം കഴിക്കുക.
ചുക്ക് മുക്കുടി
മഴക്കാലത്ത് ദഹനക്കേട് ഒഴിവാക്കാന്‍ കാച്ചിയ മോരുകൂട്ടിയുള്ള ഊണ് ശീലമാക്കാം. ആയുര്‍വ്വേദവിധിപ്രകാരം മോര് കാച്ചുന്ന വിധം ചുവടെ. ഇങ്ങനെ കാച്ചിയ മോരിന് 'ചുക്ക് മുക്കുടി' എന്നാണ് ആയുര്‍വേദത്തില്‍ പറയുക.ചുക്ക് ഒരു വലിയ കഷണംമഞ്ഞള്‍പൊടി ഒരുനുള്ള്മോര് 100 മില്ലിവെള്ളം 100 മില്ലിഉപ്പ് ആവശ്യത്തിന്കറിവേപ്പില രണ്ട് അല്ലി
തയ്യാറാക്കുന്നവിധം: ചുക്ക് ചൂടുള്ള കനലില്‍ ചുട്ടെടുക്കുക. ഇത് മോര് ചേര്‍ത്ത് അരക്കുക. ഈ അരപ്പ് 100 മില്ലി മോരില്‍ കലക്കി 100 മില്ലി വെള്ളവും ചേര്‍ത്ത്, ഉപ്പ്, കറിവേപ്പില, മഞ്ഞള്‍പൊടി എന്നിവയും ഇട്ട് തിളപ്പിക്കുക. പകുതി വറ്റും വരെ തിളക്കണം.
പനിക്ക് ചുക്കുകാപ്പി
പുതുമഴ നനഞ്ഞാല്‍ കുളിരും അസ്വസ്ഥതയും ഉണ്ടാവുക സ്വാഭാവികം. ഈ പനിയകറ്റാന്‍ മരുന്നുകാപ്പി മതി. വീട്ടില്‍ പെട്ടെന്ന് ഉണ്ടാക്കാവുന്ന മരുന്നുകാപ്പി.ചക്കര (കരിപ്പെട്ടി) 250 ഗ്രാംചുക്ക് 25ഗ്രാംമല്ലി 25ഗ്രാംകുരുമുളക് 10 ഗ്രാംതുളസിയില 10 അല്ലിവെറ്റില ഒന്ന്
ചേരുവകളെല്ലാം നന്നായി ഇടിച്ച് യോജിപ്പിക്കുക. ഇത് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തിളപ്പിക്കുക. തിളയ്ക്കുമ്പോള്‍ കാപ്പിപ്പൊടി ചേര്‍ക്കുക. ഈ കാപ്പി ചെറുചൂടോടെ അരഗ്ലാസ് വീതം മൂന്നോ നാലോ നേരം കുടിക്കുക. പനി ഭേദപ്പെടും
No comments:
Post a Comment