വാതരോഗങ്ങള്‍ അല്ലെങ്കില്‍ സന്ധിരോഗങ്ങള്‍ പണ്ട് പ്രായം ആയവര്‍ക്ക് മാത്രം വരുന്ന ഒരു രോഗമായാണ് കരുതിയിരുന്നത്. എന്നാല്‍ ഇന്ന് ചെറുപ്പക്കാരുടെ ഇടയിലും ധാരാളമായി കണ്ടു വരുന്നു. ലോകത്തില്‍ 35 കോടിയിലധികം ജനങ്ങള്‍ ഈ രോഗത്താല്‍ കഷ്ട്ടപ്പെടുന്നു. ആസ്ത്മ, അല്ലര്‍ജി പോലെ ഇതും തണുപ്പ് കാലത്താണ് കൂടുന്നത്.
നമ്മുടെ പൈത്രികമായ ആയൂര്‍വേദ വൈദ്യശാസ്ത്രത്തിലെ മൂന്നു സംഷിപ്തരൂപങ്ങളില്‍ ആദ്യത്തെ വാക്കാണ് “വാതം”. വാതം, പിത്തം, കഫം ഈ മൂന്നു ദോഷങ്ങളാല്‍ ആയൂര്‍വേദം മനുഷ്യ പ്രകൃതിയെ തിരിച്ചിരിക്കുന്നു. അപ്പോള്‍ വാതത്തിന് അതിന്റേതായ പ്രാധാന്യം ആയൂര്‍വേദത്തില്‍ ഉണ്ട്. എന്നാല്‍ ഇത് മൂന്നിനെയും രോഗമായല്ല ആയൂര്‍വേദം വിവക്ഷിക്കുന്നത്. മനുഷ്യന്‍ ഈ മൂന്നു പ്രക്രിതിക്കാരനാണെന്നും, മനുഷ്യന് ഈ മൂന്നു പ്രകൃതിയുടെ അടിസ്ഥാനത്തില്‍ രോഗങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു എന്നാണു.
നമുക്ക് വാതത്തിന്റെ കാര്യമെടുക്കാം. വാതത്തിന് പണ്ട് നമ്മുടെ നാട്ടില്‍ ആയൂര്‍വേദം ആയിരുന്നു ഫലപ്രദമായ ചികിത്സ, കഠിനങ്ങള്‍ ആയ പഥ്യങ്ങള്‍, ചെലവ് കൂടിയ ചികിത്സകള്‍, ഇവയൊക്കെ പതിവായിരുന്നു. ഇന്നും അത് തുടരുന്നു. പക്ഷെ ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഈ പഥ്യങ്ങള്‍ സഹിക്കാമെങ്കിലും, അതിന്റെ പണച്ചിലവ് സഹിക്കാവുന്നതിലും അധികമാണ്. ഇങ്ങിനെ പല കാരണങ്ങള്‍ കൊണ്ട് സാധാരണക്കാരന്‍ വേറെ വഴികളും അന്യേഷിഷിച്ചുകൊണ്ടിരിന്നു. അങ്ങിനെയിരിക്കുമ്പോഴാണ് ആധുനിക വൈദ്യശാസ്ത്രത്തില്‍ അതിന്റെ സാധ്യതകളെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടന്നതും, ഇന്ന് കുറഞ്ഞ ചിലവില്‍ വാതരോഗങ്ങള്‍ക്ക് പരിഹാരം നേടാനായതും. വാതരോഗങ്ങള്‍ക്ക് ആധുനിക വൈദ്യശാസ്ത്രത്തില്‍ മരുന്നില്ലെന്നായിരിന്നു പണ്ടുള്ള ധാരണ. പണ്ട് അത് കുറച്ചൊക്കെ ശരിയായിരുന്നു. പക്ഷെ ഇന്നും പലരും ധരിച്ചിരിക്കുന്നത് അങ്ങിനെ തന്നെയാണ്. എന്നാല്‍ ഇന്ന് വളരെ ഫലപ്രദവും ചെലവ് കുറഞ്ഞതും ആയ ചികിത്സ ആധുനിക വൈദ്യ ശാസ്ത്രത്തില്‍ കിട്ടുന്നു. തളര്‍ന്നു കിടക്കുന്ന എത്രയോ കേസുകള്‍ നോര്‍മല്‍ ആയിത്തീരുന്നു. തുടക്കത്തിലെ വേണ്ട ചികിത്സ എടുക്കണമെന്ന് മാത്രം. സന്ധികള്‍ക്ക് വേദന രണ്ടോ മൂന്നോ ആഴ്ച തുടര്‍ച്ചയായി തോന്നിയാല്‍ ഉടന്‍ ഡോക്ടറിനെ കാണിക്കണം. പക്ഷെ ചിലരത് മാസങ്ങളോളം കൊണ്ട് നടക്കും. കുറച്ചു കഴിയുമ്പോള്‍ ആ വേദന ഇല്ലാതായെന്ന് വരാം. നീര്കെട്ടു, ഞരമ്പുകളെ ഞെരുക്കി ഞെരുക്കി അവസാനം ആ ഞരമ്പി (നാടിയുടെ) ന്റെ വേദന ഇല്ലാതായെന്ന് വരാം. കാരണം ഞരമ്പിന്റെ നിരന്ദരം ഉള്ള ഞെരുക്കള്‍ വഴി അതിന്റെ സംവേദനക്ഷമത നാഴിക്കുന്നതാണ് കാരണം. ഇത് പിന്നെ കൂടുതല്‍ പ്രശ്നം സൃഷ്ടിക്കും. അങ്ങിനെ അത് ഭേദമാക്കാന്‍ അലെങ്കില്‍ നിയന്ത്രിച്ചു നിര്‍ത്തി ആരോഗ്യപൂര്ണമായ ജീവിതം നയിക്കാന്‍ സാധിക്കും.
എന്താണ് വാതം (Arthritis )?
സന്ധികളിലെ നീര്കെട്ട് അല്ലെങ്കില്‍ സന്ധികളിലെ കോശജ്വലനം (inflammation ) ആണ് വാതം. ഒന്നില്‍ കൂടുതല്‍ സന്ധികളില്‍ നീര്കെട്ടും, വേദനയും, അനുബന്ധ അസ്വസ്ഥതകളും ആണിതിന്റെ പ്രത്യേകത.
നൂറില്‍പരം വാതരോഗങ്ങള്‍ ഉണ്ട്, എങ്കിലും സന്ധിവാതം, ആമവാതം, ലൂപസ്, ഗൌട്ട് ഇവയാണ് പ്രധാനപ്പെട്ടവ. പിന്നെ അതുമായി ബന്ധപെട്ട സന്ധി വേദനകളും.
സന്ധിവാതം (Osteoarthritis )
ഏറ്റവും കൂടുതല്‍ ആള്‍ക്കാരെ ബാധിക്കുന്ന രോഗമാണിത്. സന്ധികളില്‍ ഉണ്ടാകുന്ന നീര്കെട്ടും, വേദനയും ആണ് ഇതിന്റെ ലക്ഷണം ശരീരത്തിലെ ചെറുതും വലുതുമായ ഏതു സന്ധികളെയും ഇത് ബാധിക്കുന്നു. കൈമുട്ട്, കാല്‍മുട്ട്, കൈപ്പത്തി, കാല്‍പാദം, ഇടുപ്പ്, നട്ടെല്ല് ഇങ്ങിനെ എവിടെയും ബാധിക്കാം. നാല്പതു വയസ്സ് കഴിഞ്ഞവരിലും, വണ്ണമുള്ള, ശരീരഭാരം കൂടിയ ആള്‍ക്കാരിലും ആണിത് പൊതുവേ കാണുന്നതെങ്കിലും, മുപ്പതു മുപ്പത്തഞ്ചു വയസായവരിലും അപൂര്‍വമായി കാണുന്നു.
തണുപ്പ് കാലത്ത് കാല്‍മുട്ടിനോ, കൈമുട്ടിനോ വേറേതെങ്കിലും സന്ധികളിലോ വേദന, പിടുത്തം, സന്ധികളിലെ ചലനവള്ളികള്‍ (ligaments ) ക്ക് പിടിത്തം, രാത്രിയിലും, തണുപ്പുകാലത്തും വേദന കൂടുക, സന്ധികളില്‍ കുത്തുന്ന പോലെ വേദന തോന്നുക, കൈവിരലുകള്‍ക്ക് തരിപ്പ് തോന്നുക, ഇരിന്നെഴുനെല്‍ക്കുമ്പോള്‍ പിടിത്തം ഇവയൊക്കെ ലക്ഷണങ്ങള്‍ ആണ്. നീരും പ്രത്യക്ഷപെടാം. ഇതേ തുടര്‍ന്ന് പനിയും ഉണ്ടാകാം.
ആമവാതം (Rheumatoid Arthritis)
സ്വന്തം ശരീരത്തിന്റെ പ്രതിരോധസംവിധാനം തന്നെ ശരീരത്തിന് എതിരായി പ്രവര്‍ത്തിക്കുകയാണ് ആമവാതത്തില്‍ സംഭവിക്കുന്നത്. ചുരുക്കത്തില്‍ അലര്‍ജിയില്‍ ഉണ്ടാകുന്നത് പോലുള്ള മാറ്റമാണ് ഇവിടെയും ഉണ്ടാകുന്നത്. ഇതിനെ പൊതുവില്‍ ഓട്ടോ ഇമമ്യൂണ്‍ രോഗങ്ങള്‍ (autoimmune diseases ) എന്ന് പറയുന്നു. കേരളത്തില്‍ മൂന്നു ലക്ഷത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് ആമവാതം ഉണ്ട് എന്ന് കണക്കാക്കപെടുന്നു. ഇത് സാധാരണ ഇരുപതാമത്തെ വയസ്സില്‍ തുടങ്ങുന്നു, എങ്കിലും കുട്ടികള്‍ക്കും ഉണ്ടാകാം.
സന്ധികളിലെ ചര്മാവരണങ്ങളില്‍ നീര്കെട്ടു വന്നു തരുണാസ്ഥികളെയും സന്ധികളെയും ഒരുപോലെ ബാധിക്കുകയും, ഹൃദയം, വൃക്ക, കണ്ണിന്റെ നേത്രപടലങ്ങള്‍ ഇവയെ തകരാറിലാക്കുകയും ചെയ്യുന്നു. രക്തക്കുഴലുകളെ ബാധിച്ചു ഹൃദയത്തിന്റെ പ്രശ്നം കൂടുന്ന രക്തവാതത്തിലേക്കും ഇത് നയിക്കാം. ആഴ്ചകളോ മാസങ്ങളോ കൊണ്ട് ഇത് പുരോഗമിക്കുന്നു. കൈകാല്‍ മുട്ടുകള്‍, കണങ്കാല്‍, മണിബന്ധം, വിരലുകള്‍ ഇവയെ തുടക്കത്തില്‍ ബാധിക്കാം. ശരിയായ ചികിത്സ തുടക്കത്തിലെ ചെയ്തില്ലെങ്കില്‍ സന്ധികള്‍ ഉറച്ചു അനക്കാന്‍ പറ്റാതാകും.
ലൂപസ് (Lupus )
ഇതും സന്ധികളില്‍ വലിയ വേദന ഉണ്ടാക്കും. തൊലിപ്പുറമേയുള്ള ചുവന്നു തടിക്കല്‍, സൂര്യ പ്രകാശം അടിക്കുമ്പോള്‍ ചൊറിച്ചില്‍ (Photosensitivity ), ചുവന്നു തടിക്കല്‍ എന്നിവയുണ്ടാകാം. മുടി കൊഴിച്ചില്‍, കിഡ്നി പ്രശ്നങ്ങള്‍, ശ്വാസകോശത്തില്‍ ഫൈബ്രോസിസ് എന്നിവയും ഇതിന്റെ ലക്ഷണങ്ങള്‍ ആണ്.
ഗൌട്ട് (Gout )
ചില ആഹാരങ്ങള്‍, കിഡ്നി, ലിവര്‍, കൂണ്‍ ആല്‍കഹോള്‍ മുതലായവയുടെ അമിത ഉപയോഗം മൂലം യൂറിക് ആസിഡ് രക്തത്തില്‍ അടിഞ്ഞു കൂടി സന്ധികളില്‍ അതിന്റെ ക്രിസ്ടലുകള്‍ അടിഞ്ഞു കൂടി നീര്കെട്ടും, വേദനയും ഉണ്ടാക്കുന്നു. സന്ധികള്‍ രൂപവ്യത്യാസം വന്നു അനക്കാന്‍ വയ്യാതാകുന്നു. ഇതിനു ഗൌട്ട് എന്ന് പറയുന്നു. യൂറിക്കാസിടിന്റെ സ്ഥാനത്തു കാത്സ്യം ഫോസ്ഫേറ്റ് ആണെങ്കില്‍ സ്യൂഡോഗൌട്ട് എന്ന വാതം ആയിത്തീരുന്നു. പേശീ സങ്കോചം വഴി കൈ കാല്‍ വിരലുകളുടെ രൂപം മാറിയേക്കാം.
നടുവേദന (Backpain )
വളരെയേറെ ആളുകള്‍ക്ക് ഉണ്ടാകുന്ന രോഗമാണ് പുറം വേദന. നട്ടെല്ലിന്റെ കശേരുക്കള്‍ക്ക് സ്ഥാനമാറ്റം സംഭവിക്കുക, ഡിസ്കുകള്‍ തേയുക, തെന്നി മാറുക, കശേരുക്കള്‍ക്ക് പരിക്കുകള്‍, വിവിധ തരം വാത രോഗങ്ങള്‍ ഇവ മൂലം നടുവിന് വേദനയുണ്ടാകുന്നു. സന്ധിവാതം (osteoarthritis ) നട്ടെല്ലിനെയും ബാധിക്കാം, ഇത് ബാധിക്കുമ്പോള്‍ വേദനയുണ്ടാകും. ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും പോലും വേദനയുണ്ടാകം. ഇത് കാലുകളിലേക്ക് ബാധിച്ചു, കാലുകള്‍ക്ക് മരവിപ്പും വേദനയും ഉണ്ടാകാം. ഈ അവസ്ഥയെ സയാറ്റിക്ക (sciatica ) എന്ന് പറയുന്നു.
ഇന്നത്തെ ജീവിത ശൈലി, കൂടുതല്‍ നേരം ഇരുന്നുള്ള ജോലി ചെയ്യുന്നവര്‍, ഒട്ടും ജോലി ചെയ്യാതിരിക്കല്‍, കൂടുതല്‍ ഭാരം പൊക്കുന്ന ജോലി, അമിത വണ്ണം, മാനസിക സമ്മര്‍ദം, ഇവ കാരണമാകുന്നു പുകവലി, മദ്യപാനം ഇവയും നടുവേദന കൂടാന്‍ സാധ്യത ഉണ്ട്.
കമ്പ്യൂട്ടര്‍, ലാപ്ടോപ് ഇവ തുടര്‍ച്ചയായി ഉപയോഗിക്കുമ്പോള്‍, കഴുത്തിലെ കശേരുക്കള്‍ക്ക് സ്ഥാന മാറ്റം സംഭവിച്ചു സ്പോണ്ടിലോസിസ് ഉണ്ടാകാം. ഇത് നട്ടെല്ലുകളെയും ബാധിക്കാം.
ശരിയായ ഇരിപ്പ്, ശരിയായ കിടപ്പ്, കൂടുതല്‍ നേരം ഇരുന്നു ജോലിചെയ്യുന്നവര്‍ അതിനനുസരിച്ചുള്ള കസേര ഉപയോഗിക്കുക, കമ്പ്യൂട്ടര്‍ സ്ക്രീന്‍ കണ്ണിനു നേരെ വെയ്ക്കുക, കഴുത്തു കൂടുതല്‍ വളയാതെ ഇരിക്കാന്‍ നോക്കുക. ഭാരം പൊക്കുമ്പോള്‍ നെഞ്ചോട് ചേര്‍ത്തു നട്ടെല്ലിനു ആയാസം ഉണ്ടാകാതെ എടുക്കുക, ഇരുപതു കി മീ കൂടുതല്‍ ബൈക്ക് ഓടിക്കാതിരിക്കുക, നല്ല റോഡില്‍ മാത്രം ബൈക്കോ സ്കൂട്ടറോ ഓടിക്കുക, അര മണിക്കൂറില്‍ ഒരിക്കല്‍ എഴുനേറ്റു നടക്കുക ഇവയൊക്കെ ചെയ്‌താല്‍ നടുവേദന, പിടലി വേദന ഇവ വരാതെ സൂക്ഷിക്കാം.
വാതം – പൊതുവേയുള്ള ലക്ഷണങ്ങള്‍
1) സന്ധികളില്‍ വേദന, പ്രത്യേകിച്ച് രാത്രികാലങ്ങളിലും രാവിലെയും2) സന്ധികള്‍ക്ക് ചുറ്റും ചൂട്3) സന്ധികള്‍ ചലിപ്പിക്കാന്‍ പറ്റാതെ വരിക4) പിടിത്തം, മുറുക്കം5) നീര് കാണുക, തൊലി ചുമക്കുക6) ചര്‍മ്മം ചുവന്നു വരിക, പനി, വായ്ക്കു അരുചി
വാതം – പൊതുവേയുള്ള കാരണങ്ങള്‍
1) കഠിനാധ്വാനം, ഭാരം ചമക്കുന്ന ജോലി, വിശ്രമം ഇല്ലാത്ത ജോലി2) സന്ധികളിലെ നീര്കെട്ടു, തേയ്മാനം3) സന്ധികളിലെ പരിക്കുകള്‍, കായികാധ്വാനം കൂടുതലുള്ള കളികള്‍4) സിനോവിയല്‍ ദ്രാവകം കുറഞ്ഞു എല്ലുകള്‍ കൂട്ടിമുട്ടാന്‍ ഇടവരുക5) പാരമ്പര്യം, ഇതും ദ്വിതീയ കാരണമാകാം6) ശരീരത്തിന്റെ ഭാരം കൂടുക
പരിഹാര മാര്‍ഗങ്ങള്‍
1) മൊത്തം ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടത്തക്ക വണ്ണം വ്യായാമവും, ശരീരത്തിന്റെ പൊക്കത്തിനനുസരിച്ചു മാത്രം ഉള്ള ഭാരവും എന്നും നില നിര്‍ത്തുക.
2) ശരിയായ ചികിത്സ. അതിനു പരിചയം ഉള്ള Physiatrist ഡോക്ടര്‍മാരെ മാത്രം, അല്ലെങ്കില്‍ നല്ല ഇതര വൈദ്യന്മാരെ കാണുക.
3) അങ്ങിനെ ശരിയായ മരുന്നും, ഫിസിയോതെറാപ്പിയും ചെയ്യുക.
4) കാത്സ്യം, വൈറ്റമിന്‍ ഡി ഇവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.
5) വ്യായാമം നിര്‍ത്താതെ തുടരുക
ചുരുക്കം
ജോലിയോ വ്യായാമമോ ഇല്ലാതെ സുഖിച്ചുള്ള ജീവിതം നാല്‍പതു വയസ്സിനു മുമ്പ് തന്നെ പ്രശ്നം ഉണ്ടാക്കും. നാല്‍പതു വയസ്സ് കഴിഞ്ഞാല്‍ വ്യായാമമില്ലാത്ത എല്ലാ ആള്കാര്കാര്‍ക്കും, ജീവിത ശൈലീ രോഗങ്ങള്‍ വരും. അതുകൊണ്ട്, ജീവിത ശൈലീ രോഗങ്ങള്‍ വന്നാല്‍ അതനുസരിച്ച് ചിട്ടയായ ജീവിതം നയിക്കണം. പിന്നെ ഇങ്ങിനെയുള്ള രോഗം വന്നാല്‍ വ്യായാമത്തിന് പ്രാധാന്യം കൊടുക്കുകയും, അത് ചെയ്തു ശരീരം ആരോഗ്യത്തില്‍ നിര്‍ത്തണം എന്ന ഒരു നല്ല മനസ്സും ഉണ്ടാകണം. പ്രത്യേകിച്ച് സന്ധിരോഗങ്ങള്‍ക്ക് ഏറ്റവും പ്രാധാന്യം മരുന്നിനെക്കള്‍ വ്യായാമത്തിന് ആണ്.
No comments:
Post a Comment